അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; ലെഫ്. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിവെച്ചു. രാജ്ഭവനിലെത്തി ലെഫ്.ഗവര്‍ണര്‍ വികെ സക്‌സേനയ്ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയും മനീഷ് സിസോദിയയും കെജ്രിവാളിനൊപ്പമുണ്ടായിരുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്ന കാര്യം കെജ്രിവാള്‍ പ്രഖ്യാപിച്ചത്.
നാല് ദിവസം നാടകീയമായിരുന്നു ഡല്‍ഹി രാഷ്ട്രീയത്തിലെ സാഹചര്യം. ആരാകും അടുത്ത മുഖ്യമന്ത്രി എന്ന അഭ്യൂഹത്തിന് അവസാനമായത് ഇന്നാണ്. അതിഷിയെ പാര്‍ട്ടി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ അതിഷി മുഖ്യമന്ത്രിയായി തുടരും. ഫെബ്രുവരിയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ നേരത്തെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് അരവിന്ദ് കെജ്രിവാള്‍ രാജി സമര്‍പ്പിച്ചിരിക്കുകയാണ്. പാര്‍ട്ടിക്കും ഡല്‍ഹിയിലെ ജനങ്ങള്‍ക്കും ഇതൊരു വൈകാരിക നിമിഷമാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ കെജ്രിവാളിനെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ കാത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഡല്‍ഹിയുടെ കാര്യങ്ങള്‍ നോക്കുമെന്നും അതിഷി പറഞ്ഞു.
നേരത്തെ കെജ്രിവാളിനെ തന്റെ ഗുരുവെന്നാണ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച വേളയില്‍ അതിഷി വിശേഷിപ്പിച്ചത്. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് അദ്ദേഹത്തിന് നന്ദി പറയുകയും ചെയ്തു നിയുക്ത മുഖ്യമന്ത്രി. ആംആദ്മി പാര്‍ട്ടിയില്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ നടക്കുക. കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഞാന്‍ എംഎല്‍എയായി, മന്ത്രിയായി, ഇപ്പോഴിതാ മുഖ്യമന്ത്രിയുമായി. അതില്‍ സന്തോഷവതിയാണ്. എന്നാല്‍ എന്റെ മൂത്ത സഹോദരന്‍ കെജ്രിവാള്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെക്കുന്നതില്‍ വിഷമമുണ്ടെന്നും അതിഷി പറഞ്ഞു.
അതേസമയം കെജ്രിവാളിനെ വീണ്ടും മുഖ്യമന്ത്രിയാക്കുകയാണ് തന്റെ സര്‍ക്കാരിന്റെയും, എംഎല്‍എമാരുടെയും പ്രധാന ലക്ഷ്യമെന്ന് അതിഷി വ്യക്തമാക്കി. നിങ്ങളുടെ മകനും സഹോദരനുമെല്ലാമായ കെജ്രിവാളിനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന് അതിഷി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
കെജ്രിവാളും എഎപിയും എന്നെ വിശ്വസിച്ചു. അതുകൊണ്ടാണ് ഈ ഉത്തരവാദിത്തം എനിക്ക് ലഭിച്ചത്. ആ വിശ്വാസത്തില്‍ സന്തോഷമുണ്ട്. ഡല്‍ഹിക്ക് ഒരു മുഖ്യമന്ത്രി മാത്രമാണ് ഉള്ളത്. അത് കെജ്രിവാളാണെന്നും അതിഷി വ്യക്തമാക്കി.
ബിജെപിയുടെ ഗൂഢാലോചനകളെ എഎപി പ്രതിരോധിക്കും. കെജ്രിവാളിന്റെ വ്യാജ ആരോപണങ്ങളാണ് ബിജെപി ഉന്നയിക്കുന്നതെന്നും അതിഷി ആരോപിച്ചു. നേരത്തെ കെജ്രിവാള്‍ രാജിവെക്കാനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. സുപ്രീം കോടതി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാമെന്ന് പറഞ്ഞതാണ്. പക്ഷേ അത് പോര. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ആ വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ ഞാന്‍ മുഖ്യമന്ത്രി തുടരൂ എന്ന് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു.
ഡല്‍ഹിക്കായി കെജ്രിവാള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. സൗജന്യ വൈദ്യുതി, സൗജന്യ കുടിവെള്ളം, സൗജന്യ ബസ് യാത്രകള്‍, തുടങ്ങി നിരവധി കാര്യങ്ങള്‍ കെജ്രിവാള്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അതിഷി പറഞ്ഞു.












Click it and Unblock the Notifications