ഓണത്തിന് നാട്ടിലെത്താനാകില്ലേ? ഇന്നലെ പുറപ്പെടേണ്ട ഡല്‍ഹി-കൊച്ചി വിമാനം വൈകുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അനന്തമായി നീളുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഡല്‍ഹി- കൊച്ചി വിമാനം 10 മണിക്കൂറായിട്ടും പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇത്. ഓണത്തിന് നാട്ടിലേക്ക് എത്താന്‍ കൊതിച്ച നിരവധി മലയാൡകളാണ് ഇതുമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. വിമാനം വൈകുന്നതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമായ കാരണങ്ങള്‍ പറയുന്നില്ലെന്നാണ് യാത്രക്കാരുടെ വിമര്‍ശനം.
ഇന്ന് രാവിലെ 6 മണിക്ക് ഉറപ്പായും വിമാനം പുറപ്പെടും എന്നായിരുന്നു അധികൃതര്‍ അവസാനം അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ വിമാനം പുറപ്പെട്ടിട്ടില്ല. വിമാനം എപ്പോള്‍ പുറപ്പെടും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ല എന്ന് വിമാനത്തിലെ യാത്രക്കാരിയായ ദീപ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇത്രയും നേരും കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക് ഭക്ഷണമോ മറ്റ് സൗകര്യമോ ഒന്നും അധികൃതര്‍ ഒരുക്കിയിട്ടില്ല.

ഇന്നലെ കരിപ്പൂരില്‍ നിന്ന് മസ്‌കത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാനവും വൈകിയിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 11.10 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ സമയം ശനിയാഴ്ച രാവിലെ 8.00 ലേക്ക് പുതുക്കിയതായി കമ്പനി അറിയിച്ചു. വിമാനത്തിന് യന്ത്രത്തകരാര്‍ നേരിട്ടതിനെ തുടര്‍ന്നാണ് വിമാനം വൈകുന്നത് എന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ വിമാനത്താവളത്തിനുള്ളില്‍ പ്രതിഷേധിച്ചു.
വിമാനം വൈകുന്നതും യാത്രാ സമയം മാറ്റി നിശ്ചയിച്ചതും നേരത്തെ അറിയിച്ചില്ല എന്ന് പറഞ്ഞായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. അതേസമയം യാത്രക്കാര്‍ക്ക് ഒരാഴ്ച വരെ ഒറ്റത്തവണ സൗജന്യ ഫ്‌ലൈറ്റ് മാറ്റം അനുവദിക്കുമെന്നും ശനിയാഴ്ച രാവിലെ ആറിന് മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പണം തിരികെ നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. സമയം പുതുക്കി നിശ്ചയിച്ചതറിയാതെ നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്.
ചെക്ക് ഇന്‍ ചെയ്യേണ്ട സമയമായിട്ടും നടപടികളില്ലാത്തത് അന്വേഷിച്ചപ്പോഴാണ് വിമാനം വൈകിയിട്ടുണ്ട് എന്ന വിവരം യാത്രക്കാര്‍ അറിയുന്നത്. ഇതോടെ ഭക്ഷണവും താമസവും കമ്പനി ഏറ്റെടുക്കണമെന്ന് പറഞ്ഞ് യാത്രക്കാര്‍ ബഹളം വെക്കുകയായിരുന്നു. ഒടുവില്‍ ആവശ്യം കമ്പനി അധികൃതര്‍ അംഗീകരിക്കുകയും ചെയ്തു. അതേസമയം ഇന്നലെ ഹോചിമിന്‍ സിറ്റി-ഡല്‍ഹി എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയിരുന്നു.
'പ്രവര്‍ത്തനപരമായ തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സെപ്റ്റംബര്‍ 13 ന് ഹോ ചി മിന്‍ സിറ്റിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് എഐ389 റദ്ദാക്കി. യാത്രക്കാരെ എത്രയും വേഗം ഡല്‍ഹിയിലേക്ക് എത്തിക്കാനുള്ള ബദല്‍ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു, മുഴുവന്‍ റീഫണ്ടുകളും റദ്ദാക്കുന്നതിനുള്ള ഓപ്ഷനുകളും മറ്റൊരു തീയതിയിലേക്ക് കോംപ്ലിമെന്ററി റീഷെഡ്യൂളിംഗും യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്,' എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
യാത്രക്കാര്‍ക്ക് താമസസൗകര്യം നല്‍കിയിട്ടുണ്ട് എന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നെന്നും പിന്നീട് ജീവനക്കാര്‍ ഫ്‌ലൈറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. അപ്രതീക്ഷിത തടസം മൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ചതായും വക്താവ് അറിയിച്ചു.












Click it and Unblock the Notifications