എല്ലാ ജില്ലകളിലും ശരീഅത്ത് കോടതി വരുന്നു; മുസ്ലിം വ്യക്തി നിയമബോര്‍ഡ് വക, ദില്ലിയില്‍ ചര്‍ച്ച
ലഖ്‌നൗ: രാജ്യത്തെ എല്ലാ ജില്ലകളിലും ദാറുല്‍ ഖദാ (ശരീഅത്ത് കോടതി) സ്ഥാപിക്കാന്‍ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പദ്ധതി തയ്യാറാക്കുന്നു. മുസ്ലിംകള്‍ക്കിടയിലെ പ്രശ്‌നങ്ങളില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണുകയാണ് കോടതിയുടെ ലക്ഷ്യം. ഇസ്ലാമിക നിയമങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും ദാറുല്‍ ഖദയുടെ പ്രവര്‍ത്തനം. ബന്ധപ്പെട്ട നിര്‍ദേശം ബോര്‍ഡിന്റെ പരിഗണനയിലാണ്. ഈ മാസം 15ന് ദില്ലിയില്‍ ചേരുന്ന യോഗം വിഷയം ചര്‍ച്ച ചെയ്യും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദാറുല്‍ ഖദാ പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്തര്‍ പ്രദേശില്‍ 40 ദാറുല്‍ ഖദകളാണുള്ളത്. സമാനമായ സംവിധാനം എല്ലാ ജില്ലകളിലും ആരംഭിക്കാനാണ് ആലോചന. രാജ്യത്തെ കോടതികളിലേക്ക് കേസുകള്‍ എത്തുന്നതിന് മുമ്പ് തന്നെ സമവായത്തിലൂടെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുകയാണ് ദാറുല്‍ ഖദയുടെ ലക്ഷ്യം. മത പണ്ഡിതന്‍മാര്‍, നിയമവിദഗ്ധര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരിക്കും ദാറുല്‍ ഖദയുടെ സമിതിയെന്ന് ബോര്‍ഡ് അംഗം സഫര്‍യാബ് ജിലാനി പറഞ്ഞു.
മുസ്ലിംകള്‍ക്കിടയിലെ കേസുകള്‍ പരിഗണിക്കുന്നതിന് പ്രത്യേക സമിതി ജില്ലാ അടിസ്ഥാനത്തില്‍ നിയോഗിക്കും. കേസില്‍ കക്ഷികളായ എല്ലാ വിഭാഗവുമായും സംസാരിച്ച് സമവായത്തിലൂടെ പ്രശ്‌ന പരിഹാരത്തിന് അവര്‍ ശ്രമിക്കും. അവിടെയും പ്രശ്‌നം പരിഹരിച്ചിച്ചില്ലെങ്കില്‍ ദാറുല്‍ ഖദയിലെ മുതിര്‍ന്ന അംഗങ്ങള്‍ നേരിട്ട് കക്ഷികളോട് സംസാരിക്കും. ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ദാറുല്‍ ഖദയുടെ ഇടപെടല്‍. സിവില്‍ കേസുകളാണ് ഇവര്‍ പരിഗണിക്കുക.
അടുത്ത ബോര്‍ഡ് യോഗം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വിഷയവും ചര്‍ച്ച ചെയ്യും. ഭാവിയില്‍ കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമാണ്. സുപ്രീംകോടതി കേസില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്നാണ് തങ്ങളുടെ ആവശ്യം. സുപ്രീംകോടതി എടുക്കുന്ന തീരുമാനം ബോര്‍ഡ് അംഗീകരിക്കുമെന്നും സഫര്‍യാബ് ജിലാനി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications