യോഗിയെ ഞെട്ടിച്ച് ലഖ്‌നൗവില്‍ അഖിലേഷിന്റെ കൂറ്റന്‍ കാല്‍നട മാര്‍ച്ച്; സര്‍ക്കാരിനോട് ഏറ്റുമുട്ടലിന് പ്രതിപക്ഷം
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിനെതിരെ കൂറ്റന്‍ കാല്‍നട മാര്‍ച്ചുമായി സമാജ്വാദി പാര്‍ട്ടി (എസ് പി). എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലാണ് പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് ലഖ്നൗവിലെ വിധാന്‍ സഭയിലേക്കായിരുന്നു മാര്‍ച്ച് നടത്തിയത്.
അതേസമയം കനത്ത പൊലീസ് വിന്യാസത്തിലൂടെ ബാരിക്കേഡുകള്‍ ഉയര്‍ത്തി എസ് പി മാര്‍ച്ച് പാതിവഴിയില്‍ തടഞ്ഞു. കൂടുതല്‍ മുന്നോട്ട് പോകുന്നതില്‍ നിന്ന് തടഞ്ഞതോടെ അഖിലേഷ് യാദവും മറ്റ് എസ് പി എം എല്‍ എമാരും നേതാക്കളും പ്ലക്കാര്‍ഡുകളും പിടിച്ച് ബാരിക്കേഡിന് സമീപം ധര്‍ണയിരിക്കുകയും ചെയ്തു.

ശേഷം ഇവിടെ നിന്ന് രാവിലെ 11 മണിക്ക് മോക്ക് അസംബ്ലി സമ്മേളനം നടത്തുകയും ചെയ്തു. നിയമസഭയില്‍ ചെയ്യുന്നതുപോലെ, അടുത്തിടെ അന്തരിച്ച സിറ്റിംഗ്, മുന്‍ എം എല്‍ എമാരോടുള്ള ആദരസൂചകമായി രണ്ട് മിനിറ്റ് മൗനം ആചരിച്ചാണ് മോക്ക് അസംബ്ലി ചേര്‍ന്നത്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നതിനാലാണ് കാല്‍നടയാത്ര നിര്‍ത്തിവെച്ചതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.

ഇനി മുതല്‍ സംസ്ഥാനത്തെ വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ചോദ്യമുനയില്‍ നിര്‍ത്തുമെന്നും അതിന് ഉത്തരം ലഭിക്കാതെ എസ് പി പിന്നോട്ടില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. പ്രതിഷേധ മാര്‍ച്ചില്‍ എസ് പി നേതാക്കള്‍ ക്രമസമാധാനം, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവ ഉന്നയിച്ചു.

അതേസമയം ലഖ്നൗ പോലീസ് കമ്മീഷണര്‍ എസ് ബി സിരാധ്കര്‍, ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എം എല്‍ എമാര്‍ക്ക് മറ്റൊരു റൂട്ട് നല്‍കിയെങ്കിലും അത് പിന്തുടരാന്‍ അവര്‍ വിസമ്മതിക്കുകയായിരുന്നു എന്ന് കാല്‍നട മാര്‍ച്ച് പാതിവഴിയില്‍ നിര്‍ത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എസ് പി നേതാക്കളില്‍ നിന്ന് നിയമങ്ങള്‍ ലംഘിക്കുന്നതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

സഭ ഇന്നത്തേക്ക് പിരിഞ്ഞ ശേഷം, അഖിലേഷ് യാദവ് തന്റെ എം എല്‍ എമാര്‍ക്കും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കുമൊപ്പം പാര്‍ട്ടി ഓഫീസിലേക്ക് മടങ്ങി. അഖിലേഷ് യാദവ് സര്‍ക്കാരിന് എതിരെ ഉടന്‍ അടുത്ത പ്രക്ഷോഭ നടപടിക്ക് തയ്യാറെടുക്കുന്നതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.












Click it and Unblock the Notifications