ജയലളിത എല്ലായിപ്പോഴും നിരീക്ഷണത്തിലെന്ന് അപ്പോളോ ആശുപത്രി
ചെന്നൈ: രണ്ടാഴ്ചയോളമായി അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സദാ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുബിയ വിശ്വനാഥന്‍ ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
മുഖ്യമന്ത്രി ജയലളിത സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. കരള്‍രോഗത്തിനുള്ള ചികിത്സ തുടരുന്നതിനൊപ്പം അണുബാധ നീക്കാനാള്ള ചികിത്സയും ഇതോടൊപ്പം നടത്തുന്നുണ്ടെന്നും പത്രക്കുറിപ്പ് പറയുന്നു. സപ്തംബര്‍ 22 മുതലാണ് 68 കാരിയായ ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിര്‍ജലീകരണവും പനിയും ബാധിച്ചായിരുന്നു അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പിന്നീടാണ് രോഗം ഗുരുതരമാണെന്ന സൂചന പുറത്തുവരുന്നത്. ദീര്‍ഘകാലം അവര്‍ക്ക് ചികിത്സ നല്‍കേണ്ടിവന്നേക്കുമെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതരും അറിയിച്ചിരുന്നു.
തമിഴ്‌നാട് ഗവര്‍ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവു, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ തുടങ്ങി പ്രമുഖര്‍ അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയിലെത്തിയെങ്കിലും ജയലളിതയെ ഇവര്‍ക്ക് നേരിട്ട് കാണാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ആശുപത്രിയിലായതിനെ തുടര്‍ന്ന് ഭരണ പ്രതിസന്ധി നേരിടുന്നതിനാല്‍ തമിഴ്‌നാട്ടില്‍ ഭരണമാറ്റം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.












Click it and Unblock the Notifications