അയോധ്യ കേസ്: മോദിയും യോഗിയും ഭരിക്കുന്നു, സുപ്രീം കോടതിയുടെ ഉദ്ദേശം ഇതാണ്, ആറ് കാര്യങ്ങള്‍!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഏറെ കാലമായി അവസാനിക്കാതെ നില്‍ക്കുന്ന ബാബറി മസ്ജിദ്-രാമജന്‍മ ഭൂമി കേസില്‍ സുപ്രീം കോടതി മുന്നോട്ട് വച്ച നിര്‍ദേശം നിര്‍ണായകം. കേസിന്റെ രമ്യമായ പരിഹാരത്തിലേക്ക് സുപ്രീംകോടതി കടക്കുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കോടതിക്ക് പുറത്ത് കേസിലെ കക്ഷികള്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണണമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹര്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് മുന്നോട്ട് വച്ച നിര്‍ദേശം. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹരജിയിലാണ് സുപ്രീം കോടതി നിര്‍ണായകമായ ചില കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.

ഐക്യത്തോടെ തീരുമാനം എടുക്കണം

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത് മതപരമായതും വൈകാരികത നിറഞ്ഞതുമായ വിഷയമാണ്. ഇക്കാര്യത്തില്‍ കോടതിയുടെ ഉത്തരവ് കാത്തിരിക്കുന്നത് ശരിയല്ല. കോടതിക്ക് പുറത്ത് എല്ലാ വിഭാഗം ആളുകളും ഒരുമിച്ച് ഐക്യത്തോടെയുള്ള തീരുമാനം എടുക്കണം-സുപ്രീം കോടതി വ്യക്തമാക്കി.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി

ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സഞ്ജന്‍ കിഷന്‍ കൗള്‍ എന്നിവര്‍ കൂടി അടങ്ങിയ ബെഞ്ചാണ് ചൊവ്വാഴ്ച പുതിയ നിര്‍ദേശം മുന്നോട്ട് വച്ചത്. ബാബറി ഭൂമി കേസില്‍ 2010ല്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജിയിലെ ആവശ്യം.

കോടതി നിലപാടിന് കാത്തിരിക്കരുത്

ഇത് മതപരവും വൈകാരികവുമായ വിഷയമാണ്. കേസില്‍ കക്ഷികളായ എല്ലാ വിഭാഗക്കാരും ഒരുമിച്ച് മേശക്ക് ചുറ്റുമിരിക്കണം. എന്നിട്ട് ഐക്യകണ്ഠമായ തീരുമാനമെടുക്കണം. കോടതി എടുക്കുന്ന നിലപാടിന് കാത്തിരിക്കരുത്-സുപ്രീംകോടതി വ്യക്തമാക്കി.

മധ്യസ്ഥര്‍ക്കൊപ്പം വേണമെങ്കില്‍ ഞങ്ങളും ഇരിക്കാം

സമവായത്തിനുള്ള പുതിയ ശ്രമമാണ് നടത്തേണ്ടത്. ആവശ്യമാണെങ്കില്‍ ഒരു മധ്യസ്ഥനെ എല്ലാവരും ചേര്‍ന്ന് കണ്ടെത്തണം. മധ്യസ്ഥര്‍ക്കൊപ്പം നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ വേണമെങ്കില്‍ ഞങ്ങളും ഇരിക്കാം. എന്നിച്ച് ചര്‍ച്ച ആരംഭിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. മധ്യസ്ഥര്‍ക്കൊപ്പം ഇരിക്കാന്‍ ഞാന്‍ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ് ഖേഹര്‍ പറഞ്ഞു. ആവശ്യമാണെങ്കില്‍ തന്നോടൊപ്പമുള്ള രണ്ട് ജഡ്ജിമാരുടെ സഹായവും ലഭ്യമാക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

 2010ലെ ഹൈക്കോടതി വിധി ഇതാണ്

ഹൈന്ദവ സന്ന്യാസി സമൂഹമായ നിര്‍മോഹി അഖാര, ഹിന്ദു മഹാസഭ, സുന്നി വഖഫ് ബോര്‍ഡ് എന്നിവരാണ് അയോധ്യ കേസിലെ കക്ഷികള്‍. ഈ മൂന്ന് കക്ഷികള്‍ക്കും ബാബറി മസ്ജിദ് നിന്ന ഭൂമി വീതിച്ചുകൊടുക്കുകയായിരുന്നു 2010ല്‍ അലഹാബാദ് ഹൈക്കോടതി ചെയ്തത്. ഈ വിധി ചോദ്യം ചെയ്ത് നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.

ഒമ്പതുതവണ ചര്‍ച്ച നടത്തി, പരാജയപ്പെട്ടു

ചര്‍ച്ച ചെയ്തു പരിഹാരം കാണണമെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ചര്‍ച്ച നേരത്തെ നിരവധി തവണ നടത്തിയതാണ്. ഒമ്പത് തവണയെങ്കിലും മുമ്പ് സമവായ ചര്‍ച്ച നടത്തിയിരുന്നു. എന്നിട്ടും ഫലമില്ലാത്തിടത്താണ് വീണ്ടും ചര്‍ച്ച നടത്താന്‍ പറയുന്നത്.

ഇത്തവണത്തെ പ്രത്യേകത

എന്നാല്‍ ഇത്തവണ ഒരു പ്രത്യേകതയുണ്ട്. സുപ്രീം കോടതി ആദ്യമായാണ് സമവായ ചര്‍ച്ച നടത്താന്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല, ചീഫ് ജസ്റ്റിസിന്റെയും മറ്റു രണ്ട് ജഡ്ജിമാരുടെയും സഹായവും സേവനവും വേണമെങ്കില്‍ ലഭ്യമാക്കാമെന്ന സൂപ്രീം കോടതി നിര്‍ദേശവും ആദ്യമായാണ്.

മാര്‍ച്ച് 31ന് കോടതിയെ വിവരം ധരിപ്പിക്കണം

ഈ നിര്‍ദേശം സംബന്ധിച്ച് കേസിലെ എല്ലാ കക്ഷികളുമായും സംസാരിക്കാന്‍ സുപ്രീംകോടതി സുബ്രഹ്മണ്യന്‍ സ്വാമിയോട് ആവശ്യപ്പെട്ടു. എന്നിട്ട് ഈ മാസം 31ന് കോടതിയെ വിവരം ധരിപ്പിക്കണം. ചര്‍ച്ചക്കുള്ള സാധ്യതയുണ്ടോ, ആരെയൊക്കെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണം, മധ്യസ്ഥര്‍ ആര് എന്നീ കാര്യങ്ങള്‍ സുബ്രഹ്മണ്യന്‍ സ്വാമി മാര്‍ച്ച് 31ന് സുപ്രീം കോടതിയെ അറിയിക്കും.

 തങ്ങള്‍ തയ്യാറല്ലെന്നു സഫര്‍യാബ് ജീലാനി

ചര്‍ച്ചയില്‍ തീരുമാനമുണ്ടാവുമെന്ന് സുബ്ര്ഹ്മണ്യന്‍ സ്വാമി പറഞ്ഞു. എന്നാല്‍ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫര്‍യാബ് ജീലാനി കോടതിയുടെ നിരീക്ഷണത്തിലുള്ള ആശങ്ക പങ്കുവച്ചു. കോടതിയുടെ നിര്‍ദേശം സ്വാഗതം ചെയ്യുന്നു. എന്നാല്‍ കോടതിക്ക് പുറത്തുള്ള പരിഹാരത്തിന് തങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജീലാനി കാരണം വിശദീകരിക്കുന്നു

കോടതിക്ക് പുറത്തുള്ള ചര്‍ച്ചക്ക് തയ്യാറല്ലെന്ന് സഫര്‍യാബ് ജീലാനി പറയാന്‍ ഇതാണ് കാരണം. നിരവധി തവണ ഇത്തരം ശ്രമം നടത്തിയതാണ്. എന്നിട്ടും പരാജയപ്പെട്ടു. ഇനിയും കോടതിക്ക് പുറത്ത് സമവായ ശ്രമം നടത്തിയാല്‍ പരാജയപ്പെടുക തന്നെയാവും ഫലമെന്നും അദ്ദഹം കൂട്ടിചേര്‍ത്തു. കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും ബിജെപി ഭരിക്കുന്ന സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary
In his petition, BJP MP Subramanian Swamy had sought directions from the apex court to expedite the disposal of several petitions challenging the Allahabad High Court verdict of three-way division of the disputed Ram Janmabhoomi-Babri Masjid site in Ayodhya.
Please Wait while comments are loading...