ഇന്ത്യ ബീഫ് കയറ്റുമതിയില്‍ മുമ്പില്‍; പണം തീവ്രവാദത്തിനെന്ന് മനേക ഗാന്ധി
ജയ്പൂര്‍: ലോകത്ത് ഏറ്റവും കൂടുതല്‍ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതില്‍ ഇന്ത്യ ചൈനയേക്കാള്‍ മുമ്പിലാണെന്ന് കേന്ദ്ര മന്ത്രി മനേക ഗാന്ധി. ജയ്പൂരില്‍ ഇന്ത്യ ഫോര്‍ ആനിമല്‍ കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്നും അവര്‍ വ്യക്തമാക്കി.
ഞെട്ടിക്കുന്ന രീതിയിലാണ് ഇന്ത്യയില്‍ ഗോവധം നടക്കുന്നതെന്ന് മനേകാ ഗാന്ധി പറഞ്ഞു. മാംസത്തിനും തോലിനും വേണ്ടിയാണ് കശാപ്പുകാര്‍ ഗോവധം നടത്തുന്നത്. മാംസവില്‍പ്പനയ്ക്കായി 25,000ത്തോളം വെബ്‌സൈറ്റുകളുണ്ട്. ഇവയിലൂടെ ലഭിക്കുന്ന പണം മുഖ്യമായും ഉപയോഗിക്കുന്നത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യക്കാര്‍ ആണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് ഏതെങ്കിലും സമൂഹത്തെ കുറ്റപ്പെടുത്താന്‍ താന്‍ തയ്യാറല്ലെന്ന് മനേക പറഞ്ഞു. ഗോവധം മാത്രമല്ല, മിക്ക ജന്തുക്കളും ഇന്ത്യയില്‍ മാംസത്തിനുവേണ്ടി കൊല്ലപ്പെടുന്നുണ്ട്. രാജസ്ഥാനില്‍ മാനുകള്‍ വലിയതോതില്‍ വേട്ടയ്ക്കിരയാകുന്നുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ ഇരുന്ന് ഇക്കാര്യം താന്‍ അറിയുന്നുണ്ടെന്നും അവര്‍ അറിയിച്ചു.
കശാപ്പുകാരുടെ കച്ചവടം അവസാനിപ്പിക്കാനായി സേവ് ആനിമല്‍സ് മൂവ്‌മെന്റ് എന്ന സംഘടനയില്‍ അംഗമാകാന്‍ മനേക പരിപാടിയില്‍ പങ്കെടുത്ത എന്‍.ജി.ഒമാരോടും, വോളന്റിയര്‍മാരോടും, പൊതുജനങ്ങളോടും ആവശ്യപ്പെട്ടു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ത്തന്നെ മുനിസിപ്പല്‍ അധികൃതരെ അറിയിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications