യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ഗുണ്ടാ നേതാവിന്റെ മകൻ കൊല്ലപ്പെട്ടു
യുപിയിൽ എംഎൽഎ ഉമേഷ് പാൽ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ ആതിക് അഹമ്മദിന്റെ മകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആസാദ്അഹമ്മദാണ് കൊല്ലപ്പെട്ടത്. കേസിലെ മറ്റൊരു പ്രതിയായ വിജയ് ചൗധരിയും യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ട ഇരുവരും ഉമേഷ് പാൽ കൊലക്കേസിൽ പോലീസ് തിരയുന്നവരാണ്.
ആസാദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് യുപി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഉച്ചയോടെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ സംഘത്തിന് നേരെ ഗുലാം വെടിയുതിർക്കുകയായിരുന്നുവെന്നും പ്രതിരോധത്തിനിടയിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് വാദം.

പ്രതികളിൽ നിന്ന് അത്യാധുനിക ആയുധങ്ങളും പുതിയ സെൽഫോണുകളും സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.ഉമേഷ് പാലിന്റെ കൊലപാതകത്തിന് ശേഷം അസദ് അഹമ്മദ് ലഖ്‌നൗവിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്. പിന്നീട് ഇയാൾ കാൺപൂരിലേക്കും തുടർന്ന് മീററ്റിലേക്കും പോയിരുന്നു.
തുടർന്ന് മധ്യപ്രദേശിലേക്ക് പലായനം ചെയ്യാൻ തീരുമാനിച്ചു. ഝാൻസിയിലെത്തിയ ഇയാൾ ബൈക്കിൽ സംസ്ഥാന അതിർത്തിയിലേക്ക് പോവുകയായിരുന്നു. ഈ സമയത്താണ് പോലീസിന് വിവരം ലഭിച്ചത്.ആതിഖ് അഹമ്മദിന്റെ സംഘത്തിൽ ഒരു ഇൻഫോർമർ ഉണ്ടായിരുന്നതായും ഇയാളാണ് ആസാദിന്റെ ഒളിത്താവളത്തെക്കുറിച്ച് വിവരം കൈമാറിയതെന്നും പോലീസ് അറിയിച്ചു.
രണ്ട് ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള 12 പേരടങ്ങുന്ന സംഘമാണ് ഓപ്പറേഷൻ നടത്തിയത്. ഝാൻസിയിലെ ബബിന റോഡിലാണ് ഏറ്റുമുട്ടൽ നടന്നതെന്നും ഏറ്റുമുട്ടലിൽ 42 റൗണ്ടുകളാണ് വെടിയുതിർത്തതെന്നും പോലീസ് വിശദീകരിച്ചു. കൊലക്കേസിൽ ആതിഖ് അഹമ്മദിനെ കോടതിയിൽ ഹാജരാക്കിയ ദിവസമാണ് കൊല നടന്നത്. കേസിൽ 14 ദിവസത്തേക്ക് ആതിഖിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
2005ൽ ബി എസ് പി എം എൽ എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായിരുന്നു അഭിഭാഷകനായ ഉമേഷ് പാൽ. ഫെബ്രുവരി 24 ന്, പ്രയാഗ്‌രാജിലെ വീടിന് പുറത്ത് വെച്ച് ഉമേഷിന് വെടിയേൽക്കുകയായിരുന്നു. അദ്ദേഹത്തിന് കാവൽ നിന്ന സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.സമാജ്‍വാദി പാർട്ടിയുടെയും ബിഎസ്പിയുടെയും അനുയായികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ 2005 ജനുവരിയിലാണ് രാജുപാൽ വെടിയേറ്റ് മരിച്ചത്.
നിരവധി കേസുകളിൽ പ്രതിയാണ് മുൻ സമാദ്വാദി എംപി കൂടിയായ ആതിഖ്. തന്നെ പോലീസ് ഏത് നിമിഷവും വകവരുത്തിയേക്കുമെന്ന് അടുത്തിടെ ആതിഖ് ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ആതിഖിന്റെ മകൻ കൊല്ലപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications