എന്താണ് ഞാന്‍ അരുതാത്തത് പറഞ്ഞത്; യോഗി പറയട്ടെ എന്ന് ഉവൈസി, വെടിവയ്പിനെ ന്യായീകരിക്കരുത്
ന്യൂഡല്‍ഹി: എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിക്ക് നേരെ വെടിവയ്പ്പുണ്ടായ സംഭവത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രതികരണം ചോദ്യം ചെയ്ത് ഉവൈസി രംഗത്ത്. ഒരു എംപിക്കെതിരെയുണ്ടായ ആക്രമണത്തെ ആദിത്യനാഥ് ന്യായീകരിക്കരുത് എന്ന് ഉവൈസി പറഞ്ഞു. ഞാന്‍ എന്താണ് അരുതാത്തത് പറഞ്ഞത്. അക്കാര്യം യോഗി മാധ്യമങ്ങളോട് തുറന്നുപറയട്ടെ. യോഗി അത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തട്ടെ എന്നും ഉവൈസി പറഞ്ഞു. ക്രിക്കറ്റ് മാച്ചിനെ സംബന്ധിച്ച് എഴുതിയ വിദ്യാര്‍ഥികള്‍ക്കെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുത്ത സര്‍ക്കാരാണ് യോഗിയുടേത് എന്നും ഉവൈസി വിമര്‍ശിച്ചു.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് യോഗി യുപിയില്‍ ഉവൈസിക്ക് നേരെ വെടിവയ്പ്പുണ്ടായ സംഭവം പരാമര്‍ശിച്ചത്. നേതാക്കള്‍ ജാഗ്രതയോടെ സംസാരിക്കണം. തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ക്കിടെ മതവികാരം വ്രണപ്പെടുത്തരുതെന്നും യോഗി പറഞ്ഞു. ജനാധിപത്യത്തില്‍ നാം ബാലറ്റിലാണ് വിശ്വസിക്കുന്നത്. ബുള്ളറ്റുകളിലല്ല. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും യോഗി പറഞ്ഞു. നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന യോഗിയുടെ വാക്കുകളാണ് ഉവൈസി ചോദ്യം ചെയ്തത്.

ആശയപരമായി വ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍ എന്റെ സര്‍ക്കാര്‍ ആരെയും നിയമം കൈയ്യിലെടുക്കാന്‍ അനുവദിക്കില്ല. അക്രമികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും യോഗി പറഞ്ഞു. അതേസമയം, ഉവൈസിയെ വെടിവച്ചത് കൊല്ലാന്‍ തന്നെയാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. നോയിഡ സ്വദേശി സച്ചിന്‍ ആണ് പോലീസിനോട് കുറ്റമേറ്റത്. ഉവൈസിയുടെ പ്രസംഗങ്ങള്‍ തന്നെ അസ്വസ്ഥനാക്കിയിരുന്നു. അതുകൊണ്ടാണ് കൊല്ലാന്‍ തീരുമാനിച്ചത്. സുഹൃത്ത് ശുഭത്തോടൊപ്പമെത്തിയാണ് വെടിവച്ചതെന്നും സച്ചിന്‍ പോലീസിനോട് വിശദീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉത്തര്‍ പ്രദേശില്‍ അസദുദ്ദീന്‍ ഉവൈസിക്ക് നേരെ വെടിപയ്പ്പുണ്ടായത്. മീററ്റില്‍ നിന്ന് രാഷ്ടീയ യോഗത്തിന് ശേഷം ഡല്‍ഹിയിലേക്ക് വരികയായിരുന്നു അദ്ദേഹം.
അതേസമയം, ഉവൈസിക്ക് നേരെയുണ്ടായ ആക്രമണത്തെ എസ്പി നേതാവ് അഖിലേഷ് യാദവ് അപലപിച്ചു. സംഭവത്തില്‍ ബിജെപി മറുപടി പറയണം. ക്രമസമാധാനം യുപിയില്‍ തകര്‍ന്നിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന ക്രമസമാധാനം പലതവണ നാം കണ്ടതാണ്. ഹത്രാസിലെ മകള്‍ നീതി തേടുകയാണ്. ആദരവോടെ സംസ്‌കരിക്കാന്‍ കുടുംബം താല്‍പ്പര്യപ്പെട്ടു. എന്നാല്‍ എന്താണ് യുപി സര്‍ക്കാര്‍ ചെയ്തത്. അത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. ആ പെണ്‍കുട്ടിക്ക് ആശുപത്രിയില്‍ മതിയായ ചികില്‍സ ലഭിച്ചോ. ചികില്‍സ ലഭിച്ചിരുന്നെങ്കില്‍ പെണ്‍കുട്ടി ജീവനോടെയുണ്ടാകുമായിരുന്നു എന്നും അഖിലേഷ് പറഞ്ഞു.












Click it and Unblock the Notifications