മുകുള്‍ റോയ് ഓകെ... പക്ഷേ, അവര്‍ വരേണ്ടെന്ന് മമത ബാനര്‍ജി... ബിജെപിയുടെ പ്രതികരണവും
കൊല്‍ക്കത്ത: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 2017ല്‍ തൃണമൂല്‍ വിട്ട അദ്ദേഹം ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്ക് വഹിച്ചിരുന്നു. എന്നാല്‍ കുറച്ച് നാളായി മുകുള്‍ റോയ് ബിജെപി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. അദ്ദേഹം തൃണമൂലില്‍ തിരിച്ചെത്തുമെന്ന അഭ്യൂഹം നിലനില്‍ക്കവെയാണ് ഇന്ന് തിരിച്ചെത്തിയതും മമതയെ കണ്ടതും.

മുകുള്‍ റോയിയെ മമത സ്വീകരിച്ചു. കൂടുതല്‍ പേര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുമെന്ന് മമത പറഞ്ഞു. മുകുള്‍ റോയ് വഞ്ചകനല്ല. കുടുംബാംഗമണ്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തൃണമൂലിനെ മോശമാക്കിയവര്‍ തിരിച്ചുവരേണ്ടതില്ലെന്ന് സുവേന്ദു അധികാരിയെ പരോക്ഷമായി സൂചിപ്പിച്ച് മമത വ്യക്തമാക്കി. ഏറ്റവും ഒടുവില്‍ നടന്ന ബിജെപിയുടെ സുപ്രധാന യോഗങ്ങളില്‍ മുകുള്‍ റോയ് പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ ആശുപത്രിയിലാണ് എന്നായിരുന്നു ഇതിനോട് ബിജെപി നേതൃത്വം പ്രതികരിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തി തൃണമൂല്‍ നേതാക്കള്‍ മുകുള്‍ റോയിയെയും ഭാര്യയെയും സന്ദര്‍ശിച്ചിരുന്നു.
ശ്വാസം മുട്ടിയാണ് താന്‍ ബിജെപിയില്‍ നിന്നതെന്ന് മുകുള്‍ റോയ് സ്വീകരണ യോഗത്തില്‍ പറഞ്ഞു. ഇന്ത്യയിലെ ഒരേയൊരു നേതാവ് മമത ബാനര്‍ജിയാണെന്നും അദ്ദേഹം പറഞ്ഞു. മുകുള്‍ റോയിയുടെ മകന്‍ സുബ്രാന്‍ഷുവും തൃണമൂലില്‍ തിരിച്ചെത്തി. ബിജെപിയെ ഞെട്ടിച്ചുകൊണ്ടാണ് ഇരുവരുടെയും രാജി. അതേസമയം, മുകുള്‍ റോയ് പാര്‍ട്ടി വിട്ടത് തിരിച്ചടിയല്ല എന്ന് ബംഗാള്‍ ബിജെപി ഘടകം പ്രതികരിച്ചു.
ഭയത്തോടെയാണ് അദ്ദേഹം ബിജെപിയില്‍ നിന്നത്. കൂറേ കാലം ഇങ്ങനെ നില്‍ക്കാനാകില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ഒരു സ്വകാര്യ കമ്പനി പോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. മുകുള്‍ റോയിക്ക് എല്ലാ വിധ ആശംസകളും നേരിന്നുവെന്നും ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ജയ് പ്രകാശ് മഞ്ചുംദാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications