മലയാള നടി ആത്മഹത്യക്കു ശ്രമിച്ചു!!കമലഹാസനും ബിഗ് ബോസും വീണ്ടും പെട്ടു!!
ചെന്നൈ: ബിഗ് ബോസ് വിവാദം അവസാനിക്കുന്നില്ല. മലയാള നടി ഓവിയയുടെ ആത്മഹത്യാ ശ്രമത്തോടെ കമലഹാസനും ബിഗ് ബോസ് റിയാലിറ്റി ഷോയും വീണ്ടും പ്രതിസന്ധിയില്‍. ഓവിയയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് കമലഹാസനും ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും അഭിഭാഷകനായ എസ്എസ് ബാലാജി പരാതി നല്‍കി. ആത്മഹത്യ പ്രേരണക്കുറ്റമാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്യുന്ന വിജയ് ടിവിക്കെതിരെയും അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറെ റേറ്റിങ്ങ് നേടിയ ബിഗ് ബോസ് തമിഴ് പതിപ്പിലെ ജനപ്രിയ താരമായിരുന്ന മലയാള നടി ഓവിയ ഹെലന്‍ വെള്ളിയാഴ്ചയാണ് പരിപാടിയില്‍ നിന്നും പുറത്തുപോയത്. മാനസിക സംഘര്‍ഷം സഹിക്കാനാതെ ഓവിയ ബിഗ് ബോസ് ഹൗസിലെ നീന്തല്‍ കുളത്തിലേക്ക് എടുത്തു ചാടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് മത്സരാര്‍ത്ഥികള്‍ പെട്ടെന്ന് ഓടിയെത്തുകയും ഓവിയയെ രക്ഷപെടുത്തുകയായിരുന്നു.
റിയാലിറ്റി ഷോ തമിഴ് സംസ്‌കാരത്തെ അവഹേളിക്കുന്നുവെന്നാരോപിച്ച് തമിഴ് നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷിയാണ് ആദ്യം കമലിനും ബിഗ് ബോസിനുമെതിരെ രംഗത്തെത്തുന്നത്. പിന്നീട് ദളിത് നേതാവും പുതിയ തമിഴകം പാര്‍ട്ടി സ്ഥാപകനുമായ കെ കൃഷ്ണസ്വാമി കമലഹാസനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സമുദായത്തെ അവഹേളിച്ചുവെന്നായിരുന്നു ആരോപണം.

ഓവിയ ഹെലന്‍
പൃഥ്വിരാജ് നായകനായ 'കങ്കാരു' എന്ന മലയാള ചിത്രത്തിലൂടെയാണ് ഓവിയ ഹെലന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് അഞ്ചോളം മലയാളം സിനിമകളില്‍ അഭിനയിച്ചു. തമിഴില്‍ പതിനാലോളം ചിത്രങ്ങളും ചെയ്തു. എന്നാല്‍ സിനിമയില്‍ നിന്നും നേടാനാകാത്ത ജനപ്രീതിയാണ് ബിഗ് ബോസിലൂടെ ഓവിയക്ക് ലഭിച്ചത്. ഓവിയയുടെ കുറിക്കു കൊള്ളുന്ന മറുപടികളും ആത്മവിശ്വാസവും സത്യസന്ധതയുമാണ് പ്രേക്ഷകരെ ആകര്‍ഷിച്ചത്.

സോഷ്യല്‍ മീഡിയയിലും ഹിറ്റ്
സോഷ്യല്‍ മീഡിയയിലും ഓവിയയുടെ ഡയലോഗുകളില്‍ പലതും സൂപ്പര്‍ ഹിറ്റായി. ഓവിയയുടെ പേരില്‍ പുതിയ ഫേസ്ബുക്ക് പേജുകള്‍ പലതും ട്വിറ്റര്‍ ഹാന്‍ഡിലുകളും പ്രത്യക്ഷപ്പെട്ടു. വോട്ട് ഫോര്‍ ഓവിയ എന്ന് തമിഴ്‌നാട്ടുകാര്‍ പലരും ഒന്നടങ്കം പറഞ്ഞു. മത്സരാര്‍ത്ഥികളില്‍ പലരും ഓവിയയെ പുറത്താക്കാന്‍ വോട്ട് ചെയിതിരുന്നു. പക്ഷേ പ്രേക്ഷക പിന്തുണയാണ് ഓവിയയെ പിടിച്ചു നിര്‍ത്തിയത്. ഓവിയ ഇല്ലാത്ത ബിഗ് ബോസ് കാണാന്‍ തങ്ങളുണ്ടാവില്ലെന്ന് പലരും പറയാനാരംഭിച്ചു കഴിഞ്ഞു. ചിമ്പു, തൃഷ എന്നിവരടക്കമുള്ള സിനിമാ താരങ്ങളും ഓവിയക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പരാതി
കമലഹാസന്റെ റിയാലിറ്റി ഷോ പല കടുത്ത മാര്‍ഗ്ഗങ്ങളും റേറ്റിങ്ങ് കൂട്ടാനുപയോഗിച്ചു എന്ന് ബാലാജി നല്‍കിയ പരാതിയില്‍ പറയുന്നു. ഇത്തരത്തിലുള്ള ചില നിയമങ്ങളാണ് ഓവിയയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തിയതെന്നും പരാതിയില്‍ ആരോപിക്കുന്നു.

ബിഗ് ബോസ്
ജൂണ്‍ 25 ന് സ്റ്റാര്‍ വിജയ് ചാനലിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പ് ആരംഭിച്ചത്. കമലഹാസന്റെ ആദ്യത്തെ മിനിസ്‌ക്രീന്‍ സംരംഭം കൂടിയാണിത്. ജൂണ്‍ 25 നായിരുന്നു ആദ്യത്തെ എപ്പിസോഡ്. കമലഹാസന്‍ അവതാരകനാകുന്നു എന്നതു തന്നെയായിരുന്നു പരിപാടിയുടെ ഏറ്റവം വലിയ പരസ്യം. എന്നാല്‍ ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ അവതാരകനായ സല്‍മാന്‍ ഖാനൊപ്പം കമലഹാസന്റെ അവതരണ മികവ് എത്തിയില്ല എന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു.

ഹിന്ദുമക്കള്‍ കക്ഷിയുടെ ആരോപണം
റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളായ ഓവിയ, നമിത, ഗഞ്ച കറുപ്പ്, ഹാരതി തുടങ്ങിയവരെയും അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. മത്സരാര്‍ത്ഥികള്‍ അശ്ലീല ഭാഷയിലാണ് സംസാരിക്കുന്നതെന്നും 75 ശതമാനവും നഗ്‌നരായാണ് പ്രത്യക്ഷപ്പെടുന്നതെന്നും ഇവര്‍ പറയുന്നു.

മത്സരാര്‍ത്ഥികള്‍
അഭിനേതാക്കളായ ശ്രീ അനൂയ, വ്യാപുരി, ഗായത്രി രഘുറാം, ഭരണി, റൈസ വില്‍സന്‍, സ്‌നേഹന്‍, ഓവിയ, ഹാരതി, ആരവ്, ഗഞ്ച കറുപ്പ്, ഗണേഷ് വെങ്കിട്ടരാമന്‍, ശക്തി വാസു, നമിത, ജല്ലിക്കെട്ടു വിവാദത്തെ തുടര്‍ന്ന് വാര്‍ത്തകളിലിടം നേടിയ ജൂലി, എന്നിവരാണ് തമിഴ് ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍.

പരിപാടി ഇങ്ങനെ
പുറം ലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത വിധം നൂറു ദിവസം മത്സരാര്‍ത്ഥികളെ ഒരു വീടിനുള്ളില്‍ അടച്ചിടുകയാണ് ചെയ്യുക. എല്ലാ ആഴ്ചയും അവതാരകന്‍ വീട് സന്ദര്‍ശിക്കുന്ന അവസരത്തില്‍ ഓരോരുത്തരെയായി എലിമിനേറ്റ് ചെയ്യും. അവസാനം അവശേഷിക്കുന്നയാളാണ് വിജയി.












Click it and Unblock the Notifications