മോഡിക്കെതിരെ 'ഗാന്ധി' ആപ്പ് സ്ഥാനാര്‍ഥിയാകും?
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആം ആദ്മി പാര്‍ട്ടി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനെ മത്സരിപ്പിക്കാന്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായ ഗോപാലകൃഷ്ണ ഗാന്ധി ആപ്പ് ടിക്കറ്റില്‍ മോഡിക്കെതിരെ മത്സരിച്ചേക്കുമെന്ന് ഇക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ആം ആദ്മി ടിക്കറ്റില്‍ മത്സരിക്കുന്നത് ഷാസിയ ഇല്‍മിയായിരിക്കും. പാര്‍ട്ടി ഫണ്ടിലേക്ക് അനധികൃതമായി സംഭാവന സ്വീകരിച്ചു എന്ന ആരോപണങ്ങളില്‍ ഇല്‍മി നേരത്തെ ഉള്‍പ്പെട്ടിരുന്നു. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ആര്‍ കെ പുരത്ത് നിന്നും തോറ്റു. ആം ആദ്മി പാര്‍ട്ടിയുടെ വനിതാ മുഖവും ടി വി താരവുമാണ് ഷാസിയ ഇല്‍മി.
പ്രമുഖ നേതാക്കള്‍ക്കെതിരെ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ശ്രദ്ധയാകര്‍ഷിക്കുക എന്നത് ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രമാണ്. രാഹുല്‍ ഗാന്ധിക്കെതിരെ അമേത്തിയില്‍ കുമാര്‍ വിശ്വാസിനെ ആപ്പ് പാര്‍ട്ടി പ്രഖ്യാപിച്ചതും ഇങ്ങനെയാണ്. ദില്ലി തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ മത്സരിച്ച് അരവിന്ദ് കെജ്രിവാള്‍ ജയിച്ചതും ഇങ്ങനെയായിരുന്നു.
എന്നാല്‍ നരേന്ദ്രമോഡിക്കെതിരെ മത്സരിക്കാന്‍ ഗോപാലകൃഷ്ണ ഗാന്ധി സമ്മതം മൂളിയിട്ടില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ അനുഭാവിയാണ് താനെന്ന് ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ചേരാനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഇല്ലെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. ഗാന്ധികുടുംബം എന്ന പേരില്‍ നെഹ്‌റു കുടുംബത്തിലെ അംഗങ്ങള്‍ രാജ്യം നിയന്ത്രിക്കുമ്പോഴാണ് യഥാര്‍ഥ ഗാന്ധി കുടുംബാംഗത്തെ തങ്ങളുടെ കൂട്ടത്തിലെത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടി ശ്രമം നടത്തുന്നത്.












Click it and Unblock the Notifications