'എഐ അധിഷ്ഠിത ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥകൾ സൃഷ്ടിക്കും'; പദ്ധതി പ്രഖ്യാപിച്ച് അദാനി
ഇന്ത്യയിൽ എഐ അധിഷ്ഠിത ആരോഗ്യ സംരക്ഷണ സംവിധാനം ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ശതകോടീശ്വരൻ ഗൗതം അദാനി. ജനങ്ങൾക്ക് താങ്ങാനാവുന്നതും വിപുലീകരിക്കാൻ കഴിയുന്നതും, ആഗോളതലത്തിലെ മികച്ച രീതികൾ സംയോജിപ്പിക്കുന്നതുമായ ഒരു എഐ മൾട്ടി ഡിസിപ്ലിനറി ഹെൽത്ത് കെയർ എക്കോസിസ്റ്റമാണ് താൻ ലക്ഷ്യം വെയ്ക്കുന്നതെന്ന് അദാനി വ്യക്തമാക്കി. സൊസൈറ്റി ഫോർ മിനിമലി ഇൻവേസീവ് സ്പൈൻ സർജറി - ഏഷ്യ പസഫിക് (SMISS-AP) വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു സമ്പൂർണ സംവിധാനം ആവശ്യമാണെന്ന് അദാനി പറഞ്ഞു. മുൻപ് തന്റെ 60ാ പിറന്നാൾ ദിനത്തിൽ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയ്ക്കായി 60,000 കോടി രൂപ സംഭാവന നൽകാൻ അദാനി കുടുംബം പ്രതിജ്ഞയെടുത്തതായി അദാനി വ്യക്തമാക്കിയിരുന്നു.

'ആരോഗ്യ സംരക്ഷണത്തിന് വേഗതയില്ലാത്തതുകൊണ്ടല്ല ഞങ്ങൾ ഈ രംഗത്തേക്ക് പ്രവേശിച്ചത്, അതിന് വേഗത പോരെന്ന് തോന്നിയത് കൊണ്ടാണ്. മാറുന്ന സാഹചര്യത്തിനനുസരിച്ച് ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റാനുള്ള സംവിധാനങ്ങൾ ഇപ്പോഴില്ല. ആരോഗ്യ സംരക്ഷണത്തിന് ചെറിയ രീതിയിലുള്ള മെച്ചപ്പെടുത്തലുകൾ മാത്രം പോര, മറിച്ച് സമ്പൂർണമായൊരു പരിവർത്തനവും സംവിധാനവും രൂപകൽപ്പന ചെയ്യേണ്ടത് ആവശ്യമാണ്.
പടിപടിയായുള്ള പരിണാമമല്ല, ഒരു വിപ്ലവം തന്നെ നടക്കണം, ബുദ്ധിയും സഹാനുഭൂതിയും ഊന്നിയുള്ളതായിരിക്കണം അത്', അദാനി പറഞ്ഞു.
ഇന്ത്യയിൽ പ്രമേഹത്തേക്കാളും ഹൃദ്രോഗത്തേക്കാളും ആളുകൾ കൂടുതൽ ദുരിതത്തിലാഴ്ത്തുന്നത് നടുവേദനയാണെന്നും അദാനി പറഞ്ഞു. 'നമ്മുടെ രാജ്യത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കണമെങ്കിൽ, ആദ്യം നമ്മൾ നമ്മുടെ ജനങ്ങളുടെ നട്ടെല്ല് നിവർത്തണം. അതുകൊണ്ട് തന്നെ നട്ടെല്ല് രോഗങ്ങൾക്കുള്ള ശസ്ത്രക്രിയ വിദഗ്ദ്ധർ ഒരു മെഡിക്കൽ ലീഡർ മാത്രമല്ല രാഷ്ട്ര ശിൽപികൾ കൂടിയാകണമെന്നും അദാനി ആഹ്വാനം ചെയ്തു.
അദാനി ഹെൽത്ത് കെയർ ടെമ്പിൾസ് എന്ന പേരിൽ ആരംഭിക്കാനിരിക്കുന്ന പദ്ധതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അഹമ്മദാബാദിലും മുംബൈയിലുമായി ആദ്യഘട്ടത്തിൽ 1,000 കിടക്കകളുള്ള സംയോജിത മെഡിക്കൽ കാമ്പസുകളാണ് ലക്ഷ്യമിടുന്നത്. ഇത് ലോകോത്തര നിലവാരമുള്ളതും താങ്ങാനാവുന്നതും എഐ-യുടെ സഹായത്തോടെ പ്രവർത്തിക്കുന്നതുമായ ഹെൽത്ത് കെയർ എക്കോസിസ്റ്റമായിരിക്കും. പകർച്ചവ്യാധികൾ പോലുള്ള സാഹചര്യങ്ങളിൽ അതിവേഗം വികസിപ്പിക്കാൻ കഴിയുന്ന മോഡുലാർ ഇൻഫ്രാസ്ട്രക്ചറുകൾ അതിൽ ഉൾക്കൊള്ളിക്കും. ഈ കാമ്പസുകൾ ക്ലിനിക്കൽ കെയർ, ഗവേഷണം, അക്കാദമിക് പരിശീലനം എന്നിവയിൽ മികവ് പുലർത്തുന്ന കേന്ദ്രങ്ങളായി പ്രവർത്തിക്കും. ഡിസൈൻ, ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ നവീകരണം എന്നിവയിൽ മയോ ക്ലിനിക്കുകളുടെ ആഗോളതലത്തിലുള്ള വൈദഗ്ദ്ധ്യം ഇവയ്ക്കുണ്ടാകും.
'ഇന്ത്യയുടെ ഭാവിക്കുവേണ്ടിയുള്ള ആരോഗ്യ സംരക്ഷണമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. അത് സംയോജിതവും, ബുദ്ധിപരവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും അതോടൊപ്പം തന്നെ പ്രചോദനം നൽകുന്നതുമായിരിക്കും. പരമ്പരാഗത രീതികളെ തകർക്കുന്ന സംയോജിത പരിചരണം,വഴക്കമുള്ളതും വികസിപ്പിക്കാൻ എളുപ്പമുള്ളതുമായ അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിദ്യാഭ്യാസം, എഐയിലൂന്നിയുള്ള കൂടുതൽ പഠനങ്ങൾ, നഴ്സിംഗ്, പാരാമെഡിക്കൽ പരിശീലനത്തിനുള്ള കൂടുതൽ നിക്ഷേപം, രോഗികൾക്ക് മുൻഗണന നൽകുന്ന ഇൻഷുറൻസ് മോഡലുകൾ എന്നിങ്ങനെ അഞ്ച് പ്രധാന തത്വങ്ങളിൽ ഊന്നിയുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിൻ്റെ കാഴ്ചപ്പാടാണ് ഞങ്ങൾ മുന്നോട്ട് വെയ്ക്കുന്നത്', അദ്ദേഹം പറഞ്ഞു.
എഐ ഉപയോഗിച്ച് നട്ടെല്ല് രോഗങ്ങൾ കണ്ടുപിടിക്കുന്നതിനും, ഗ്രാമീണ ശസ്ത്രക്രിയാ യൂണിറ്റുകൾ, റോബോട്ടിക് സ്പൈനൽ കെയറിനായുള്ള ആഗോള കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനും മെഡിക്കൽ സംരംഭകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. 'പകർച്ചവ്യാധികൾ ഉണ്ടാകുമ്പോൾ അതിവേഗം വികസിപ്പിക്കാൻ കഴിയുന്ന മോഡുലാർ ഇൻഫ്രാസ്ട്രക്ചറിലാണ് ഞങ്ങൾ നിക്ഷേപം നടത്തുന്നത്. നൂതനമായ ആശയങ്ങളും, രോഗീപരിചരണവും, പഠനവും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന വലിയ ലോകോത്തര നിലവാരമുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്', അദ്ദേഹം പറഞ്ഞു.
അക്കാദമിക് പരിശീലനം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഞങ്ങളുടെ ശ്രദ്ധ രോഗം ഭേദമാക്കുന്ന ഡോക്ടർമാരെ വാർത്തെടുക്കുന്നതിൽ മാത്രമല്ല, റോബോട്ടിക്സ്, എഐ, സിസ്റ്റം തിങ്കിംഗ്, ഹെൽത്ത് കെയർ മാനേജ്മെൻ്റ് എന്നിവയിൽ കഴിവുള്ളവരെക്കൂടി വളർത്തുകയാണ് . അവരുടെ വിദ്യാഭ്യാസം അനാട്ടമിയിൽ ഒതുങ്ങരുത്, മറിച്ച് സഹാനുഭൂതി, ധാർമ്മികത, സംരംഭകത്വം എന്നിവയിൽ അധിഷ്ഠിതമായിരിക്കണം.
നിങ്ങൾ ഇന്ന് രക്ഷിക്കുന്ന നട്ടെല്ല്, നാളത്തെ പാലങ്ങൾ പണിയുന്ന എഞ്ചിനീയറുടേതോ, അടുത്ത വാക്സിൻ കണ്ടുപിടിക്കുന്ന ശാസ്ത്രജ്ഞന്റേതോ, അല്ലെങ്കിൽ അടുത്ത ഒരു ബില്യൺ ഡോളർ കമ്പനിക്ക് ശക്തി പകരുന്ന സംരംഭകന്റേതോ ആകാം', അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ രംഗത്തെ വെല്ലുവിളികൾ
കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംവിധാനം ഗണ്യമായ പുരോഗതി കൈവരിച്ചെങ്കിലും ചില വെല്ലുവിളികൾ ഇപ്പോളും നിലനിൽക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിലവിൽ 10,000 ആളുകൾക്ക് 20.6 ഡോക്ടർമാർ, നഴ്സുമാർ, മിഡ്‌വൈഫുമാർ എന്നിങ്ങനെ മാത്രമേ ഉള്ളൂ. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് ഇത് 44.5 എങ്കിലും വേണം. ഇതിന് പുറമെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഡോക്ടർമാരുടെ എണ്ണത്തിൽ വലിയ വ്യത്യാസമുണ്ട്. ഏകദേശം 74 ശതമാനം ഡോക്ടർമാരും നഗരപ്രദേശങ്ങളിലാണ് ജോലി ചെയ്യുന്നത്. അതിനാൽ ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് മികച്ച ചികിത്സ ലഭിക്കുന്നില്ല.
ഈ കുറവുകൾ കാരണം വിദൂര പ്രദേശങ്ങളിലുള്ള ആളുകൾക്ക് നല്ല ചികിത്സ കിട്ടാതെ വരുന്നു. മാത്രമല്ല നിലവാരമില്ലാത്ത ക്ലിനിക്കുകളേയും യോഗ്യതയില്ലാത്ത ഡോക്ടർമാരെയും ആശ്രയിക്കേണ്ട ഗതികേടും അവർക്ക് വരുന്നുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ ഇന്ത്യയുടെ സാർവത്രിക ആരോഗ്യ ലക്ഷ്യങ്ങൾ നിറവേറ്റാനാകും. വിവിധ പ്രദേശങ്ങളിൽ ആരോഗ്യ സംരക്ഷണം എങ്ങനെ നൽകുന്നു, ധനസഹായം നൽകുന്നു, കൈകാര്യം ചെയ്യുന്നു, വികസിപ്പിക്കുന്നു എന്നതിന്റെ പൂർണ്ണമായ പുനർരൂപകൽപ്പന ഇതിന് ആവശ്യമാണ്.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയ്ക്കായി 60,000 കോടി രൂപയുടെ കുടുംബ സഹായം ഇതിനോടകം അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങൾക്ക് സ്വന്തമായി നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യം എങ്ങനെ ഉയരും. അതിനാൽ ഒരു മികച്ച രാജ്യത്തിന്റെ നട്ടെല്ലായി നമുക്ക് മാറാം, അദാനി പറഞ്ഞു.












Click it and Unblock the Notifications