ചെറിയ ജയിലില്‍ നിന്ന് വലിയ ജയിലിലേക്ക്; സുധാ ഭരദ്വാജ് പറയുന്നു
മുംബൈ: ഭീമ-കൊറേഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലായിരുന്നു ആക്ടിവിസ്റ്റും അഭിഭാഷകയുമായ സുധാ ഭരദ്വാജ് ജാമ്യം ലഭിച്ച ശേഷം മുംബൈയില്‍ പുതിയ ജീവിതം ആരംഭിക്കുകയാണ്. 60 കാരിയായ സുധാ ഭരദ്വാജ് മൂന്ന് വര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശേഷമാണ് പുറത്തെത്തുന്നത്. അതേസമയം വിചാരണ തീരുന്നത് വരെ അവര്‍ക്ക് മുംബൈ വിടാനോ കേസിനെക്കുറിച്ച് സംസാരിക്കാനോ അനുമതിയില്ല.
മുംബൈയില്‍ തന്നെ താമസിക്കണമെന്നും പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നുമാണ് പ്രത്യേക കോടതി സുധാ ഭരദ്വാജിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ചെറിയ ജയിലില്‍ നിന്നും വലിയ ജയിലിലേക്ക് എന്നാണ് ഇതിനോട് സുധ ഭരദ്വാജ് ബിബിസിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞത്. ഒരു ജോലിയും താമസിക്കാന്‍ തനിക്ക് പറ്റുന്ന വീടും ശരിയാക്കണമെന്ന് സുധ പറയുന്നു. അതുവരെ ഒരു സുഹൃത്തിനൊപ്പമാണ് താമസം.
മസാച്യുസെറ്റ്സില്‍ ജനിച്ച സുധ ഭരദ്വാജ്, മാതാപിതാക്കള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതിന് ശേഷം അമേരിക്കന്‍ പാസ്പോര്‍ട്ട് ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും ദരിദ്രരും ചൂഷണം ചെയ്യപ്പെടുന്നവരുമായ ഛത്തീസ്ഗഡില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ആക്ടിവിസ്റ്റും ട്രേഡ് യൂണിയനിസ്റ്റുമായി യുവ അഭിഭാഷകയായ സുധ ഭരദ്വാദ് പിന്നീട് മാറുകയായിരുന്നു.

കേസില്‍ 2018 ല്‍ അറസ്റ്റിലായതിന് ശേഷം അവരുടെ ഫോണും ലാപ്ടോപ്പുകളും ചില സിഡികളും നഷ്ടമായി. സുധ ഭരദ്വാജിന് മൂന്ന് തവണ ജാമ്യം നിഷേധിക്കപ്പെടുകയും രണ്ട് ജയിലുകളില്‍ കഴിയേണ്ടിയും വന്നു. ആ സമയത്തിന്റെ പകുതിയും അവര്‍ ചെലവഴിച്ചത് പൂനെയിലെ അതീവ സുരക്ഷയുള്ള യേര്‍വാഡ സെന്‍ട്രല്‍ ജയിലിലായിരുന്നു. ഒരു കാലത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കായി നീക്കിവച്ചിരുന്ന സെല്ലുകളുടെ ഒരു ബ്ലോക്കിലായിരുന്നു സുധയെ പാര്‍പ്പിച്ചിരുന്നത്.
യേര്‍വാഡയില്‍ നിന്ന് മുംബൈയിലെ ബൈകുല്ല ജയിലിലേക്കാണ് സുധ ഭരദ്വാജിനെ പിന്നീട് മാറ്റിയത്. വിചാരണ തടവുകാരുടെ തിരക്ക് കാരണം 35 പേര്‍ താമസിക്കേണ്ട ആ ജയിലില്‍ 75 അന്തേവാസികളാണുണ്ടായിരുന്നത്. അവര്‍ പരസ്പരം തറയില്‍ ഒരു പായയില്‍ കിടന്നുറങ്ങി. ഓരോരുത്തര്‍ക്കും ഒരു ശവപ്പെട്ടിയുടെ വലിപ്പമുള്ള സ്ഥലമാണ് അനുവദിച്ചിരുന്നതെന്ന് സുധ ഭരദ്വാജ് പറയുന്നു.
അവിടെ എല്ലാത്തിനും ക്യൂ ആയിരുന്നു. ഭക്ഷണത്തിനും ടോയ്‌ലറ്റിനുമെല്ലാം. തിരക്കുകള്‍ പലപ്പോഴും വഴക്കുകളുടെ വക്കോളമെത്തിയിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് രണ്ടാം തരംഗത്തില്‍ താന്‍ പാര്‍ത്തിരുന്ന യൂണിറ്റിലെ 55 സ്ത്രീകളില്‍ 13 പേര്‍ക്കും കൊവിഡ് ബാധിച്ചുവെന്ന് അവര്‍ പറയുന്നു.
'നമ്മുടെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നത് ജുഡീഷ്യറി കൂടുതല്‍ ഗൗരവമായി പരിഗണിക്കണം. മഹാമാരിക്കാലത്ത് പോലും മിക്ക ആളുകള്‍ക്കും അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാന്‍ ഇടക്കാല ജാമ്യം ജാമ്യം അനുവദിച്ചില്ല,' സുധ ഭരദ്വാജ് പറഞ്ഞു.
ഇന്ത്യയിലെ 1,306 ജയിലുകളില്‍ ഏകദേശം 490,000 തടവുകാരുണ്ട്, അവരില്‍ 69% പേരും വിചാരണകള്‍ക്കായി കാത്തിരിക്കുകയാണ്. ജയിലുകളിലെ ശരാശരി ഒക്യുപെന്‍സി നിരക്ക് 118% വരെ ആകാന്‍ സാധ്യതയുണ്ട്. 2020-ല്‍, കോവിഡ് -19 ന്റെ വ്യാപനം തടയാന്‍ തിങ്ങിനിറഞ്ഞ ജയിലുകളിലെ തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു,
ബൈകുല്ല ജയിലില്‍ കഴിയവെ സുധ ഭരദ്വാദ് സഹതടവുകാര്‍ക്ക് ഇടക്കാല ജാമ്യം തേടി ഡസന്‍ കണക്കിന് നിയമസഹായ അപേക്ഷകള്‍ എഴുതാന്‍ സമയം ചെലവഴിച്ചിരുന്നു. തടവുകാരില്‍ പലരും ടിബി, എച്ച് ഐ വി, ആസ്ത്മ എന്നീ രോഗമുള്ളവരും ഗര്‍ഭിണികളുമായിരുന്നു. എന്നാല്‍ കോടതികളില്‍ വാദിക്കാന്‍ ആരുമില്ലാത്തതിനാല്‍ അവര്‍ക്ക് ആര്‍ക്കും ജാമ്യം ലഭിച്ചില്ലെന്നും സുധ കൂട്ടിച്ചേര്‍ത്തു.
ജയിലുകളില്‍ തടവുകാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് അഭിമുഖത്തിലുടനീളം സുധ ഭരദ്വാജ് പറയുന്നത്. 2018 ജൂണിലാണ് സുധ ഭരദ്വാജ് അറസ്റ്റിലാകുന്നത്. സുധയടക്കം 16 പേരെയാണ് പ്രത്യേക അന്വേഷണ സംഘം കേസില്‍ അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ജാമ്യം ലഭിച്ച ആദ്യത്തെയാളാണ് സുധ ഭരദ്വാജ്.
സുധീര്‍ ധാവ്‌ളെ, വരവര റാവു, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്ലിങ്, ഷോമ സെന്‍, മഹേഷ് റാവുത്ത്, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം വരവര റാവു കഴിഞ്ഞ ഫെബ്രുവരിയില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ആരോഗ്യസ്ഥിതി മോശമായിട്ടും ജാമ്യം നിഷേധിക്കപ്പെട്ട ഫാദര്‍ സ്റ്റാന്‍ സ്വാമി ജൂലൈ 5ന് സ്വകാര്യ ആശുപത്രിയില്‍ മരിക്കുകയായിരുന്നു.
കടപ്പാട്- ബിബിസി ഓണ്‍ലൈന്‍












Click it and Unblock the Notifications