ബിഎസ്പിക്ക് തിരിച്ചടി: ഡാനിഷ് അലി എംപി കോണ്‍ഗ്രസിലേക്ക്? ചർച്ചകള്‍ നടന്നതായി സൂചന
ഡല്‍ഹി: ബിഎസ്പിയില്‍ നിന്നും പുറത്താക്കപ്പെട്ട ഡാനിഷ് അലി എംപി കോണ്‍ഗ്രസിലേക്കെന്ന് സൂചന. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമായിരുന്നു ഡാനിഷ് അലിയെ ബി എസ് പി പാർട്ടിയില്‍ നിന്നും പുറത്താക്കിയത്. ടി എം സി എംപി മഹുവ മൊയ്ത്രയെ പുറത്താക്കിയതില്‍ പാർലമെന്റില്‍ പ്രതിഷേധിച്ചത് ഉള്‍പ്പെടേയുള്ള നടപടികളാണ് ബി എസ് പി നേതൃത്വത്തെ പ്രകോപിതരാക്കിയതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബി എസ് പിയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹം കോണ്‍ഗ്രസ് ചേരിയിലേക്ക് എത്തുമെന്നാണ് സൂചന. കൂറുമാറ്റ നിരോധന നിയമത്തിന്റെ പ്രശ്നം ഉള്ളതിനാല്‍ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേർന്നേക്കില്ലെങ്കിലും പാർട്ടിയുമായി സഹകരിച്ച് പോകാനായിരിക്കും നീക്കും. അല്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാജിവെച്ച് കോണ്‍ഗ്രസ് അംഗത്വം നേടും.

കോൺഗ്രസിൽ ചേരുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, "എന്നോട് മറ്റെന്തെങ്കിലും ചോദിക്കൂ," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികണം. ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയ്‌ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന് പുറത്ത് ഏകാന്ത പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് എന്നാണ് ശ്രദ്ധേയം. അദ്ദേഹത്തിന് പിന്തുണയുമായി മറ്റ് പ്രതിപക്ഷ അംഗങ്ങളും രംഗത്ത് വന്നിരുന്നു.
താൻ ഒരു പാർട്ടി വിരുദ്ധ പ്രവർത്തനത്തിലും ഏർപ്പെട്ടിട്ടില്ലെന്ന് ട്വിറ്റററിലും അദ്ദേഹം കുറിച്ചു. ബി എസ് പിയെ ശക്തിപ്പെടുത്താനാണ് ആത്മാർഥമായി ശ്രമിച്ചിട്ടുള്ളത്. അംറോഹയിലെ ജനങ്ങൾ അതിന് സാക്ഷിയാണ്. ബി ജെ പി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ തീർച്ചയായും എതിർത്തിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
എന്നെ ലോക്‌സഭാ എംപിയാക്കിയതിന് ബിഎസ്‌പി അധ്യക്ഷ മായാവതിയോട് ഞാൻ എപ്പോഴും നന്ദിയുള്ളവനാണെന്നും ബിഎസ്‌പിയെ ശക്തമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില വ്യവസായികൾ രാജ്യത്തിന്റെ വിഭവങ്ങൾ കൊള്ളയടിക്കുന്നതിനെതിരെ ഞാൻ എന്റെ ശബ്ദം ഉയർത്തിയിരുന്നു, അത് തുടരുകയും ചെയ്യുമെന്നും അദ്ദേഹം ആവർത്തിക്കുന്നു.
അതേസമയം, 'പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായി ഒരു പ്രസ്താവനയും നടത്തരുതെന്ന് നിങ്ങളോട് പലതവണ വാക്കാൽ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും നിങ്ങൾ പാർട്ടിക്കെതിരെ തുടർച്ചയായി പ്രവർത്തിക്കുകയാണ്.' എന്നാണ് സസ്പെന്‍ഷന്‍ വിവരം പങ്കുവെച്ചുകൊണ്ട് അലിക്ക് നല്‍കിയ കത്തില്‍ ബി എസ് പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര വ്യക്തമാക്കിയത്.












Click it and Unblock the Notifications