സുമിയില്‍ കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി കേന്ദ്രസര്‍ക്കാര്‍
കീവ്: യുക്രൈന്‍- റഷ്യ യുദ്ധം തുടരുന്നതിനിടെ യുക്രൈനിയന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. ഇവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പോള്‍ട്ടാവയിലേക്കുള്ള യാത്രയിലാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. പോള്‍ട്ടാവയില്‍ നിന്ന് ഇവര്‍ പടിഞ്ഞാറന്‍ യുക്രൈനിലേക്കുള്ള ട്രെയിനുകളില്‍ കയറും. സുമിയില്‍ നിന്നും പോള്‍ട്ടോവ എന്ന മറ്റൊരു നഗരത്തിലേക്ക് എത്തിക്കുന്ന വിദ്യാര്‍ത്ഥികളെ അവിടെ നിന്നും പിന്നീട് മാറ്റും. ഹംഗറിയിലേക്കോ റൊമാനിയയിലേക്കോ പോളണ്ടിലേക്കോ ഈ വിദ്യാര്‍ത്ഥികളെ കൊണ്ടു പോകാനാണ് സാധ്യത എന്നാണ് വിവരം.

റഷ്യന്‍ സൈന്യം കടുത്ത ആക്രമണം നടത്തുന്ന സുമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതില്‍ വലിയ പ്രതിസന്ധി അഭിമുഖീകരിച്ചിരുന്നു. സുഗമമായി വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനുള്ള വഴികള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍, യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലെന്‍സ്‌കി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് സുമിയില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചത്. റൊമാനിയ അതിര്‍ത്തിയിലേക്ക് യാത്ര ആരംഭിക്കുന്നത് സുരക്ഷിതമല്ലെന്ന് ഇന്ത്യന്‍ എംബസി കോളേജിനെ അറിയിച്ചതിനെത്തുടര്‍ന്ന് ഏകദേശം 700 ഇന്ത്യക്കാരുടെ, ഒഴിപ്പിക്കല്‍ തിങ്കളാഴ്ച അവസാന നിമിഷം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ഇവരില്‍ കൂടുതലും സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു.
വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാന്‍ ബസ് എത്തിയതിന് പിന്നലെയാണ് സുരക്ഷാ കാരണങ്ങളാല്‍ തിങ്കഴാള്ച ഇവരുടെ യാത്ര തടസപ്പെട്ടത്. പെണ്‍കുട്ടികള്‍ തയ്യാറായി ബസുകളില്‍ കയറിയിരുന്നുവെങ്കിലും അവരോട് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടുവെന്ന് വിദ്യാര്‍ത്ഥികളിലൊരാളായ മഹ്താബ് പറഞ്ഞു.
ഇന്ന് രാവിലെയാണ് യുക്രൈന്‍ സുരക്ഷിത പാത പ്രഖ്യാപിച്ചത്. പിന്നാലെ രക്ഷാ ദൗത്യം ആരംഭിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസിയോ കേന്ദ്ര സര്‍ക്കാരോ വിവരങ്ങള്‍ നല്‍കിയിട്ടില്ല. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് സഞ്ചാരപാത സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.












Click it and Unblock the Notifications