സ്പീക്കറാകാന്‍ അദ്വാനി സമ്മതിക്കുമോ?
ദില്ലി: വെറ്ററന്‍ നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും എന്തുചെയ്യും എന്നതാണ് നരേന്ദ്ര മോദി നയിക്കുന്ന ബി ജെ പിയുടെ മുന്നിലെ ഏറ്റവും വലിയ ചോദ്യം. ലോഹപുരുഷനായ അദ്വാനിക്ക് സ്പീക്കര്‍ സ്ഥാനം നല്‍കാനാണ് പാര്‍ട്ടി ഉന്നത നേതൃത്വം ഒടുവില്‍ തീരുമാനമായിരിക്കുന്നത് എന്നാണ് എന്നാണ് റിപ്പോര്‍ട്ട്. മോദിയുടെയും അദ്വാനിയുടെയും വലിപ്പത്തിന് ആക്കം തട്ടാതിരിക്കാനുളള ഒരു സമവായം കൂടിയാണിത്.
എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനത്തിന് അദ്വാനി വഴങ്ങുമോ എന്നതാണ് ചോദ്യം. നേരത്തെ മോദിയെ തിരഞ്ഞെടുപ്പ് ചുമതലകള്‍ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് അദ്വാനി പാര്‍ട്ടി തന്നെ വിട്ടിരുന്നു. പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നെങ്കിലും മോദി നയിക്കുന്ന പുതിയ നേതൃത്വത്തിന് വിധേയനാകാന്‍ അദ്വാനി തയ്യാറാകുമോ എന്ന സംശയം ബാക്കിയാണ്.

പാര്‍ട്ടി നേതാക്കള്‍ പറയുന്നത് സ്പീക്കര്‍ സ്ഥാനത്തേക്ക് അദ്വാനി സമ്മതം മൂളിക്കഴിഞ്ഞു എന്നാണ്. എന്നാല്‍ ഇത് സംബന്ധിച്ച് അദ്വാനിയുടെ ഭാഗത്തുനിന്നും ഔദ്യോഗികമായ ഒരു അഭിപ്രായം ഉണ്ടായിട്ടില്ല. മോദിയുടെ കീഴില്‍ അദ്വാനിയെയും ജോഷിയെയും മന്ത്രിമാരാക്കുന്നതില്‍ ശരികേടുണ്ട് എന്നും പാര്‍ട്ടി നേതൃത്വം കരുതുന്നു. നിലവില്‍ എന്‍ ഡി എ ചെയര്‍മാനാണ് അദ്വാനി.
വാജ്‌പേയ് മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്നു അന്ന് പാര്‍ട്ടിയിലെ രണ്ടാമനായ അദ്വാനി. മുരളി മനോഹര്‍ ജോഷി ആര്‍ എസ് എസ് നേതാക്കളെ കാണാനായി കഴിഞ്ഞ ദിവസം നാഗ്പൂരിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവായ സുഷമ സ്വരാജ് മോദി മന്ത്രിസഭയിലുണ്ടാകുമോ എന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുന്നുണ്ട്.












Click it and Unblock the Notifications