വിശ്വാസ വോട്ടില്‍ മിണ്ടാതെ ഗെലോട്ട്, പകരം 6 ബില്ലുകള്‍, കൊറോണ ചര്‍ച്ച, ഗവര്‍ണറെ പൂട്ടാന്‍ നീക്കം!!
ജയ്പൂര്‍: ഗവര്‍ണര്‍ എത്രയും പെട്ടെന്ന് നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവര്‍ത്തിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പുതിയൊരു നിര്‍ദേശം അദ്ദേഹം ഗവര്‍ണര്‍ കല്‍രാജ് മിശ്രയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇത്തവണ വിശ്വാസ വോട്ടിനെ കുറിച്ച് ഒരക്ഷരം പോലും ഗെലോട്ട് പരാമര്‍ശിച്ചിട്ടില്ല. പകരം സമ്മേളനത്തിന്റെ അജണ്ട കൃത്യമായി അവതരിപ്പിച്ചു. കൊറോണവൈറസിനെ കുറിച്ച് പ്രത്യേക ചര്‍ച്ച നടത്താനും, ആറ് പുതിയ ബില്ലുകള്‍ അവതരിപ്പിക്കാനുമാണ് സമ്മേളനമെന്ന് ഗെലോട്ട് ഗവര്‍ണറെ അറിയിച്ചു.

ഗവര്‍ണര്‍ മിശ്രയെ ശരിക്കും കുരുക്കിലാക്കുന്നതാണ് ഗെലോട്ടിന്റെ നീക്കങ്ങള്‍. അധികാര കൊതിയല്ല, മറിച്ച് ജനങ്ങളോടുള്ള സമര്‍പ്പണം കാരണമാണ് സമ്മേളനം വിളിക്കുന്നതെന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറ്റിയിരിക്കുകയാണ് ഗെലോട്ട്. സമ്മേളനം വിളിച്ച് ചേര്‍ക്കുകയല്ലാതെ ഗവര്‍ണര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. അതേസമയം കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഒരു ഡിജിറ്റല്‍ ക്യാമ്പയിനും ആരംഭിച്ചിരിക്കുകയാണ്. സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി എന്നാണ് ക്യാമ്പയിന്റെ പേര്. ബിജെപി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനെതിരെയുള്ള പോരാട്ടമാണിത്.
അതേസമയം ബിജെപിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് അശോക് ഗെലോട്ട്. വേണ്ടി വന്നാല്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഗെലോട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധമിരിക്കാനും തയ്യാറാണെന്ന് ഗെലോട്ട് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവന് മുന്നില്‍ കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭം വേറെയും സംഘടിപ്പിക്കും. ഇതും സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി ക്യാമ്പയിന്റെ ഭാഗമിട്ടാണ് സംഘടിപ്പിക്കുന്നത്. വിമത എംഎല്‍എമാര്‍ക്കെതിരെ നടപടി ശക്തമാക്കാനും ഗെലോട്ട് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം രാജസ്ഥാന്‍ പോലീസ് വിമത എംഎല്‍എ ഭന്‍വര്‍ലാല്‍ ശര്‍മയ്ക്കായുള്ള തിരച്ചില്‍ ശക്തമാക്കി. ഇയാളെ കണ്ടെത്താന്‍ ഹരിയാനയിലെ മനേസറിലെ ഹോട്ടലില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബന്‍വര്‍ലാലിനെതിരെ നേരത്തെ തന്നെ പോലീസ് കേസെടുത്തിട്ടുണ്ട്. ഭന്‍വര്‍ലാലാണ് ഗെലോട്ട് സര്‍ക്കാരിനെ വീഴ്ത്താനായി ബിജെപിയുമായി ഗൂഢാലോചന നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ജനങ്ങള്‍ കോണ്‍ഗ്രസ് പ്രതിഷേധത്തെ പിന്തുണച്ച് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തയ്യാറാവണമെന്ന് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications