അരുണാചൽ പ്രദേശിലും സിക്കിമിലും വോട്ടെടുപ്പ് മന്ദഗതിയിൽ; ജനവിധിയിൽ കണ്ണുംനട്ട് ബിജെപി, ആരെ തുണയ്ക്കും?
ന്യൂഡൽഹി: ഇന്നത്തെ ആദ്യ ഘട്ട പൊതുതിരഞ്ഞെടുപ്പിനൊപ്പം രണ്ട് സംസ്ഥാനങ്ങളിലാണ് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള സിക്കിം, അരുണാചൽ എന്നിവയാണത്. ഇവിടെ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ പോളിങ് മന്ദഗതിയിലാണ് റിപ്പോർട് ചെയ്‌തത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം സിക്കിമിൽ ഏകദേശം 21.20 ശതമാനം വോട്ടും അരുണാചൽ പ്രദേശിൽ 11 മണി വരെ ഏകദേശം 19.46 ശതമാനം വോട്ടുമാണ് രേഖപ്പെടുത്തിയത്. അതായത് വോട്ടെടുപ്പ് ആരംഭിച്ച് നാല് മണിക്കൂറുകൾക്ക് ശേഷമാണ് ഈ നില തുടരുന്നത്. എന്നാൽ വൈകാതെ വോട്ടർമാർ ബൂത്തുകളിലേക്ക് കൂടുതലായി എത്തുമെന്നാണ് രാഷ്ട്രീയ പാർട്ടികൾ കണക്കുകൂട്ടുന്നത്.

അതേസമയം, സിക്കിമിലെ വിജയത്തിൽ മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'നമ്മുൾ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം സംസ്ഥാനത്തിന്റെ വികസനമാണ്. കഴിഞ്ഞ 25 വർഷം കൊണ്ട് ഭരിച്ച സർക്കാരിന് ചെയ്യാൻ കഴിയാത്ത ജോലിയാണ് നമ്മുടെ പാർട്ടി ചെയ്‌തത്... കഴിഞ്ഞ 5 വർഷം കൊണ്ട് നമ്മുടെ പാർട്ടി പ്രവർത്തകർ ജനങ്ങളുടെ ഹൃദയം കീഴടക്കി. 32ൽ 32 സീറ്റുകളും നമുക്ക് തന്നെ ലഭിക്കും എന്നുറപ്പാണ്' അദ്ദേഹം പറഞ്ഞു.
ഇവിടെ മുഖ്യമന്ത്രിയും സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) മേധാവിയുമായ പ്രേം സിങ് തമാങ്, മുൻ മുഖ്യമന്ത്രിയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്‌ഡിഎഫ്) തലവനുമായ പവൻ കുമാർ ചാംലിങ് എന്നിവരുൾപ്പെടെ 146 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. അതിൽ മുൻ ഫുട്‍ബോൾ താരം ബൈച്ചുങ് ബൂട്ടിയയും ഉൾപ്പെടുന്നു.
അതിനിടെ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി 60 അസംബ്ലി സീറ്റുകളിലേക്കും രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കും ഒരേസമയം വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വോട്ട് രേഖപ്പെടുത്തി. തവാങ്ങിലാണ് മുഖ്യമന്ത്രി പെമ ഖണ്ഡു വോട്ട് രേഖപ്പെടുത്തിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടുത്തെ 60 നിയമസഭാ സീറ്റുകളിൽ 41 സീറ്റും നേടിയാണ് ബിജെപി അധികാരത്തിൽ എത്തിയത്. ബിജെപിക്ക് പിന്നിൽ ജനതാദൾ (യുണൈറ്റഡ്) ഏഴ് സീറ്റും നാഷണൽ പീപ്പിൾസ് പാർട്ടി അഞ്ച് സീറ്റും കോൺഗ്രസ് നാല് സീറ്റും നേടിയിരുന്നു. ഇത്തവണ പത്തോളം സീറ്റുകളിൽ എതിരില്ലാതെയാണ് ബിജെപി സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടത്.
ശക്തമായ സുരക്ഷയുടെ സഹായത്തോടെ വൈകീട്ട് അഞ്ചുമണിവരെയാണ് രണ്ട് സംസ്ഥാനങ്ങളിലും പോളിങ് നടക്കുക. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം ജൂൺ രണ്ടിന് പ്രഖ്യാപിക്കും. കാലാവസ്ഥാ വെല്ലുവിളിക്ക് ഇടയിലാണ് അരുണാചലിൽ വോട്ടെടുപ്പ് നടക്കുന്നത്. രാവിലത്തെ സാഹചര്യം മാറി മഴയൊഴിഞ്ഞാൽ ഉച്ചയ്ക്ക് ശേഷം വോട്ടിംഗ് കുത്തനെ ഉയരുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications