പശ്ചിമ ബാംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: റീ പോളിംഗ് നാളെ; സംസ്ഥാനത്ത് കനത്ത സുരക്ഷ
കൊൽക്കത്ത: ബംഗാളിൽ നാളെ റീപോളിംഗ്. പഞ്ചയാത്ത് തിരഞ്ഞെടുപ്പിലെ സംഘർഷത്തിനെ തുടർന്ന് വോട്ടിംഗ് തടസ്സപ്പെടുകയും അസാധുവായി പ്രഖ്യാപിക്കുകയും ചെയ്ത ബൂത്തുകളിലാണ് തിങ്കളാഴ്ച റീപോളിംഗ്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പുരുലിയ, ബിർബും, ജൽപായ്ഗുഡി, നഡിയ, സൗത്ത് 24 പർഗാന എന്നീ അഞ്ച് ജില്ലകളിലെ 697 ബുത്തുകളിലാണ് റീ പോളിംഗ് നടക്കുക. ജൂലായ് എട്ടിന് നടന്ന തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായാണ് വിവരം. പല സ്ഥലത്തും ബാലറ്റ് പെട്ടികൾ തകർക്കുകയും മോഷ്ടിച്ച് കൊണ്ടുപോവുകയും ചെയ്തിരുന്നു.

ഇന്ന് വൈകുന്നരം തിരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് തടസപ്പെട്ട ഇടങ്ങളെക്കുറിച്ച് റിപ്പോർട്ട് പരിശോധിച്ചിരുന്നു. രാവിലെ എഴ് മുതൽ അഞ്ച് വരെ ആയിരിക്കും റീപോളിംഗ്.
അതേസമയം, ഭൂരിഭാഗം ബൂത്തുകളിലും കേന്ദ്ര സേനയുടെ അഭാവവും കൃത്യമായി വിന്യസിക്കാത്തത് മൂലവുമാണ് ശനിയാഴ്ച ഉണ്ടായ അക്രമത്തിന് കാരണമായി പറയപ്പെടുന്നത്. തിരഞ്ഞെടുപ്പിനായി ആവശ്യപ്പെട്ട 822 കമ്പനികളിൽ 144 എണ്ണവും ശനിയാഴ്ച പോളിങ് അവസാനിച്ചപ്പോഴേക്കും ബംഗാളിൽ എത്തിയിരുന്നില്ലെന്നും പറയുന്നു.
അതേസമയം, സംഘർം നടക്കാൻ സാധ്യത ഉള്ള പോളിംഗ് ബൂത്തുകളെ കുറിച്ച് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ആവർത്തിച്ച് ചോദിച്ചിട്ടും, പശ്ചിമ ബംഗാൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അത്തരം ബൂത്തുകളെക്കുറിച്ചുള്ള ഒരു വിവരവും കേന്ദ്ര സുരക്ഷാ സേനയ്ക്ക് നൽകിയില്ലെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ ഞായറാഴ്ച പറഞ്ഞു.
സംഘർഷത്തിന് സാധ്യത ഉള്ള പോളിംഗ് ബൂത്തുകളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് ബിഎസ്‌എഫ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിരവധി കത്തുകൾ നൽകിയിട്ടുണ്ടെന്നും എന്നാൽ ജൂൺ 7 ന് അത്തരം ബൂത്തുകളുടെ എണ്ണം മാത്രം അറിയിച്ചതല്ലാതെ ഒരു വിവരവും നൽകിയിട്ടില്ലെന്ന് ഗുലേറി യ പറഞ്ഞു.
സംഘർഷ സാധ്യതയുള്ള ബൂത്തുകളുടെ സ്ഥാനത്തെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്നും ബിഎസ്‌എഫ് ഡിഐജി എസ്എസ് ഗുലേറിയ പറഞ്ഞു. പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് ബിഎസ്എഫിനെ വിന്യസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 25 സംസ്ഥാനങ്ങളിൽ നിന്ന് സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിന്റെ (സിഎപിഎഫ്) 59,000 സൈനികരും സംസ്ഥാന സായുധ പോലീസും എത്തിയിരുന്നു. എന്നാൽ സംഘർഷത്തിന് സാധ്യത ഉള്ള പോളിംഗ് ബൂത്തുകളിൽ അവരെ വേണ്ടത്ര ഉപയോഗിച്ചില്ല," അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച പശ്ചിമ ബംഗാളിലെ 3317 ഗ്രാമപഞ്ചായത്തുകളിലേക്കും 341 പഞ്ചായത്ത് സമിതികളിലേക്കും 20 ജില്ലാ പരിഷത്തുകളിലേക്കും തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മൊത്തം 61,636 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിരുന്നുവെന്ന് ബിഎസ്എഫ് അറിയിച്ചു












Click it and Unblock the Notifications