കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ സ്വീകരിക്കണം; ഉവൈസിയോട് അപേക്ഷിച്ച് അമിത് ഷാ
ന്യൂഡല്‍ഹി; ഉത്തര്‍ പ്രദേശില്‍ വച്ച് ആക്രമണം നേരിട്ട എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സുരക്ഷ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാര്‍ലമെന്റില്‍ വിശദീകരണം നല്‍കവെയാണ് അമിത് ഷാ ഇക്കാര്യം ആവശ്യപ്പെട്ടത്. ഉവൈസിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും ശക്തമായ രണ്ടാമത്തെ സുരക്ഷയാണിത്. ബുള്ളറ്റ് പ്രൂഫ് കാറും അനുവദിക്കും. എന്നാല്‍ ഉവൈസി സുരക്ഷ വേണ്ടെന്ന് പറഞ്ഞു. ബഹുമാനപ്പെട്ട സഭാ അംഗത്തോട് സുരക്ഷ സ്വീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നുവെന്നും അമിത് ഷാ പറഞ്ഞു.
വാഹനത്തിലെത്തിയ രണ്ടു പേരാണ് ഉവൈസിയെ വെടിവച്ചത്. അദ്ദേഹം രക്ഷപ്പെട്ടു. പക്ഷേ വാഹനത്തില്‍ ബുള്ളറ്റുകള്‍ തറച്ചു. മൂന്ന് പേര്‍ സാക്ഷികളുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടു പേരെ അറസ്റ്റ് ചെയ്തു. രണ്ടു പിസ്റ്റള്‍ കണ്ടെടുത്തു. ഒരു മാരുതി ആള്‍ട്ടോ കാര്‍ പിടിച്ചു. പ്രതികളെ ചോദ്യം ചെയ്തു. പോലീസ് സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. യുപിയില്‍ ക്രമസമാധാന പ്രശ്‌നമില്ലെന്നും അമിത് ഷാ പറഞ്ഞു.

ഉവൈസി യുപിയിലെ പരിപാടികള്‍ സംബന്ധിച്ച് പോലീസിനെ അറിയിച്ചിരുന്നില്ല. ഹാപൂര്‍ ജില്ലയിലെ ഉവൈസിയുടെ പരിപാടിയെ പറ്റി പോലീസ് അറിഞ്ഞിരുന്നില്ല. ഉവൈസി ഇസഡ് സുരക്ഷ സ്വീകരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ വേണ്ടെന്ന് ഉവൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ വേണ്ട. എ കാറ്റഗറി പൗരനായാല്‍ മതി. എന്തുകൊണ്ടാണ് കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താതിരുന്നത്. ബിജെപി സര്‍ക്കാരുകള്‍ മുസ്ലിങ്ങള്‍ക്കെതിരെ വ്യാപകമായി യുഎപിഎ ചുമത്തുകയാണെന്ന പരോക്ഷ വിമര്‍ശനവും അദ്ദേഹം നടത്തി.
അര്‍ധ സൈനിക വിഭാഗമായ സിആര്‍പിഎഫിന്റെ മുഴുവന്‍ സമയ സുരക്ഷയാണ് ഇസഡ് കാറ്റഗറിയിലുള്ളത്. അറസ്റ്റിലായ രണ്ടു പ്രതികളെയും 14 ദിവസം റിമാന്റ് ചെയ്തിരിക്കുകയാണ്. മറ്റു ചില കേസുകളിലും പ്രതിയാണ് അറസ്റ്റിലായ സച്ചിന്‍. ഇയാള്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകനാണ്. ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന സച്ചിന്റെ ഫോട്ടോയും പുറത്തുവന്നിരുന്നു. ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. മറ്റൊരു പ്രതിയായ ശുഭം സഹാറന്‍പൂരിലെ കര്‍ഷകനാണ്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. മീററ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരവെയാണ് ടോള്‍ പ്ലാസക്കടുത്ത് വച്ച് ഉവൈസിക്ക് നേരെ വെടിവയ്പ്പുണ്ടായത്. അദ്ദേഹം കാറില്‍ ബുള്ളറ്റ് തറച്ച ചിത്രം പരസ്യമാക്കിയതോടെയാണ് സംഭവം വലിയ ചര്‍ച്ചയായത്. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ഇത്തവണ ഉവൈസിയുടെ പാര്‍ട്ടിയും മല്‍സരിക്കുന്നുണ്ട്.












Click it and Unblock the Notifications