കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനിയെ വിടാതെ ബാബരി കേസ്: പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ പറ്റില്ലെന്ന് സുപ്രീം കോടതി

അദ്വാനിയെയും മറ്റു ബിജെപി നേതാക്കളെയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

  • By Ashif
Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് തിരിച്ചടി. കേസിന് വീണ്ടും ജീവന്‍ വയ്ക്കുന്നു. അദ്വാനിയെയും മറ്റു ബിജെപി നേതാക്കളെയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

പള്ളി തകര്‍ത്ത കേസില്‍ എല്‍കെ അദ്വാനിക്കും കൂട്ടുപ്രതികള്‍ക്കുമെതിരേ നിലനില്‍ക്കുന്ന കേസുകള്‍ സംബന്ധിച്ച് ഈ മാസം 22ന് കോടതി വിധി പ്രഖ്യാപിക്കും. ഗൂഡാലോചന കേസ് അദ്വാനിക്കെതിരേ നിലനില്‍ക്കുമോ എന്നതാണ് തുടരുന്ന വാദം.

കീഴ്‌കോടതി ഒഴിവാക്കി

അദ്വാനിക്കും മറ്റു ബിജെപി നേതാക്കള്‍ക്കുമെതിരായ ഗൂഡാലോചന വകുപ്പ് നിലനില്‍ക്കില്ലെന്ന് റായ്ബറേലിയിലെ വിചാരണ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ സിബിഐ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ഗൂഡാലോചന കേസ് ഒഴിവാക്കാന്‍ ആവുമോ എന്ന് ഇപ്പോള്‍ തീര്‍ത്തുപറയാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

കീഴ്‌കോടതി ചെയ്തത് ഇങ്ങനെ

അദ്വാനിക്കെതിരായ ഗൂഡാലോചന കേസ് റദ്ദാക്കിയ വിചാരണ കോടതി മറ്റു ചിലര്‍ക്കെതിരായ നടപടി തുടരാനും നിര്‍ദേശിച്ചിരുന്നു. കര്‍സേവകര്‍ക്കും ചില ഹിന്ദു സംഘടനാ നേതാക്കള്‍ക്കുമെതിരായ കേസ് തുടരാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്. അദ്വാനിക്കും കൂട്ടര്‍ക്കുമെതിരായ കേസ് കോടതി റദ്ദു ചെയ്യുകയും ചെയ്തു.

1992 ഡിസംബര്‍ ആറ്

ഇക്കാര്യം ചോദ്യം ചെയ്ത് സിബിഐ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. പള്ളി പൊളിക്കുന്നതിലേക്ക് നയിച്ച സംഭവങ്ങളില്‍ അദ്വാനിക്കും ബിജെപി നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സിബിഐ വാദം. 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് പൊളിച്ചത്. പള്ളി നിന്ന സ്ഥലത്താണ് രാമന്‍ ജനിച്ചതെന്ന് രാമജന്‍മ ഭൂമി പ്രസ്ഥാനത്തിന് വേണ്ടി വാദിച്ചിരുന്ന അദ്വാനിയും മറ്റു നേതാക്കളും പറഞ്ഞിരുന്നു.

25 വര്‍ഷം കഴിഞ്ഞിട്ടും തീരാത്ത കേസ്

സംഭവം നടന്ന് 25 വര്‍ഷമായിട്ടും ബിജെപി നേതാക്കള്‍ക്ക് കേസില്‍ നിന്നു ഒഴിയാനാവില്ലെന്ന് തെളിയിക്കുന്നതാണ് സുപ്രീംകോടതിയുടെ വാക്കുകള്‍. അദ്വാനിയെ കൂടാതെ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, കല്യാണ്‍ സിങ് തുടങ്ങിയ ബിജെപി നേതാക്കളാണ് ഗൂഡാലോചന കേസില്‍ വിചാരണ നേരിട്ടിരുന്നത്.

മാര്‍ച്ച് 22 അദ്വാനിക്ക് നിര്‍ണായകം

ഇവര്‍ക്കെതിരായ കുറ്റം കീഴ്‌കോടതി റദ്ദാക്കിയത് സുപ്രീംകോടതി പരിശോധിച്ച് വരികയാണ്. മാര്‍ച്ച് 22ന് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം സുപ്രീംകോടതി എടുക്കും. അതനുസരിച്ചാവും കേസില്‍ അദ്വാനിയുടെയും കൂട്ടരുടെയും ഭാവി നിര്‍ണയിക്കുക.

അലഹാബാദ് ഹൈക്കോടതി വിധി

അതേസമയം, ലക്‌നൗവിലെ കോടതിയില്‍ കര്‍സേവകര്‍ക്കെതിരായ കേസ് നിലനില്‍ക്കുന്നുണ്ട്. കീഴ്‌കോടതി വിധി അലഹാബാദ് ഹൈക്കോടതി ശരിവച്ചിരുന്നു. ബിജെപി നേതാക്കളെ കേസില്‍ നിന്ന് ഒഴിവാക്കിയതില്‍ കുഴപ്പമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. തുടര്‍ന്നാണ് സിബിഐ സുപ്രിംകോടതിയെ സമീപിച്ചത്.

അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാം

സാങ്കേതിക കാരണങ്ങളാല്‍ അദ്വാനിക്കും മറ്റു ബിജെപി നേതാക്കള്‍ക്കുമെതിരായ കേസ് ഒഴിവാക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സിബിഐക്ക് വേണമെങ്കില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാം. ഗൂഡാലോചന കുറ്റം ചുമത്തപ്പെട്ട 13 വ്യക്തികളുടെ പേര് ഈ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുകയും ചെയ്യാം. ശേഷം വിചാരണ കോടതിയോട് എല്ലാ കുറ്റപത്രത്തില്‍ കൂടി ഒറ്റ വിചാരണ നടത്താന്‍ ആവശ്യപ്പെടാമെന്നും സുപ്രീംകോടതി പറഞ്ഞു.

183 സാക്ഷികളെ വീണ്ടും വിളിപ്പിക്കുമോ

എന്നാല്‍ ഇക്കാര്യം അദ്വാനിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. ഗൂഡാലോച കേസ് ഉള്‍പ്പെടുത്തണമെങ്കില്‍ 183 സാക്ഷികളെ വീണ്ടും കോടതിയില്‍ വിളിച്ചുവരുത്തേണ്ടി വരുമെന്ന് അഭിഭാഷകന്‍ വാദിച്ചു.

ലക്ഷക്കണക്കിന് പ്രതികള്‍

ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് രണ്ട് തരം കേസുകളാണ് നിലനില്‍ക്കുന്നത്. ഒന്നില്‍ അദ്വാനിയും മറ്റു ബിജെപി നേതാക്കളും പ്രതികളാണ്. മറ്റു കേസിലെ പ്രതികള്‍ ലക്ഷക്കണക്കിന് വരുന്ന കര്‍സേവകരാണ്. ഇവര്‍ പള്ളിക്ക് ചുറ്റും സംഭവ സമയം കൂടി നിന്നവരാണ്.

താക്കറെയെ പ്രതിപ്പട്ടികയില്‍ നിന്നു നീക്കി

ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെ കേസില്‍ പ്രതിയായിരുന്നു. മരിച്ചതിന് ശേഷം താക്കറെയുടെ പേര് പ്രതിപ്പട്ടികയില്‍ നിന്ന് നീക്കി. രഥയാത്ര നടത്തി ബാബരി മസ്ജിദിനെതിരായ വികാരം ആളിക്കത്തിക്കുന്നതില്‍ അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍.

English summary
Senior BJP leader LK Advani and other BJP leaders may face trial in the decades-old Babri mosque demolition case, the Supreme Court indicated today. The court's order on March 22 will reveal whether or not Mr Advani, 89, and other leaders like Murli Manohar Joshi and Union Minister Uma Bharti will be on trial for conspiracy, a charge that was dropped by lower courts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X