വനിതാ സംവരണ ബില്‍ കൊണ്ടുവരുമോ..? സ്ത്രീ ശാക്തീകരണ മുദ്രാവാക്യവുമായി ആര്‍എസ്എസ്
പൂനെ: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ കൊണ്ടുവന്നേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെ സ്ത്രീ ശാക്തീകരണം പ്രധാന ചര്‍ച്ചാ വിഷയമാക്കി ആര്‍ എസ് എസ്. ശനിയാഴ്ച പൂനെയില്‍ സമാപിച്ച ആര്‍ എസ് എസ് അഖില ഭാരതീയ സമന്യായ് ബൈഠക്കിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന് സ്ത്രീ ശാക്തീകരണമായിരുന്നു. യോഗത്തില്‍ ആദ്യദിനം ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയും പങ്കെടുത്തിരുന്നു.
സ്ത്രീ മുന്നേറ്റം സാധ്യമാക്കാന്‍ ആര്‍ എസ് എസിന്റെ വിവിധ ക്ഷേത്രസംഘടനകള്‍ പരിശ്രമിക്കുമെന്ന് സഹ സര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു. 'സ്ത്രീകള്‍ ഒരു പ്രധാന പങ്ക് വഹിക്കണം. അതുകൊണ്ട് എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ അഖിലേന്ത്യാ ഏകോപന യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടു,' മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

ഇന്ത്യന്‍ ആശയത്തില്‍ കുടുംബമാണ് ഏറ്റവും ചെറിയ യൂണിറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തില്‍ സ്ത്രീകളുടെ പങ്ക് വളരെ പ്രധാനമാണ്. അതിനാല്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും സ്ത്രീകള്‍ നേതൃപരമായ പങ്ക് വഹിക്കണം എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വിവിധ മേഖലകളില്‍ സ്ത്രീകളുടെ വര്‍ധിച്ച് വരുന്ന പങ്കാളിത്തത്തെ ആര്‍ എസ് എസ് അഭിനന്ദിച്ചു. ആര്‍ എസ് എസിന്റെ സെന്റിനറി സ്‌കീമിന് കീഴിലാണ് വിഷയം പ്രധാനമായും ചര്‍ച്ച ചെയ്തത്.
36 സംഘടനകളില്‍ നിന്നായി 246 പ്രതിനിധികള്‍ പങ്കെടുത്തതായിരുന്നു യോഗം. എല്ലാ മേഖലയിലെയും മഹിളകളെ ഒരുമിച്ച് ചേര്‍ക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 411 സ്ത്രീശക്തിസമ്മേളനങ്ങള്‍ സംഘടിപ്പിക്കും എന്നും ഇതുവരെ 12 സംസ്ഥാനങ്ങളിലായി 73 സമ്മേളനങ്ങള്‍ സംഘടിപ്പിച്ചുവെന്നും അതില്‍ 123000 സ്ത്രീകള്‍ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
നാളെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കുന്നത്. എന്തൊക്കെയാണ് സമ്മേളനത്തിലെ അജണ്ടകള്‍ എന്ന് ഇപ്പോഴും വ്യക്തമല്ല. സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക സമ്മേളനം ചേരുന്നത്. ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും 33% സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യാനാണ് വനിതാ സംവരണ ബില്‍ പറയുന്നത്. 1996-ല്‍ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 81-ാം ഭേദഗതി ബില്ലായി പാര്‍ലമെന്റില്‍ ഇത് അവതരിപ്പിച്ചിരുന്നു.
എന്നാല്‍ സഭയുടെ അംഗീകാരം നേടുന്നതില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ബി ആര്‍ എസും വനിതാ ക്വാട്ടയെ പിന്തുണച്ചിരുന്നുവെങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ള പല പാര്‍ട്ടികളും ഇതിനെതിരെ സജീവമായി രംഗത്തുണ്ട്.












Click it and Unblock the Notifications