ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രമുഖ സീരിയൽ നടിയെ ആശുപത്രിയിൽ നിന്നും കാണാതായി; മൊബൈൽ ഫോണും സ്വിച്ച് ഓഫ്
ചെന്നൈ: ആത്മഹത്യ ശ്രമിച്ച പ്രമുഖ സീരിയൽ നടിയെ കാണാനില്ലെന്ന് പരാതി. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സീരിയൽ താരമായ നിലാനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് ഇവരെ ചെന്നൈ റോയാപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് ഇവരെ ഡിസ്ചാർജ് ചെയ്തിരുന്നു.
ആശുപത്രി വിട്ടശേഷം നടിയെ കാണാതായി എന്നാണ് പരാതി. നിലാനിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സഹസംവിധായകന്റെ മരണവുമായി നിലാനിക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.

കാമുകൻ
നിലാനിയുടെ മുൻ കാമുകനായ ഗാന്ധി ലളിത് കുമാർ തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് നിലാനി വിവാദത്തിൽ ആകുന്നത്. നടിയുമായുള്ള പ്രണയബന്ധം തകർന്നതാണ് ലളിത് കുമാറിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ആരോപണം.

3 വർഷത്തെ അടുപ്പം
ഗാന്ധി ലളിത് കുമാറും നിലാനിയും തമ്മിൽ മൂന്ന് വർഷമായി അടുപ്പത്തിലായിരുന്നു. ഷൂട്ടിംഗ് സെറ്റുകളിൽ നിലാനിക്കൊപ്പം പതിവ് സാന്നിധ്യമായിരുന്നു ഇയാൾ. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് നിലാനി. വിവാഹം കഴിക്കണമെന്ന ആവശ്യം നിലാനി നിഷേധിച്ചതോടെ ലളിത് കുമാർ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.

പരാതി നൽകി
ലളിത് കുമാർ ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി നിലാനി പോലീസിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഷൂട്ടിംഗ് സെറ്റിലെത്തിയ ലളിത് കുമാർ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ലളിത് മാനസിക രോഗിയാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും നിലാനി ആരോപണം ഉന്നയിച്ചിരുന്നു.

ആത്മഹത്യ
ലളിത് കുമാറിന്റെ മരണത്തിന് ഉത്തരവാദി നിലാനിയാണെന്ന പ്രചാരണത്തിന് പിന്നാലെയാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അനാവശ്യമായി തന്നെ ഇതിലേക്ക് വലിച്ചിഴക്കുകയാണെന്നും തന്റെ ഭാഗം വിശദീകരിക്കാൻ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചതിന് പിന്നാലെ ഇവർ കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആത്മഹത്യാ ശ്രമത്തിന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

കാണാതായി
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങിയ നിലാനിയെക്കുറിച്ച് പിന്നീടാർക്കും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നിലാനിയുടെ രണ്ട് മക്കളെയും കാണുന്നില്ല. പോലീസ് ഇവരെ അന്വേഷിച്ച് ചെന്നൈയിലെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.

ഫോണിലും
നിലാനി ഉപയോഗിക്കുന്ന വിവിധ മൊബൈൽ ഫോൺ നമ്പരുകളിൽ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ഇല്ല . എല്ലാ നമ്പരുകളും സ്വിച്ച് ഓഫാണ്. അയൽവാസികളെയും ബന്ധുക്കളെയും ചോദ്യം ചെയ്തെങ്കിലും ആർക്കും ഇവരെപ്പറ്റി യാതൊരുവിവരവുമില്ല. എന്തെങ്കിലും വിവരം ലഭിച്ചാൽ പോലീസിനെ അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications