നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കമോ? ഇത്തവണ 30 ശതമാനം മന്ത്രിമാർ ഈ സംസ്ഥാനങ്ങളിൽ നിന്ന്
ന്യൂഡൽഹി: രണ്ട് മാസത്തോളം നീണ്ടുനിന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് അവസാനമായി, ഇപ്പോഴിതാ പുതിയ സർക്കാർ അധികാരമേറ്റെടുത്തു കഴിഞ്ഞു. മൂന്നാം മോദി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇന്നാണ് പ്രഖ്യാപിച്ചത്. ബിജെപിയിലെ മുൻനിര നേതാക്കൾ ഉൾപ്പെടെ അണിനിരന്ന മന്ത്രിസഭയിൽ പക്ഷേ ഒട്ടേറെ ദീർഘവീക്ഷത്തോടെയുള്ള ഇടപെടലുകളും ബിജെപി നടത്തി എന്നതാണ് ശ്രദ്ധേയമായ കാര്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ വെല്ലുവിളികളെ ഒരുപരിധി വരെ അതിജീവിക്കാൻ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് കഴിഞ്ഞുവെന്ന ആശ്വാസത്തിലാണ് അവർ. എന്നാൽ ഇനിയാണ് യഥാർത്ഥ വെല്ലുവിളി അവരെ കാത്തിരിക്കുന്നത്. ഈ വർഷവും അടുത്ത വർഷവുമായി ആറോളം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നത്.

പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മന്ത്രിസഭ വന്നപ്പോഴാണ് ഒരു പ്രധാന കാര്യം വെളിപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് നൽകിയ പ്രാതിനിധ്യം അത് മുൻകാലങ്ങളെ അപേക്ഷിച്ച് അത് വളരെയധികമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ എത്രത്തോളം പ്രാധാന്യത്തോടെയാണ് ബിജെപി കാണുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ജമ്മു കശ്‌മീർ, ഡൽഹി, ബിഹാർ എന്നിവയാണ് ഈ വർഷവും 2025ലുമായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും. അതുകൊണ്ട് തന്നെ ഇത്തവണത്തെ മന്ത്രിമാരെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഈ വിഷയങ്ങൾ കേന്ദ്രം പരിഗണിച്ചുവെന്ന് വ്യക്തം.
ഇത്തവണ ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റു എന്നത് സത്യമാണ്. എന്നാൽ ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിൽ ബിജെപി വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിന്റെ പ്രത്യുപകാരമോ അടുത്ത വർഷത്തെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടോ എന്നറിയില്ല ഈ മന്ത്രിസഭയിൽ മേൽപറഞ്ഞ സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്ന ഇടങ്ങളിൽ നിന്നാണ് കൂടുതൽ അംഗങ്ങൾ വന്നിരിക്കുന്നത്.
ജൂൺ 9ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌ത 72 പേരിൽ 21 പേരും 2025ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ആറ് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളവരാണ്. അതായത് ആറ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ മാത്രം ആകെ മന്ത്രിമാരുടെ എണ്ണത്തിന്റെ 29. 17 ശതമാനമാണ് എന്നാണ് അർത്ഥമാക്കുന്നത്.
ഹരിയാനയിലും മഹാരാഷ്ട്രയിലും ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായതെന്ന് പകൽ പോലെ വ്യക്തം. കാബിനറ്റ് റാങ്കുള്ള മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഉൾപ്പെടെ മൂന്ന് മന്ത്രിമാരാണ് ഹരിയാനയിൽ നിന്നുള്ളത്. ഗുർഗുറാം എംപി റാവു, ഇന്ദർജിത്തും സഹമന്ത്രിയായി ചുമതലയേറ്റു.
48 എംപിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന വലിയ സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിന്ന് ആറ് മന്ത്രിമാരുണ്ട് ഇക്കുറി. ജമ്മു കാശ്‌മീരിനെ പ്രതിനിധീകരിച്ചും ഇക്കുറി ഒരു മന്ത്രിയുണ്ട് എന്നത് മറക്കരുത്. കൂടാതെ ജാർഖണ്ഡിൽ നിന്ന് രണ്ട് പേരുണ്ട്. ഇക്കൂട്ടത്തിൽ ആറ് മന്ത്രിമാരുള്ള ബീഹാറിനാണ് നേട്ടമുണ്ടായത്. യുപി കൈവിട്ടപോഴും ബിജെപിയെ മുറുകെ പിടിച്ചതിനുള്ള ഉപകാര സ്‌മരണയോ, അടുത്ത തിരഞ്ഞെടുപ്പ് കാഹളമോ എന്ന് കണ്ടറിയേണ്ടതുണ്.












Click it and Unblock the Notifications