അഴിമതിക്കാരനായ സ്ഥാനാര്‍ത്ഥിയെ എഎപി പുറത്താക്കി
ദില്ലി: ദില്ലി അസംബ്ലി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥിക്ക് എതിരെ അഴിമതി, ക്രിമിനല്‍ കേസ് ആരോപണങ്ങള്‍. സാധാരണ പാര്‍ട്ടികളെ പോലെ സ്വന്തം സ്ഥാനാര്‍ത്ഥിയെ സംരക്ഷിക്കാനല്ല അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടി ശ്രമിച്ചത്. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് തന്നെ ഇയാളെ പുറത്താക്കുകയാണ് അവര്‍ ചെയ്തത്.
സുരേന്ദ്ര ശര്‍മ എന്ന ആളെയാണ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ദില്ലി അസംബ്ലി തിരഞ്ഞെടുപ്പില്‍ ഷഹ്ദാര മണ്ഡലത്തിലെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആയിരുന്നു ഇയാള്‍. താന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന കാര്യം ഇയാള്‍ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നില്ല.

പല കോസുകളുമായും സുരേന്ദ്ര ശര്‍മക്ക് ബന്ധമുള്ളതായി തങ്ങള്‍ കണ്ടെത്തിയെന്ന് ആം ആദ്മി പാര്‍ട്ടി തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. സംശയാസ്പദമായ ട്രാക്ക് റെക്കോര്‍ഡുകള്‍ ഉള്ളവരെ തങ്ങള്‍ ഒരിക്കലും മത്സരിപ്പിക്കില്ലെന്നതിന്റെ തെളിവായിട്ടാണ് സുരേന്ദ്ര ശര്‍മയെ പുറത്താക്കിയതിനെ ആം ആദ്മി പാര്‍ട്ടി വിശേഷിപ്പിച്ചത്.
ഷഹ്ദാര ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ആയിരുന്നു സുരേന്ദ്ര ശര്‍മ. എന്നാല്‍ അക്രമവും നീതിയുക്തമല്ലാത്ത ഇടപെടലും നടത്തി എന്ന് കാണിച്ച് ഈ തിരഞ്ഞെടുപ്പ് പിന്നീട് റദ്ദാക്കിയിരുന്നു.
അഴിമതിക്കെതിരെ പോരാടുന്നവര്‍ എന്ന് അവകാശപ്പെടുന്ന ആം ആദ്മി പാര്‍ട്ടിക്കെതിരെ മറ്റ് പാര്‍ട്ടികള്‍ ഈ സംഭവത്തില്‍ വന്‍ പ്രചാരണം അഴിച്ചുവിട്ടിരുന്നു.












Click it and Unblock the Notifications