ബെംഗളൂരു ബിസിനസ് കോറിഡോറിന്റെ ഭാവിയിൽ ആശങ്ക; ഭൂവുടമകൾ സമരത്തിന്, ഏക്കറിന് 15.6 കോടി പോരെന്ന് ഒരു വിഭാഗം
ബെംഗളൂരു: പെരിഫറൽ റിംഗ് റോഡ് (പിആർആർ) അഥവാ ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതി ബാധിച്ച കർഷകരും ഭൂവുടമകളും ജനുവരി 13-ന് ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ഓഫീസിന് മുന്നിൽ പ്രതിഷേധിക്കും. 2013-ലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസ നിയമം (ആർഎഫ്‌സിടിഎൽഎആർആർ നിയമം) പ്രകാരമുള്ള നഷ്‌ടപരിഹാരം തേടിയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഇടപെടൽ ആവശ്യപ്പെട്ടുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കർണാടക രാജ്യ റൈത്ത സംഘം പ്രതിനിധികൾ ബിഡിഎയിൽ സുതാര്യതയും നഷ്‌ടപരിഹാര നടപടികളുടെ പുനഃപരിശോധനയും ആവശ്യപ്പെട്ടു. 'വർഷങ്ങളോളം ഞങ്ങൾ ബെംഗളൂരുവിന്റെ വികസനത്തിനായി സഹകരിച്ചു. 2013-ലെ നിയമപ്രകാരം നീതിയുക്തമായ നഷ്‌ടപരിഹാരം ലഭിക്കുമെന്ന് സർക്കാരിനെ വിശ്വസിച്ചു. എന്നാൽ, മന്ത്രിസഭാ തീരുമാനത്തിലൂടെ പുതിയ നഷ്‌ടപരിഹാര പദ്ധതികൾ അംഗീകരിച്ച് സർക്കാർ 'പിൻവാതിൽ' സമീപനമാണ് സ്വീകരിക്കുന്നത്' സംഘടന ഭാരവാഹികൾ ചൂണ്ടികാണിക്കുന്നു.

2015-ൽ ഹൈക്കോടതിയിൽ 2013-ലെ നിയമപ്രകാരം നഷ്‌ടപരിഹാരം ഉറപ്പാക്കിയിട്ടും ബിഡിഎ വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് കർഷകർ ആരോപിച്ചു. പഴയ 1894-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്‌ടപരിഹാരം സ്വീകരിക്കാൻ, ക്ലാർക്കുമാർ മുതൽ ഐഎഎസ്, കെഎഎസ് ഉദ്യോഗസ്ഥർ വരെ കർഷകരെ നിർബന്ധിക്കുന്നുവെന്നാണ് ഇവരുടെ ആക്ഷേപം.
പോലീസ് അകമ്പടിയോടെയെത്തുന്ന ഉദ്യോഗസ്ഥർ ഗ്രാമങ്ങളിൽ ഭയം സൃഷ്‌ടിച്ച്, മുൻകൂട്ടി തയ്യാറാക്കിയ സമ്മതപത്രങ്ങളിൽ കർഷകരെ ഒപ്പിടാൻ നിർബന്ധിക്കുന്നുവെന്നാണ് ആക്ഷേപം. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഈ തീരുമാനം പുനഃപരിശോധിക്കണം; ഇല്ലെങ്കിൽ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു.
ജനുവരി 13-ന് ഉച്ചയ്ക്ക് 12.30-ന് ബിഡിഎ ഓഫീസിന് മുന്നിൽ തങ്ങൾ ഒത്തുകൂടുമെന്ന് പ്രക്ഷോഭകർ അറിയിച്ചു. ആവശ്യങ്ങൾ അവഗണിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്നും വ്യക്തിഗത നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതോടെ ബെംഗളൂരു ബിസിനസ് കോറിഡോർ എന്ന് പുനർ നാമകരണം ചെയ്‌ത പദ്ധതിയുടെ ഭാവി അനിശ്ചിത്വത്തിലാണ്.
നഷ്‌ടപരിഹാര ഫോർമുല ഇങ്ങനെ
ബെംഗളൂരു ബിസിനസ് കോറിഡോർ (ബിബിസി-പിആർആർ-1) പദ്ധതിക്കായി ഭൂമി വിട്ടുകൊടുക്കുന്ന ഭൂവുടമകൾക്ക് പുതിയ ഭൂമി ഏറ്റെടുക്കൽ ചട്ടക്കൂടിന്റെ തത്വങ്ങൾ അനുസരിച്ച്, തിരഞ്ഞെടുത്ത ഗ്രാമങ്ങളിൽ ഏക്കറിന് 15.60 കോടി രൂപ വരെ നഷ്‌ടപരിഹാരം ലഭിക്കുമെന്നാണ് ബിഡിഎ അറിയിച്ചിരിക്കുന്നത്. നിരവധി കർഷകർ ഈ നഷ്‌ടപരിഹാരത്തിന് ഇതിനകം സമ്മതം നൽകിയിട്ടുണ്ട്, പിന്നാലെ ബെംഗളൂരു വികസന അതോറിറ്റി ഏകദേശം 100 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെന്നാണ് വിവരം.
ബിബിസി റോഡ് കടന്നുപോകുന്ന ഗ്രാമങ്ങളിലെ ഭൂവുടമകൾക്ക് പണം, റെസിഡൻഷ്യൽ പ്ലോട്ടുകൾ, വാണിജ്യ പ്ലോട്ടുകൾ, ട്രാൻസ്‌ഫറബിൾ ഡെവലപ്‌മെന്റ് റൈറ്റ്സ് (ടിഡിആർ), അല്ലെങ്കിൽ ഫ്ലോർ ഏരിയ റേഷ്യോ (എഫ്എആർ) എന്നിവയുടെ രൂപത്തിൽ നഷ്‌ടപരിഹാരം തിരഞ്ഞെടുക്കാൻ അവസരം നൽകിയിട്ടുണ്ട്. പണമായി നഷ്‌ടപരിഹാരം തിരഞ്ഞെടുക്കുന്നവർക്ക്, നഷ്‌ടപരിഹാര തുകയുടെ ഗ്രാമ തിരിച്ചുള്ള വിശദാംശങ്ങൾ, ടിഡിആർ, എഫ്എആർ എന്നിവ ബിഡിഎ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാവി എന്താവും?
നിലവിൽ ഒട്ടേറെ കർഷകർ നഷ്‌ടപരിഹാര ഫോർമുലയ്ക്ക് സമ്മതം മൂളിയെന്ന് ബിഡിഎ അവകാശപ്പെടുമ്പോഴും നാളെ നടക്കുന്ന പ്രതിഷേധം വലിയ രീതിയിൽ പദ്ധതിയുടെ സാധ്യതകൾക്ക് മേൽ കരിനിഴൽ വീഴ്ത്തുകയാണ്. ഇതോടെ പദ്ധതിയുടെ ഭാവി എന്താവുമെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇരുപത് വർഷത്തിൽ അധികമായി അനിശ്ചിത്വത്തിൽ നിൽക്കുന്ന പദ്ധതിയെ സംബന്ധിച്ച് പുതിയ സംഭവ വികാസങ്ങൾ ആശാവഹമല്ല.












Click it and Unblock the Notifications