രാമക്ഷേത്രത്തില്‍ നിസ്‌കരിക്കാന്‍ ശ്രമം; അഹമ്മദ് ശൈഖ് കസ്റ്റഡിയില്‍, സുരക്ഷ കൂട്ടി, സംഭവം ഇങ്ങനെ
അയോധ്യയിലെ രാമക്ഷേത്രത്തില്‍ നമസ്‌കരിക്കാന്‍ ശ്രമം എന്ന് റിപ്പോര്‍ട്ട്. കശ്മീര്‍ സ്വദേശിയായ അഹമ്മദ് ശൈഖ് കസ്റ്റഡിയില്‍. 55കാരനായ ഇദ്ദേഹം രാമക്ഷേത്രത്തില്‍ എത്തിയത് വെള്ളിയാഴ്ചയാണ്. വന്‍ സുരക്ഷയാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. അഹമ്മദ് ശൈഖ് എങ്ങനെ അകത്തു വന്നു എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. സീത റസോയ് ഭാഗത്താണ് നമസ്‌കരിക്കാന്‍ ശ്രമിച്ചതത്രെ.
കശ്മീരിലെ ഷോപ്പിയാന്‍ സ്വദേശിയാണ് അഹമ്മദ് ശൈഖ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്ഷേത്രം സന്ദര്‍ശിച്ച ശേഷമാണ് ഒരു ഭാഗത്ത് നമസ്‌കരിക്കാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ വേഗത്തില്‍ തടയുകയായിരുന്നു. ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അഹമ്മദ് ശൈഖിനെ പിടികൂടിയത്. ശേഷം പോലീസിന് കൈമാറി.

ലോക്കല്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും അഹമ്മദ് ശൈഖിനെ ചോദ്യം ചെയ്യുകയാണ്. എന്തായിരുന്നു ഉദ്ദേശം, കൂടെ വേറെ ആരെങ്കിലും വന്നിട്ടുണ്ടോ, അയോധ്യയിലേക്ക് എത്തിയത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ഉദ്യോഗസ്ഥര്‍. കശുവണ്ടി, ഉണക്ക മുന്തിരി എന്നിവയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ആശങ്കയുള്ളതൊന്നും കണ്ടെത്തിയില്ല.
അജ്മീറിലേക്കുള്ള യാത്രയിലായിരുന്നു എന്നാണ് അഹമ്മദ് ശൈഖ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അയോധ്യയിലും ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി. കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. പരിശോധിനകളും നടത്തുന്നുണ്ട്. ജില്ലാ ഭരണകൂടമോ രാമക്ഷേത്ര ട്രസ്‌റ്റോ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, ഷാള്‍ വില്‍പ്പനക്കാരായ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു എന്നും വാര്‍ത്തകളുണ്ട്.
മകര സംക്രാന്തി ആഘോഷം അടുത്താഴ്ച നടക്കാനിരിക്കുകയാണ്. ഈ വേളയില്‍ കൂടുതല്‍ വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി ക്ഷേത്രത്തില്‍ എത്തുമെന്നാണ് കരുതുന്നത്. മാത്രമല്ല വിവിഐപികളുടെ സന്ദര്‍ശനവും പ്രതീക്ഷിക്കുന്നുണ്ട്. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നിട്ട് രണ്ട് വര്‍ഷം തികയുകയാണ്.












Click it and Unblock the Notifications