അല്ലു അർജുന്‍ ജയിലിലേക്ക്? ആരാധകർ ഇളകി, കൂട്ടത്തോടെ സ്‌റ്റേഷന് മുന്നിൽ, ചിരഞ്ജീവിയും എത്തുന്നു
ഹൈദരാബാദ്: പുഷ്‌പ 2 പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്‌റ്റിലായ തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുനെ പോലീസ് വിശദമായി ചോദ്യം ചെയ്‌തു. ചിക്കാടപ്പള്ളി പോലീസ് സ്‌റ്റേഷനിൽ വച്ചാണ് അല്ലുവിന്റെ മൊഴിയെടുത്തത്. അറസ്‌റ്റ് വിവരം അറിഞ്ഞതിന് പിന്നാലെ അല്ലു അർജുന്റെ അടുത്ത ബന്ധു കൂടിയായ മെഗാസ്‌റ്റാർ ചിരഞ്ജീവി പോലീസ് സ്‌റ്റേഷനിലേക്ക് തിരിച്ചുവെന്നാണ് വിവരം.
തന്റെ സിനിമാ ചിത്രീകരണം പാതിവഴിയിൽ നിർത്തി വച്ചാണ് ചിരഞ്ജീവി സ്‌റ്റേഷനിലേക്ക് തിരിക്കുന്നതെന്നാണ് വിവരം. മാത്രമല്ല അറസ്‌റ്റിന് പിന്നാലെ അല്ലു അർജുനെ കൊണ്ടുപോയ ചിക്കാടപ്പള്ളി പോലീസ് സ്‌റ്റേഷന് പുറത്ത് ആരാധകർ തടിച്ചുകൂടിയിരിക്കുകയാണ്. വൻ ജനക്കൂട്ടം തന്നെയാണ് ചിക്കാടപ്പള്ളി സ്‌റ്റേഷന് പുറത്തുള്ളത്.

അല്ലു അർജുന് ജാമ്യം തേടി പിതാവ് അല്ലു അരവിന്ദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നിലവിൽ അല്ലു അരവിന്ദും ഇളയമകൻ അല്ലു സിരിഷും ചിക്കാടപ്പള്ളി പോലീസ് സ്‌റ്റേഷനിൽ തുടരുകയാണ്. നടന് പുറമേ കേസിൽ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും അറസ്‌റ്റിലായിട്ടുണ്ടെന്നാണ് പോലീസുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
ജാമ്യമില്ലാത്ത വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് നേരത്തെ പോലീസ് കേസെടുത്തത്. അല്ലുവിനെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ടാൽ താരം റിമാൻഡിൽ കഴിയേണ്ടി വരുമെന്ന് ഉറപ്പാണ്. ഇതോടെ അല്ലുവിനെ ജയിലിലേക്ക് കൊണ്ട് പോവേണ്ടി വരുമോ എന്ന ആശങ്കയാണ് ആരാധകർ ഉൾപ്പെടെ പങ്കുവയ്ക്കുന്നത്.
നേരത്തെ മൊഴിയെടുക്കലിന് ശേഷം അല്ലു അർജുനെ ഗാന്ധി ആശുപത്രിയിൽ വൈദ്യപരിശോധന നടത്തുവാനായി എത്തിച്ചിരുന്നു. കനത്ത സുരക്ഷാ സന്നാഹങ്ങളോയുടെ അകമ്പടിയോടെയായിരുന്നു യാത്ര. വൈദ്യ പരിശോധനക്ക് ശേഷം അല്ലു അർജുനെ നമ്പള്ളി മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. ട്വിറ്ററിൽ ഉൾപ്പെടെ അല്ലു അർജുന്റെ അറസ്‌റ്റിന് പിന്നാലെ ആരാധകർ പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്. ഇതോടെ പോലീസ് സ്‌റ്റേഷന് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, സന്ധ്യ തിയേറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ ഭർത്താവ് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടനെതിരെ കേസെടുത്തത്. അല്ലു അർജുന്റെ സുരക്ഷാ സംഘം ആൾക്കൂട്ടത്തെ തള്ളിയിടുന്നതിനിടയിൽ തന്റെ ഭാര്യ രേവതിക്ക് ശ്വസിക്കാൻ പോലും കഴിയാതെ താഴെ വീഴുകയായിരുന്നുവെന്ന് പരാതിക്കാരനായ മഗുഡംപള്ളി ഭാസ്‌കർ ആരോപിക്കുന്നു.
ചിത്രത്തിന്റെ പ്രീമിയർ കാണാനെത്തിയ 39കാരിയായ രേവതിയാണ് തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടത്. യുവതിയുടെ മകന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ അല്ലു അർജുൻ രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അറിയിച്ചിരുന്നു. പരിക്കേറ്റ കുട്ടിയുടെ ചികിത്സാ ചിലവ് ഏറ്റെടുക്കുമെന്നും പറഞ്ഞിരുന്നു.












Click it and Unblock the Notifications