യെദ്യൂരപ്പയുടെ നെഞ്ചത്തേക്ക് അമിത് ഷായുടെ സെൽഫ് ഗോൾ! സ്വന്തം മുഖ്യമന്ത്രി അഴിമതി വീരൻ
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചാണക്യതന്ത്രം മെനയാന്‍ എത്തിയ അമിത് ഷാ ഇതുപോലൊരു പണി കൊടുക്കുമെന്ന് യെദ്യൂരപ്പ സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല. ലിംഗായത്ത് സമുദായത്തെ പ്രത്യേക മതമാക്കിയുള്ള സിദ്ധരാമയ്യയുടെ പണിക്ക് മറുപണി കൊടുക്കാനും സംസ്ഥാനത്തെ ബിജെപിക്ക് ഊര്‍ജമേകാനുമാണ് എത്തിയതെങ്കിലും സെല്‍ഫ് ഗോളടിക്കാനായിരുന്നു അമിത് ഷായുടെ വിധി.
കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ്‌ക്കെതിരെ വാര്‍ത്താ സമ്മേളനത്തില്‍ ആഞ്ഞടിക്കേ അമിത് ഷായ്ക്ക് ചെറുതായൊന്ന് നാക്ക് പിഴച്ചു. സിദ്ധരാമയ്യ എന്നതിന് പകരം പറഞ്ഞത് യദ്യൂരപ്പ എന്നായിപ്പോയി. ചെറിയ ഈ നാക്ക് പിഴ കര്‍ണാകയിലെ ബിജെപിയെ നാണക്കേടിന്റെ പടുകുഴിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ അഴിമതി സര്‍ക്കാര്‍ ഏതെന്ന് മത്സരം നടത്തിയാല്‍ യദ്യൂരപ്പ സര്‍ക്കാരിന് ഒന്നാം സ്ഥാനം ലഭിക്കുമെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി പറഞ്ഞിരുന്നു എന്നാണ് അമിത് ഷാ അഭിപ്രായപ്പെട്ടത്. ഷാ ഉദ്ദേശിച്ചത് സിദ്ധരാമയ്യ എന്നായിരുന്നുവെങ്കിലും നാക്കില്‍ വന്നത് സ്വന്തം മുഖ്യമന്ത്രിയും സ്ഥാനാര്‍ത്ഥിയുമായ യെദ്യൂരപ്പയുടെ പേരായിപ്പോയി. യെദ്യൂരപ്പയുടെ സാന്നിധ്യത്തിലായിരുന്നു അമിഷ് ഷായുടെ നാക്ക് പിഴ. തൊട്ടടുത്തിരുന്ന ബിജെപി നേതാവ് ഉടന്‍ തന്നെ തിരുത്തിക്കൊടുത്തുവെങ്കിലും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു.
സ്വന്തം സ്ഥാനാര്‍ത്ഥിയെ ബിജെപി അധ്യക്ഷന്‍ തന്നെ അഴിമതിക്കാരനെന്ന് വിളിച്ചത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വഴി വന്‍ പ്രചാരണമാണ് നടത്തുന്നത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ അമിത്ഷായുടെ വാര്‍ത്താ സമ്മേളനം ട്വീറ്റ് ചെയ്തു. കള്ളങ്ങളുടെ ഷാ ഒടുക്കം സത്യം പറഞ്ഞു, നന്ദി എന്നാണ് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തത്. കര്‍ണാടക മുന്‍മുഖ്യമന്ത്രിയായ യെദ്യൂരപ്പ അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് 2011ല്‍ രാജി വെച്ചത്. നിരവധി അഴിമതി ആരോപണങ്ങള്‍ ഭരണകാലത്ത് യെദ്യൂരപ്പ നേരിട്ടിരുന്നു എന്നത് കൊണ്ടുകൂടിയാണ് അമിത് ഷായുടെ വാക്കുകള്‍ ബിജെപിക്ക് വന്‍ തിരിച്ചടിയായിരിക്കുന്നത്.
The #ShahOfLies finally speaks truth. Thank you @AmitShah pic.twitter.com/WczQdUfw5U
— Siddaramaiah (@siddaramaiah) March 27, 2018












Click it and Unblock the Notifications