തരൂരോ ഖാര്‍ഗെയോ? കോണ്‍ഗ്രസിനെ നയിക്കാന്‍ ആര്? വോട്ടെടുപ്പ് തുടങ്ങി
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് ദക്ഷിണേന്ത്യന്‍ നേതാക്കളാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്ന പ്രത്യേകത ഈ തെരഞ്ഞെടുപ്പിന് ഉണ്ട്.

കര്‍ണാടകയില്‍ നിന്നുള്ള മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കേരളത്തില്‍ നിന്നുള്ള ശശി തരൂരും തമ്മിലാണ് മത്സരം. നാല് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്
23 വര്‍ഷത്തിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. എ ഐ സി സി ആസ്ഥാനത്തും പി സി സി ആസ്ഥാനങ്ങളിലുമായി വോട്ട് രേഖപ്പെടുത്താം. വോട്ടര്‍പട്ടികയിലുള്ള 9308 പ്രതിനിധികള്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുക. രാജ്യത്താകെ 65 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
305 വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് ദല്‍ഹിയിലെത്തിക്കും. ഒക്ടോബര്‍ 19 ബുധനാഴ്ച 10 മണിക്ക് വോട്ട് എണ്ണും. ബാലറ്റ് പേപ്പറില്‍ ആദ്യം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രണ്ടാമത് ശശി തരൂരുമാണ്.
കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം കെ പി സി സി ആസ്ഥാനത്ത് എത്തി വോട്ട് രേഖപ്പെടുത്തും. ശശി തരൂരിനും കെ പി സി സി ആസ്ഥാനത്താണ് വോട്ട്. മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ തുടങ്ങിയവരും ഇവിടെ വോട്ടുചെയ്യും.
വി എസ് ശിവകുമാര്‍, വി കെ ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, എ എ ഷുക്കൂര്‍ എന്നിവരാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കേരളത്തിലെ പ്രാദേശിക നിരീക്ഷകരാകുന്നത്. ശശി തരൂരിന്റെ നിരീക്ഷകര്‍ തിരുവനന്തപുരത്തെ നാല് ബ്ലോക്ക് പ്രസിഡന്റുമാരാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലാണ് വോട്ട് രേഖപ്പെടുത്തുന്നത്.
അതേസമയം ഭാരത് ജോഡോ യാത്രയില്‍ ഉള്ള മുന്‍ എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള അംഗങ്ങള്‍ക്കായി കര്‍ണാടകയിലെ ബെല്ലാരിയില്‍ പ്രത്യേക ബൂത്ത് സജ്ജീകരിക്കും. കണ്ടെയ്നര്‍ പോളിങ് ബൂത്താക്കി മാറ്റിയാണ് വോട്ടെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications