എന്തിനാണ് മമതാ ബാനര്‍ജി ബിജെപിയെ ആക്രമിക്കുന്നത്? ഇത് തന്നെ കാരണം, കാണൂ...
കൊല്‍ക്കത്ത: ബി ജെ പിയെ ചാരി സി പി എം - കോണ്‍ഗ്രസ് സഖ്യത്തെ ആക്രമിക്കുകയാണോ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചെയ്യുന്നത്. ആണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അല്ലെങ്കില്‍ എന്തിനാണ് പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി ബി ജെ പിയെ കുറ്റം പറയുന്നത്. സംസ്ഥാനത്ത് ബി ജെ പി പിടിക്കുന്ന ഓരോ വോട്ടും മമതാ ബാനര്‍ജിക്ക് ഗുണം ചെയ്യും എന്നതാണ് വാസ്തവം.
ഇടത് - കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ഒറ്റയ്ക്ക് മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെയാണ് ബി ജെ പിയുടെ മുന്നേറ്റം സഹായിക്കുക. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഭരണവിരുദ്ധ വോട്ടുകള്‍ വിഘടിക്കും. എന്നാല്‍, സ്ഥിതിഗതികള്‍ ഇങ്ങനെയാണെന്നിരിക്കേ എന്തിനായിരിക്കും മമത ബി ജെ പിയെ ആക്രമിക്കുന്നത്. ബി ജെ പി ജയിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ്, സി പി എമ്മിനെയും കോണ്‍ഗ്രസിനെയും ഒന്ന് പേടിപ്പിച്ചുനിര്‍ത്തുകയാണോ മമത?

പോലീസിനെയും കേന്ദ്ര സേനയെയും ഉപയോഗിച്ച് ബി ജെ പി വോട്ടിങില്‍ കൃത്രിമം കാട്ടുന്നു എന്നാണ് മമതാ ബാനര്‍ജി ആരോപിക്കുന്നത്. ഈസ്റ്റ് മിഡ്‌നാപ്പൂരിലെ രണ്ട് റാലികളിലാണ് മമത ഇക്കാര്യം ആവര്‍ത്തിച്ചത്. നാഗ്രകട്ട, കാല്‍ചിനി, മാദരിഹാത്, വൈഷ്ണവ് നഗര്‍ എന്നിവിടങ്ങളിലാണ് ബി ജെ പി വോട്ട് തട്ടിയിരിക്കുന്നത്. ലോക്കല്‍ പോലീസ് ഇതില്‍ ബി ജെ പിയെ സഹായിച്ചു എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി മികച്ച പ്രകടനം നടത്തിയ രണ്ട് ജില്ലകളില്‍ വോട്ടെടുപ്പ് അഞ്ചാം തീയതിയാണ്. അതേസമയം, തങ്ങള്‍ ജയിക്കുമെന്ന് ഉറപ്പായതിനാല്‍ ആരോപണങ്ങള്‍ ഉന്നയിച്ച് പിടിച്ചുനില്‍ക്കാനാണ് മമതാ ബാനര്‍ജി ശ്രമിക്കുന്നതെന്നാണ് ബി ജെ പിയുടെ നിലപാട്. പ്രതിപക്ഷ വോട്ടുകള്‍ വിഘടിക്കുമെന്നത് മമതാ ബാനര്‍ജിയുടെ സ്വപ്‌നം മാത്രമാണ് എന്ന് സി പി എം, കോണ്‍ഗ്രസ് നേതാക്കളും പറയുന്നു.












Click it and Unblock the Notifications