ശശികല അടവ് പുറത്തെടുത്തു; 131 എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി, വിമാനത്തില്‍!!
ഡല്‍ഹിയിലേക്ക് പ്രത്യേക വിമാനത്തില്‍ എംഎല്‍എമാരെ കടത്തിയെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
ചെന്നൈ: തമിഴ്നാട്ടില്‍ നിന്ന് വേറിട്ട രാഷ്ട്രീയ നീക്കങ്ങളാണ് പുറത്തുവരുന്നത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ എംഎല്‍എമാരെ തേടിയിറങ്ങിയിരിക്കുകയാണ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും രാജിവച്ച മുഖ്യമന്ത്രി പനീര്‍ശെല്‍വവും.
131 പാര്‍ട്ടി എംഎല്‍എമാരെ ശശികല പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് ഒടുവിലെ റിപോര്‍ട്ടുകള്‍. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിന് ശേഷം ബസില്‍ കയറ്റിയാണ് ഇവരെ കൊണ്ടുപോയത്. ഡല്‍ഹിയിലേക്ക് പ്രത്യേക വിമാനത്തില്‍ എംഎല്‍എമാരെ കടത്തിയെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. പാര്‍ട്ടിക്ക് 134 എംഎല്‍എമാരാണുള്ളത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 117 എംഎല്‍എമാരാണ് വേണ്ടത്. മുഖ്യമന്ത്രി പദത്തിലെത്തുന്നതിനുള്ള തടസം നീക്കുകയാണ് ശശികലയുടെ ലക്ഷ്യം. അതേസമയം, അണ്ണാ ഡിഎംകെ എംപിമാര്‍ രാഷ്ട്രപതിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.

അണ്ണാ ഡിഎംകെയില്‍ ശശികലക്ക് മികച്ച പിന്തുണയുണ്ടെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവങ്ങള്‍. ശശികല മുഖ്യമന്ത്രിയാവണമെന്ന് അഭിപ്രായമുള്ളവരെയാണ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുള്ളതെന്നാണ് വിവരം. പാര്‍ട്ടി വിളിച്ച യോഗത്തില്‍ 131 എംഎല്‍എമാരാണ് പങ്കെടെുത്തതെന്ന് ശശികലയുമായി അടുപ്പമുള്ളവര്‍ അറിയിച്ചു.

പാര്‍ട്ടിയെയും മുന്‍ നേതാവ് ജയലളിതയെയും വഞ്ചിച്ചയാളാണ് ഒ പനീര്‍ശെല്‍വമെന്ന് ശശികല യോഗത്തില്‍ കുറ്റപ്പെടുത്തി. കള്ളമാണ് അദ്ദേഹം പറയുന്നതെന്നും ശശികല പറഞ്ഞു. പനീര്‍ശെല്‍വവുമായി ബന്ധപ്പെടാന്‍ യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്ക് അവസരം ഇല്ലാതാക്കാനാണ് അവരെ മാറ്റിയത്.

ശശികല വിളിച്ച യോഗത്തില്‍ 131 എംഎല്‍എമാരും പങ്കെടുത്തിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. യോഗ ശേഷമാണ് എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. ഗവര്‍ണര്‍ ചെന്നൈയില്‍ തിരിച്ചെത്തി നടപടി സ്വീകരിക്കുംവരെ ഇവരെ ഒളിപ്പിക്കുമെന്നാണ് വിവരം.

അണ്ണാ ഡിഎംകെയെ ഭിന്നിപ്പിക്കാന്‍ ഡിഎംകെയുടെ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്ന് ശശികല പറഞ്ഞു. പാര്‍ട്ടി ഭിന്നിക്കാന്‍ അനുവദിക്കില്ല. അമ്മയെ സ്‌നേഹിക്കുന്നവര്‍ തന്റെ കൂടെയുണ്ടാവുമെന്നാണ് കരുതുന്നത്-ശശികല യോഗത്തില്‍ പറഞ്ഞു.

അണ്ണാ ഡിഎംകെക്ക് 135 അംഗങ്ങളാണ് തമിഴ്‌നാട് നിയമസഭയിലുണ്ടായിരുന്നത്. ഇതില്‍ ജയലളിത മരിച്ചതോടെ അംഗബലം 134 ആയി. പനീര്‍ശെല്‍വവും മറ്റു രണ്ട് എംഎല്‍എമാരും മാത്രമാണ് ശശികല വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.

എംഎല്‍എമാര്‍ കൂടുതലും ശശികലക്ക് ഒപ്പമാണെന്ന് വ്യക്തമാണ്. പനീര്‍ശെല്‍വത്തിനൊപ്പം രണ്ടുപേര്‍ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ മറ്റു അംഗങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് ശശികല ഇവരെ മാറ്റിയത്. ഗവര്‍ണര്‍ തമിഴ്‌നാട്ടില്‍ എത്തുന്നതു വരെ ഇവരെ ഒളിപ്പിക്കും. അദ്ദേഹം മുംബൈയില്‍ നിന്ന് തിരിച്ചെത്താന്‍ വൈകുന്നതില്‍ ശശികല ക്യാംപിന് ആശങ്കയുണ്ട്.

ഗവര്‍ണര്‍ തിരിച്ചെത്തിയാല്‍ ശശികലയുടെ സത്യപ്രതിജ്ഞ നടത്താനാണ് അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗത്തിന്റെ തീരുമാനം. ശശികലക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അടുത്താഴ്ച സുപ്രിംകോടതി വിധി പറയാനിരിക്കെ, ഈ വിഷയത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണ് ഗവര്‍ണര്‍. കേസ് തിരിച്ചടിയായാല്‍ ശശികല രാജിവയ്ക്കേണ്ടി വരും. അതിനാലാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നതെന്നാണ് വിവരം.

തിങ്കളാഴ്ച ഗവര്‍ണര്‍ ചെന്നൈയിലുണ്ടായിരുന്നു. കോയമ്പത്തൂര്‍ വഴി ഡല്‍ഹിയിലേക്ക് പോയ അദ്ദേഹം കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം തിരിച്ചെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹം മുംബൈയിലേക്ക് പോവുകയായിരുന്നു. പിന്നീട് തിരിച്ചു ചെന്നൈയിലെത്തുന്നത് എപ്പോഴാണെന്ന് അറിയിച്ചിട്ടുമില്ല.

തന്നെ നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കുകയായിരുന്നുവെന്ന പനീര്‍ശെല്‍വത്തിന്റെ വാദം ഗവര്‍ണര്‍ അംഗീകരിക്കുമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ കരുതുന്നത്. പനീര്‍ശെല്‍വത്തിന്റെ വാദത്തില്‍ പ്രസക്തിയില്ലെന്നാണ് സൊറാബ്ജി പറയുന്നത്. ഗവര്‍ണര്‍ വിട്ടുനില്‍ക്കുന്നത് സുപ്രിംകോടതി വിധി കാത്തിട്ടാണെന്നാണ് അദ്ദേഹം കരുതുന്നത്.












Click it and Unblock the Notifications