നിലയ്ക്ക് നിന്നില്ലെങ്കില്‍ പുറത്ത് പോണം; അമിത് ഷാ ഒച്ചവച്ചു, ബിജെപി നേതാക്കള്‍ ശാന്തരായി!!
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പക്കും നിയമസഭയിലെ പ്രതിപക്ഷ നേതാവ് കെ എസ് ഈശ്വരപ്പക്കുമാണ് ദേശീയ നേതാവിന്റെ മുന്നറിയിപ്പ്.
ബെംഗളൂരു: ഭിന്നതകള്‍ അവസാനിപ്പിച്ച് ഒരുമിച്ച് നീങ്ങാന്‍ സാധിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്ത് പോവണമെന്ന് കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ താക്കീത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പക്കും നിയമസഭയിലെ പ്രതിപക്ഷ നേതാവ് കെ എസ് ഈശ്വരപ്പക്കുമാണ് ദേശീയ നേതാവിന്റെ മുന്നറിയിപ്പ്.
അമിത് ഷാ കടുത്ത നിലപാടെടുത്തതോടെ നേതാക്കള്‍ വെടിനിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. സംഗോളി രായണ്ണയുടെ പേരില്‍ പാര്‍ട്ടി നേരിട്ടാവും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുക. സംഗോളി രായണ്ണ ബ്രിഗേഡിന്റെ പേരില്‍ നടത്താനായിരുന്നു നേരത്തെയുളള തീരുമാനം. പാര്‍ട്ടിയുയടെ ബാനറില്‍ മതി പരിപാടിയെന്ന് ഇരുനേതാക്കളും സമ്മതിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ ഒബിസി മോര്‍ച്ചയായിരിക്കും പരിപാടിക്ക് നേതൃത്വം നല്‍കുക. യെദ്യൂരപ്പയും ഈശ്വരപ്പയും പരിപാടികളില്‍ പങ്കെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു പറഞ്ഞു. ഇരുനേതാക്കളും എല്ലാ ജില്ലകളിലും യാത്ര ചെയ്ത് അനുസ്മരണ പരിപാടികളില്‍ സംബന്ധിക്കും.
പാര്‍ട്ടിയുടെ പാരമ്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെങ്കില്‍ രണ്ടുപേരും ബിജെപി വിടണമെന്നാണ് യെദ്യൂരപ്പക്കും ഈശ്വരപ്പക്കും അമിത് ഷാ നല്‍കിയ നിര്‍ദേശം. ഈ ഭീഷണിക്ക് മുമ്പില്‍ ഇരുവരും വഴങ്ങി. തുടര്‍ന്നാണ് സമാധാന കരാറിലെത്തിയത്.
ഇരുവരും ഒരുമിച്ച് നീങ്ങണം. പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനാണ് സംഗോളി രായണ്ണ അനുസ്മരണം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഈശ്വരപ്പയും യെദ്യൂരപ്പയും പരിപാടികളില്‍ സംബന്ധിക്കണം-ഇതായിരുന്നു അമിത് ഷായുടെ നിര്‍ദേശം.
കര്‍ണാടകയിലെ സ്ഥിതിഗതികള്‍ സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാരോട് അമിത് ഷാ ചോദിച്ചിരുന്നു. പ്രശ്‌നങ്ങള്‍ക്ക് കാരണം യെദ്യൂരപ്പയും ഈശ്വരപ്പയുമാണെന്ന് മന്ത്രിമാര്‍ അമിത് ഷായെ ധരിപ്പിച്ചു. രണ്ട് നേതാക്കളും ഭിന്നിച്ച് നില്‍ക്കുന്നത് കാരണം ശക്തമായ പ്രതിപക്ഷമായി കര്‍ണാടകത്തില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ലെന്ന് മന്ത്രിമാര്‍ അറിയിച്ചത് അനുസരിച്ചാണ് അമിത് കടുത്ത നിലപാടെടുത്തത്.












Click it and Unblock the Notifications