'സൂര്യയെ പുറത്താക്കണം', പിന്നാലെ നടി ഗായത്രിയെ സസ്പെന്റ് ചെയ്ത് ബിജെപി, പോര് രൂക്ഷം
ചെന്നൈ: തമിഴ്നാട് ബി ജെ പിയിൽ ആഭ്യന്തര പോര് രൂക്ഷം. സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലയെ എതിർക്കുന്നവരും പിന്തുണയ്ക്കുന്നവരും തമ്മിലാണ് പോര്. തർക്കം മൂത്തതോടെ ചില നേതാക്കൾക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ട് പോകുകയാണ് നേതൃത്വം.
ഇതിന്റെ ഭാഗമായി ബി ജെ പി തമിഴ്നാട് വികസന വിഭാഗം നേതാവായ നടി ഗായത്രി രഘുരാമിനെ ബി ജെ പി സസ്പെന്റ് ചെയ്തു. ന്യൂനപക്ഷ വിഭാഗം നേതാവും മുൻ ഡി എം കെ പാർട്ടിക്കാരനുമായിരുന്ന തിരുച്ചി സൂര്യ ശിവയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.

സംസ്ഥാന ന്യൂനപക്ഷ വിഭാഗം മേധാവി ഡെയ്‌സി ശരണിനെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌ത ടെലിഫോൺ സംഭാഷണം പുറത്തുവന്നതിന്റെ പശ്ചാലത്തലത്തിൽ സൂര്യ ശിവയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ഗായത്രി ആവശ്യപ്പെട്ടിരുന്നു. സൂര്യയെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടിയെ സസ്പെന്റ് ചെയ്തതായി പാർട്ടി അധ്യക്ഷൻ അണ്ണാമലൈ അറിയിച്ചത്. 6 മാസത്തേക്കാണ് സസ്പെൻഷൻ.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് ഗായത്രിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് അണ്ണാമലൈ പറഞ്ഞു. സസ്പെന്റ് ചെയ്യപ്പെട്ട ഗായത്രിയുമായി പാർട്ടി നേതാക്കൾ ആരും തന്നെ യാതൊരു ബന്ധം പുലർത്താൻ പാടില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി. നേതൃത്വത്തിന്റെ സമ്മതം വാങ്ങിയ ശേഷമേ പാർട്ടി പ്രവർത്തകർ യുട്യൂബ് ചാനലുകളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാവൂവെന്നും പാർട്ടിയുടെ നിയമങ്ങളും തത്വങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.

അടുത്തിടെ ഗായത്രി പാർട്ടി നേതൃത്വത്തിനെതിരെ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശിൽ നടക്കുന്ന തമിഴ് സംഗമം പരിപാടിയിലേക്ക് ഗായത്രിയെ ക്ഷണിക്കാത്തതിന് പിന്നാലെയായിരുന്നു ഇത്. മാത്രമല്ല നേതൃത്വത്തിനെതിരെ ചില യുട്യൂബ് ചാനലുകൾക്ക് അഭിമുഖവും നൽകിയിരുന്നു. മുതിർന്ന നേതാക്കളെ നേതൃത്വം മാറ്റി നിർത്തുകയാണെന്നായിരുന്നു ഗായത്രി അഭിമുഖത്തിൽ തുറന്നടിച്ചത്. അതേസമയം സസ്പെന്റ് ചെയ്യപ്പെട്ട നടപടി അംഗീകരിക്കുന്നുവെന്ന് ഗായത്രി പ്രതികരിച്ചു. എന്നാൽ തന്നെ സ്നേഹിക്കുന്നവർ ആരൊക്കെ തടഞ്ഞാലും തന്നോട് സംസാരിക്കുമെന്നും രാജ്യത്തെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും ഗായത്രി പറഞ്ഞു.

അതിനിടെ വിവാദ ഫോൺ സംഭാഷണത്തിൽ സൂര്യ ശിവയ്ക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബി ജെ പി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. അച്ചടക്ക നടപടി കമ്മിറ്റി ചെയർമാൻ കനകസഭാപതിയ്ക്കാണ് അന്വേഷണ ചുമതല. റിപ്പോർട്ട് സമർപ്പിക്കപ്പെടുന്നത് വരെ സൂര്യ ശിവ പാർട്ടി പരിപാടികളിൽ നിന്നും വിട്ട് നിൽക്കണമെന്നാണ് അണ്ണാമലൈ വ്യക്തമാക്കിയിരിക്കുന്നത്. ഡി എം കെ എം പി തിരുവച്ചി ശിവയുടെ മകനാണ് സുര്യ ശിവ. സംസ്ഥാന രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ച് കൊണ്ടായിരുന്നു ഏതാനും മാസങ്ങൾക്ക് മുൻപ് സൂര്യ ശിവ ഡി എം കെയിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേർന്നത്.












Click it and Unblock the Notifications