മന്ത്രിസഭാ പുനസംഘടന അഭൂഹങ്ങൾക്കിടെ രാജസ്ഥാനിൽ കോൺഗ്രസ് ലക്ഷ്യം വഴിമാറുന്നു; നീക്കങ്ങൾ ആരംഭിച്ച് നേതൃത്വം
സംസ്ഥാനത്തെ രണ്ട് മുതിർന്ന മന്ത്രിമാർ നേതൃത്വം നൽകുന്ന മേൽനോട്ട സമിതികൾക്ക് ദേശീയ നേതൃത്വത്തിൽ നിന്നുള്ള പ്രത്യേക നിർദേശങ്ങളും ലഭിക്കുമെന്നാണ് റിപ്പോർട്ട്
ജയ്‌പൂർ: രാജസ്ഥാൻ കോൺഗ്രസിൽ ഇപ്പോഴും ആഭ്യന്തര പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം. മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതയാണ് കോൺഗ്രസിന് രാജസ്ഥാനിൽ തലവേദനയായി തുടരുന്നത്. പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനും യുവനേതാവ് നവ്ജോത് സിങ് സിദ്ധുവിനും ഇടയിലുള്ള വിഷയങ്ങൾ സിദ്ധുവിനെ പിസിസി അധ്യക്ഷനാക്കിയതോടെ ഏകദേശം പരിഹരിക്കാനായ ഹൈക്കമാൻഡിന്റെ അടുത്ത നീക്കങ്ങൾ രാജസ്ഥാനിലാണ്.
47ലേക്ക് കടക്കുമ്പോഴും 18 കാരിയുടെ തിളക്കം; കാജോളിന് പിറന്നാള്‍ ആശംസയുമായി സിനിമ ലോകം

രാജ്യത്ത് കോൺഗ്രസ് അധികാരത്തിലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കേണ്ടത് ദേശീയ തലത്തിൽ തന്നെ കോൺഗ്രസ് മുൻഗണന അടിസ്ഥാനത്തിൽ ആദ്യം പരിഗണിക്കേണ്ട വിഷയമാണ്. പ്രത്യേകിച്ച് സച്ചിൻ പൈലറ്റിന്റെ വിമത മുന്നറിയിപ്പുകൾ ഉള്ള നിലയ്ക്ക്. പ്രധാനമായും അശോക് ഗെലോട്ട് നയിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയാണ് സംസ്ഥാന-ദേശീയ നേതൃത്വത്തിന് മുന്നിലുള്ളത്. എന്നാൽ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭൂഹങ്ങളും ചർച്ചകളും തുടരുമ്പോൾ കോൺഗ്രസ് നേതൃത്വം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കാണ്.
രാജസ്ഥാനിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ് വരും മാസങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഉദയ്പൂരിലെ വല്ലഭ് നഗറിലും പ്രതാപ്ഗട്ടിലെ ദാരിയാവാദിലും നടക്കുന്ന തിരഞ്ഞെടുപ്പിനെ അതീവ പ്രാധാന്യത്തോടെയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. അതുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ തന്നെ സംസ്ഥാന നേതൃത്വം. ഇതിന്റെ ഭാഗമായി രാജസ്ഥാൻ പിസിസി പ്രസിഡന്റ് ഗോവിന്ദ് ദട്ടോശരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം രണ്ട് മേൽനോട്ട സമിതികൾക്ക് രൂപം നൽകി.

"അടുത്തിടെ രാജസ്ഥാനിൽ നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രണ്ടിലും കോൺഗ്രസ് വിജയിച്ചു, ഇപ്പോൾ ഞങ്ങൾ അടുത്ത രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പാർട്ടിയും പ്രാദേശിക നേതാക്കളും തമ്മിലുള്ള അടുത്ത ഏകോപനം വഴി ഉപതിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലും വിജയം നേടുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്,"ഗതാഗത മന്ത്രി പ്രതാപ് സിംഗ് കക്രിയാവാസ് പറഞ്ഞു.
സംസ്ഥാനത്തെ രണ്ട് മുതിർന്ന മന്ത്രിമാർ നേതൃത്വം നൽകുന്ന മേൽനോട്ട സമിതികൾക്ക് ദേശീയ നേതൃത്വത്തിൽ നിന്നുള്ള പ്രത്യേക നിർദേശങ്ങളും ലഭിക്കുമെന്നാണ് റിപ്പോർട്ട്. മുൻ മന്ത്രിമാരും ഈ സമിതിയുടെ ഭാഗമാണ്. ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല എന്ന് വ്യക്തമാക്കുക കൂടിയാണ് കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാനായാൽ ജനങ്ങൾക്കിടയിൽ ഒരിക്കൽകൂടി തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ സാധിക്കും. ഇത് വലിയ ഭാവിയെ മുന്നിൽ കണ്ട് പ്രവർത്തനം ആരംഭിച്ചിരിക്കുന്ന കോൺഗ്രസിന് ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്.

ഉപതിരഞ്ഞെടുപ്പിനുള്ള ആദ്യകാല തയ്യാറെടുപ്പിലൂടെ, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രാജസ്ഥാനിലെ മേവാർ, തെക്കൻ ഗോത്ര മേഖലകളിലെ ജാതി സമവാക്യത്തിലും രാഷ്ട്രീയത്തിലും തന്റെ പാണ്ഡിത്യം കാണിക്കാൻ ലക്ഷ്യമിടുന്നു. "രാജ്പുത് ആധിപത്യമുള്ള വല്ലഭ് നഗറിൽ കോൺഗ്രസിന്റെ വിജയം, പ്രതാപ്ഗഡ് ജില്ലയിലെ ധരിയവാഡിലെ ആദിവാസി സീറ്റ്, പല വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന രാജസ്ഥാൻ ബിജെപിയിൽ കൂടുതൽ സ്വാധീനം ചെലുത്തും. 2018 ൽ ധരിയവാഡ് ബിജെപി ജയിച്ചപ്പോൾ ബിജെപി വിമതർ സൃഷ്ടിച്ച ത്രികോണ മത്സരത്തിൽ വല്ലഭ് നഗറിൽ കോൺഗ്രസ് വിജയിച്ചിരുന്നു.
അതേസമയം എഐസിസി ജനറൽ സെക്രട്ടറിമാരായ അജയ് മാഖൻ, കെ.സി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിസഭാ പുനഃസംഘടന ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. ഗെലോട്ട്-പൈലറ്റ് വിഭാഗങ്ങൾ തമ്മിലുള്ള അധികാര തർക്കമാണ് പുനഃസംഘടന നീണ്ടുപോകാൻ കാരണം. ഇരുവർക്കും സ്വീകര്യമാകുന്ന ഒരു ഫോർമുല തയാറാക്കാനുള്ള നീക്കങ്ങളാണ് ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ നടക്കുന്നത്.

സ്വതന്ത്ര്യ ദിനത്തിന് മുൻപ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് സച്ചിൻ പൈലറ്റ് ക്യാംപ്. നിലവിലെ ഒഴിവുകൾ മാത്രം നികത്തി പുനഃസംഘടനയില്ലാതെ മന്ത്രിസഭ മുന്നോട്ട് പോകണമെന്ന നിർദേശമാണ് അശോക് ഗെഹ്‌ലോട്ട് കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വെച്ചിരിക്കുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്. മന്ത്രിസഭയിൽ ഒൻപത് ക്യാബിനറ്റ് പദവികളാണ് ഒഴിവുള്ളത്. ഇതിലേക്ക് മൂന്ന് വിഭാഗം ആളുകളാണ് കണ്ണും നട്ടിരിക്കുന്നത്. അശോക് ഗെഹ്‌ലോട്ടിന്റെ തന്നെ വിശ്വസ്തർ ഒരു വശത്തും സച്ചിൻ പൈലറ്റിനെ പിന്തുണയ്ക്കുന്നവർ മറ്റൊരു വശത്തും. ഇവർ രണ്ടുപേർക്കും പുറമെ സ്വതന്ത്രരുടെയും ബിഎസ്‌പി(ബഹുജൻ സമാജ് പാർട്ടി)യിൽ നിന്നും കോൺഗ്രസിലെത്തിയ മറ്റൊരു വിഭാഗം എംഎൽഎമാരും.
അതേസമയം അജയ് മാഖനുമായി സംസാരിച്ച ചില മന്ത്രിമാർ സ്വയം സ്ഥാനമൊഴിയാമെന്ന് അദ്ദേഹത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. സംഘടന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അവർ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്. അധികാര വടംവലിയിൽ നട്ടംതിരിയുന്ന കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം ഇതൊരു ശുഭ സൂചനയാണ്.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് രാജസ്ഥാൻ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമാണ്. അതിന് മുൻപ് സംസ്ഥാന തലത്തിൽ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് അന്ത്യം കുറിക്കേണ്ടതുണ്ട്. അതിൽ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പും മന്ത്രിസഭാ പുനഃസംഘടനയും നിർണായകമാകും. സച്ചിനെ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവരാനുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തുകയാണെങ്കില്‍ അതിന് വലിയ അനുനയ ശ്രമങ്ങള്‍ തന്നെ വേണ്ടി വരും. ഡികെ ശിവകുമാര്‍ ഉള്‍പ്പടേയുള്ള നേതാക്കളെ സംസ്ഥാനത്ത് എത്തിച്ചാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നത്.
സച്ചിന്‍ 2023ല്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ മുഖമാകുമെന്ന് രാഹുല്‍ സൂചിപ്പിച്ച് കഴിഞ്ഞു. ഗെലോട്ടിനോട് വഴിമാറണമെന്ന നിര്‍ദേശവും രാഹുല്‍ നല്‍കുന്നുണ്ട്. ഗെലോട്ട് മൂന്ന് ടേം മുഖ്യമന്ത്രിയായി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ കേന്ദ്ര മന്ത്രിയായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്. ഇനിയും എന്ത് പദവികളൊന്നും അദ്ദേഹത്തിന് ലഭിക്കാനില്ല. ഈ സാഹചര്യത്തില്‍ അടുത്ത തവണ ഗെലോട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ദേശീയ തലത്തിലേക്ക് വരണമെന്നാണ് രാഹുലിന്റെ ആവശ്യം. 2018ൽ ബിജെപിയെ വീഴ്ത്തി രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കുന്നതിൽ പിസിസി അധ്യക്ഷനെന്ന നിലയ്ക്ക് സച്ചിൻ പൈലറ്റിന്റെ പങ്ക് വലുതായിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖവും സച്ചിൻ പൈലറ്റ് തന്നെയായിരുന്നു. എന്നാല്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടിന് വീണ്ടും ഒരു അവസരം നല്‍കനായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം.












Click it and Unblock the Notifications