ചില നേതാക്കള്‍ക്ക് കോണ്‍ഗ്രസുമായി ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം': നേതൃത്വത്തിനെതിരെ കർണാടക ബിജെപി എംപി
മൈസൂർ: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കർണാടക ബിജെപിയിലെ ആഭ്യന്തര കലഹം രൂക്ഷമാവുന്നു. പാർട്ടിയിലെ ചില നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി 'അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം' നടത്തിയെന്ന് ആരോപിച്ച് മൈസൂരു-കുടക് എംപി പ്രതാപ് സിംഹ രംഗത്ത് എത്തിയതോടെയാണ് പാർട്ടിക്കുള്ളിലെ തർക്കം മറനീക്കി പുറത്ത് വന്നത്.
സർക്കാരിന്റെ നയങ്ങളെയും വാഗ്ദാനങ്ങളെയും ചോദ്യം ചെയ്യാതിരിക്കാൻ ബിജെപിയിലെ ചില മുതിർന്ന നേതാക്കൾ കോൺഗ്രസുമായി 'അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം' നടത്തിയെന്നാണ് പ്രതാപ് സിംഹ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഏതാനും മുതിർന്ന നേതാക്കള്‍ക്ക് ഈ നീക്കത്തില്‍ പങ്കുണ്ട്. സർക്കാറിന്റെ വാഗ്ദാനങ്ങളുടേയും പദ്ധതികളുടെയും കാര്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യം ചെയ്യരുതെന്ന കരാറാണ് രഹസ്യമായി ഉണ്ടാക്കിയിരിക്കുന്നതെന്നും രണ്ട് തവണ എംപിയായ അദ്ദേഹം ആരോപിച്ചു.

'കോൺഗ്രസിലും ബിജെപിയിലും ഉള്ള ചില മുതിർന്ന നേതാക്കൾക്കിടയിൽ ഇത് സാധാരണമാണ്. പരസ്പരം ചോദ്യം ചെയ്യരുതെന്ന കരാറില്‍ അവർ എത്തിയതായി തോന്നുന്നു. ബിജെപി അധികാരത്തിലിരുന്നപ്പോഴും ഇത്തരം നീക്കമുണ്ടായിരുന്നു. അഴിമതി ഇടപാടുകളില്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് അന്ന് ആശങ്കയുണ്ടായിരുന്നു'- പ്രതാപ് സിംഹ വ്യക്തമാക്കുന്നു.
ഇപ്പോൾ കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ കഴിഞ്ഞ സർക്കാറിന്റെ കാലത്തെ ഇടപാടുകളുമായി ബന്ധപ്പെട്ട് ബിജെപിയിലെ ചില നേതാക്കള്‍ക്ക് ഭീഷണി നിലനില്‍ക്കുന്നുണ്ട്. വാസ്തവത്തിൽ, ഈ ആരോപണങ്ങളൊന്നും ഇരു പാർട്ടികളിലെയും നേതാക്കൾ അന്വേഷിക്കുന്നില്ല, അവർ ബഹളം ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നും മൈസൂരു-കുടക് എംപി പറഞ്ഞു.
'ഇപ്പോള്‍ ചില നേതാക്കള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം നടത്തുന്നതായി ഞാൻ സംശയിക്കുന്നു. ബിജെപി പ്രവർത്തകർ ഇത്തരം രാഷ്ട്രീയത്തിൽ ഏർപ്പെടില്ല, എന്നാൽ ചില മുതിർന്ന നേതാക്കൾ ഇത് ചെയ്യുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കാൻ ഞാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മുൻ ബിജെപി സർക്കാരിന്റെ ചില തീരുമാനങ്ങൾ കോൺഗ്രസ് സർക്കാർ റദ്ദാക്കിയത് പോലെ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച കെഇആർസി ഉത്തരവും റദ്ദാക്കാമായിരുന്നു.' അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞയാഴ്ച ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവിയും തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സ്വന്തം പാർട്ടിയിലെ നേതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നിരുന്നു. 'നമ്മുടെ തെറ്റുകൾ കാരണം നമുക്ക് അധികാരം നഷ്ടപ്പെട്ടു. നേതാക്കൾ വിട്ടുവീഴ്ച ചെയ്തു, അവരിൽ ചിലർ കാരണം പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടു. ഞാൻ നേതാക്കളുടെ പേര് പറയില്ല, എന്നാൽ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം നിലനിൽക്കുന്നു, അത് പാർട്ടിയുടെ പരാജയത്തിന് കാരണമായി.'- എന്നായിരുന്നു സിടി രവിയുടെ വാക്കുകള്‍












Click it and Unblock the Notifications