ശശികലയുടെ സുഖചികിത്സയില്‍ നിന്നും എംഎല്‍എമാര്‍ ഊരുന്നു ? രക്ഷപ്പെട്ടോടി ഒപിഎസ് പാളയത്തില്‍.. !!
ശശികലയെ പിന്തുണയ്ക്കുന്ന പലരും പനീർശെൽവം ക്യാമ്പിലേക്ക്..
ചെന്നൈ: ഒ പനീര്‍ശെല്‍വം സ്വാധീനിക്കാതിരിക്കാന്‍ ശശികല നടരാജന്‍ മാറ്റിപ്പാര്‍പ്പിച്ച എഐഎഡിഎംകെ എംഎല്‍എമാരില്‍ ഒരാള്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. എസ് പി ഷണ്‍മുഖദാസ് എന്ന എംഎല്‍എയാണ് രക്ഷപ്പെട്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭൂരിപക്ഷം എംഎല്‍എമാരും ശശികലയെ പിന്തുണയ്ക്കുമെന്നാണ് ശശികലാ ക്യാമ്പ് അവകാശപ്പെടുന്നത്. എന്നാല്‍ മനസ്സുകൊണ്ട് പലരും പനീര്‍ശെല്‍വത്തിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന് തെളിവായാണ് ഒരു എംഎല്‍എ ശശികല ക്യാമ്പില്‍ നിന്നും ഒപിഎസ് ക്യാമ്പിലെത്തിയിരിക്കുന്നത്.

ഗ്രീന്‍വേയ്‌സ് റോഡിലുള്ള മന്ത്രി എടപാടി പളനിസ്വാമിയുടെ വീട്ടില്‍ താമസിപ്പിച്ചിരുന്ന എംഎല്‍എമാരുടെ കൂട്ടത്തില്‍ നിന്നാണ് എസ്പി ഷണ്‍മുഖദാസ് രക്ഷപ്പെട്ടതെന്നാണ് വിവരം. ഇദ്ദേഹമിപ്പോള്‍ പനീര്‍ശെല്‍വത്തിനൊപ്പം അദ്ദേഹത്തിന്റെ വസതിയില്‍ ഉണ്ടെന്നാണ് വിവരം.

പനീര്‍ശെല്‍വത്തിനൊപ്പമുള്ള എഐഎഡിഎംകെ എംഎല്‍എയായ കെ മാണിക്കം, എംപിയായ വി മൈത്രേയന്‍ എന്നിവര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബാത്ത് റൂമിലേക്ക് എന്നു പറഞ്ഞ് പോയ ഇയാള്‍ പിന്നീട് തിരിച്ച് ചെന്നില്ല എന്നാണ് വിവരം.

അതേസമയം മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് ഇ മധുസൂദനന്‍ പനീര്‍ശെല്‍വത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ രണ്ടാമനായ മധുസൂദനന്റെ പിന്തുണ പനീര്‍ശെല്‍വത്തിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.

ശശികലയുടെ ക്യാമ്പിലുള്ള എംഎല്‍എമാരില്‍ പലരുമായും തനിക്ക് വ്യക്തിപരമായി അടുപ്പമുണ്ടെന്നും ഒരു വിശ്വാസ വോട്ടെടുപ്പ് വേണ്ടി വന്നാല്‍ അവര്‍ പിന്തുണയ്ക്കുമെന്നാണ് പനീര്‍ശെല്‍വം അവകാശപ്പെടുന്നത്. എന്നാല്‍ അതിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജനങ്ങളുടെ പിന്തുണ ശശികലയെക്കാള്‍ കൂടുതല്‍ പനീര്‍ശെല്‍വത്തിനാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ജനങ്ങളുടെ പിന്തുണയ്‌ക്കൊപ്പം ഭൂരിപക്ഷം എംഎല്‍എമാരും തനിക്കൊപ്പം ഉണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞാലേ പനീര്‍ശെല്‍വത്തിന് രക്ഷയുള്ളൂ.

ശശികലയുടെ പാളയത്തില്‍ നിന്നും കൂടുതല്‍ ചോര്‍ച്ച സംഭവിക്കും എന്നാണ് പനീര്‍ശെല്‍വം വിഭാഗം പ്രതീക്ഷിക്കുന്നത്. ഇതിനായി പല വഴികളും തേടുന്നുണ്ടെന്നാണ് വിവരം. വിശ്വാസവോട്ടെടുപ്പ് വേണ്ടി വന്നാല്‍ ഡിഎംകെ പിന്തുണ കൊണ്ടുമാത്രം കാര്യം നടക്കില്ല.

പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത യോഗത്തിന് പിന്നാലെയാണ് 131 എംഎല്‍എമാരെ ശശികല മാറ്റിയത്. വിവിധ ആഢംബര ഹോട്ടലുകളിലായി ഇവരെ പാര്‍പ്പിച്ചിരിക്കുകയാണ് എന്നാണ് വിവരം.












Click it and Unblock the Notifications