ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് ഇഡി; മൂന്ന് ഡയറക്ടർമാർക്ക് 1.15 കോടി വീതം പിഴ
ബി ബി സി ഇന്ത്യക്ക് പിഴയിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ വിനിമയ ചട്ടം (ഫെമ) നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി 3.44 കോടി രൂപയാണ് പിഴ ഈടാക്കിയത്. കൂടാതെ 2021 ഒക്ടോബര്‍ 15 മുതല്‍ ഓരോ ദിവസവും 5000 രൂപ എന്ന കണക്കിനും പിഴ അടക്കണം. കൂടാതെ ഇക്കാലയളവിൽ ബിബിസി ഇന്ത്യയുടെ ഡയറക്ടറായിരുന്ന മൂന്ന് പേർക്ക് 1.15 കോടി വീതവും പിഴ ചുമത്തി.
ജൈൽസ് ആൻ്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കൽ ഗിബ്ബൺസ് എന്നീ ഡയറക്ടർമാർക്കെതിരെയാണ് പിഴ ചുമത്തിയത്. ഒരാൾ 1,14,82,950 രൂപയാണ് പിഴ നൽകേണ്ടത്. 2023 ലായിരുന്നു ബി ബി സി ഇന്ത്യയ്ക്കെതിരെ ഇഡി കേസെടുത്തത്. നികുതി വെട്ടിപ്പ് നടത്തിയെന്നും വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി ഫെമ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന ചട്ടം. ഇതാണ് ബി ബി സി ലംഘിച്ചതെന്നാണ് ഇഡി ആരോപണം.

നേരത്തേ ബി ബി സി ഇന്ത്യയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇത്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയെ വിമർശിക്കുന്നതായിരുന്നു ഡോക്യുമെന്ററി. അന്ന് വിഷയത്തിൽ ബി ജെ പി ബി ബി സിക്കെതിരെ രംഗത്തെത്തിയിരുന്നു. വിവാദം കനത്തതോടെ ഈ ഡോക്യുമെന്ററിക്ക് കേന്ദ്രസർക്കാർ പിന്നീട് വിലക്കേർപ്പെടുത്തുകയും ചെയ്തു. തൊട്ട് പിന്നാലെയായിരുന്നു ബി ബി സി ഓഫീസുകളിൽ ഇഡി പരിശോധന നടന്നത്. ഏകദേശം 58 മണിക്കൂറോളം നീണ്ട് നിൽക്കുന്നതായിരുന്നു റെയ്ഡ്.
അന്ന് പരിശോധയിൽ ബി ബി സിയിൽ നിന്നും ലാപ്ടോപ്പ് അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. ആദായ നികുതി നിയമങ്ങൾ പാലിക്കുന്നതിൽ ബി ബി സി ഇന്ത്യ വീഴ്ച വരുത്തിയത് സംബന്ധിച്ചുള്ള നിരവധി വിവരങ്ങൾ ലഭിച്ചുവെന്നും സ്ഥാപനത്തിന്റെ ധനവിനിമയത്തിൽ ക്രമക്കേട് ഉണ്ടെന്നുമാണ് അന്ന് ഇഡി ആരോപിച്ചത്.












Click it and Unblock the Notifications