ബാബാ സിദ്ദിഖി വധക്കേസ്; രാജ്യാന്തര കുറ്റവാളി അന്‍മോല്‍ ബിഷ്‌ണോയിയെ യുഎസ് നാടുകടത്തി: ഇന്ത്യയിലെത്തിക്കും
കുപ്രസിദ്ധ കുറ്റവാളിയും അധോലോക നേതാവുമായ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ രാജ്യാന്തര കുറ്റവാളി അന്‍മോല്‍ ബിഷ്‌ണോയിയെ അമേരിക്ക നാടുകടത്തി. മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരനാണ് ഇയാള്‍. ഇന്ന് രാവിലെ 10 മണിയോടെ ഇയാളെ ഡല്‍ഹിയില്‍ എത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12നാണ് ബാബാ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ കൊലപാതക കേസിനെ കുറിച്ചുള്ള അന്വേഷണത്തില്‍ അന്‍മോല്‍ ബിഷ്‌ണോയിയുടെ തിരിച്ചുവരവ് നിര്‍ണായകമായി മാറും. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അന്‍മോല്‍ അമേരിക്കയില്‍ അറസ്റ്റിലായത്. അനധികൃതമായി ആ രാജ്യത്ത് കഴിയുന്നതിനായിരുന്നു അറസ്റ്റ്. അന്‍മോല്‍ ബിഷ്‌ണോയിയെ നാടു കടത്തിയതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി സിദ്ദിഖിയുടെ കുടുംബത്തെ ഔദ്യോഗികമായി അറിയിച്ചു.

പഞ്ചാബിലെ നിന്നുള്ള അല്‍മോല്‍ വ്യാജ പസ്‌പോര്‍ട്ടിലൂടെയാണ് ഇന്ത്യന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് രാജ്യം വിട്ടത്. നേപ്പാള്‍ വഴി ഇന്ത്യ വിട്ട ഇയാള്‍ പിന്നീട് ദുബായ്, കെനിയ വഴി അമേരിക്കയില്‍ എത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നവംബറില്‍ അമേരിക്കയില്‍ വച്ച് അറസ്റ്റിലായതിനെ തുടര്‍ന്നാണ് നാടുകടത്തല്‍ നടപടികള്‍ ആരംഭിച്ചത്.
സിദ്ദിഖി വധക്കേസിന് പുറമെ, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവെയ്പ്പ്, പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകം തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളിലും അന്‍മോല്‍ ബിഷ്ണോയി പ്രതിയാണ്. 18 ക്രിമിനല്‍ കേസുകളാണ് അന്‍മോല്‍ ബിഷ്‌ണോയിക്ക് എതിരേ ഉള്ളത്.
ബിഷ്‌ണോയി ക്രൈം സിന്‍ഡിക്കേറ്റിന്റെ വിദേശത്തെ പ്രധാന കണ്ണിയായിരുന്നു അന്‍മോല്‍ എന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പ്രതിയുടെ വിദേശത്തെ സാന്നിധ്യം ഈ ക്രൈം സിന്‍ഡിക്കേറ്റിന് പശ്ചിമേഷ്യ, കിഴക്കന്‍ ആഫ്രിക്ക, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ ക്രിമിനല്‍ ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കാന്‍ സഹായിച്ചു. ഇന്ത്യയിലെത്തിയാലുടന്‍ അന്‍മോല്‍ ബിഷ്ണോയിയെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുക്കും.
ബിഷ്‌ണോയി ക്രൈം ശൃംഖലയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ ഈ അറസ്റ്റ് പ്രധാന പങ്കു വഹിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അന്‍മോല്‍ ബിഷ്ണോയിയുടെ നാടുകടത്തല്‍ വലിയൊരു നയതന്ത്ര വിജയം കൂടിയാണ്.












Click it and Unblock the Notifications