Bengaluru Bandh: ബെംഗളൂരു പണിമുടക്ക്: കടകളും ബേക്കറികളും നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും
ബെംഗളൂരു നഗരത്തിലെ ജനങ്ങളുടെ ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് വ്യാഴാഴ്ച മുതൽ ബേക്കറികളും ചായക്കടകളും അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു. ഗുണ്ടാപ്പിരിവും പോലീസ് ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ നിരന്തരമായ പീഡനവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ വ്യാപാര സംഘടനകളുടെ നേതൃത്വത്തിൽ കടയടപ്പ് സമരം. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിക്കു സമരം ആരംഭിക്കും.
ലക്ഷക്കണക്കിന് സാധാരണക്കാരായ ആളുകളാണ് പ്രഭാത ഭക്ഷണത്തിനും ചായയ്ക്കുമായി ഈ കടകളെ ആശ്രയിക്കുന്നത്. ദിവസവും അതിരാവിലെ ജോലിക്ക് പോകുന്ന ഐടി ജീവനക്കാർ, നിർമ്മാണ തൊഴിലാളികൾ, വിവിധ കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികൾ എന്നിവരെയെല്ലാം സമരം ബാധിക്കും. ബേക്കറി ഉൽപ്പന്നങ്ങളുടെയും പാലിന്റെയും വിതരണം തടസ്സപ്പെടുന്നത് നഗരവാസികളെ പ്രതിസന്ധിയിലാക്കും.

ബെംഗളൂരുവിലെ ചെറുകിട ബേക്കറി ഉടമകൾ വളരെക്കാലമായി നേരിടുന്ന വെല്ലുവിളിയാണ് ഗുണ്ടാസംഘങ്ങളുടെ ഭീഷണി. കടകളിൽ എത്തി സ്ഥിരമായി പണം ആവശ്യപ്പെടുന്ന 'ഹഫ്ത' സമ്പ്രദായം ഇപ്പോഴും സജീവമാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് പോലീസിൽ പലതവണ പരാതികൾ നൽകിയിട്ടും സുരക്ഷ ഉറപ്പാക്കാൻ നിയമപാലകർ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. ഇത് തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്നുവെന്ന് ഇവർ പറയുന്നു.
പോലീസുകാരുടെ ഭാഗത്തുനിന്നും പിന്തുണ ലഭിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും കടുത്ത പരിശോധനകളുടെ പേരിൽ ഉദ്യോഗസ്ഥർ ഭീതി പടർത്തുകയാണ് ചെയ്യുന്നതെന്നും ഇവർ പരാതിപ്പെടുന്നു. പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥരും കടകളെ നിരന്തരം ലക്ഷ്യമിടുകയും വിവിധ കാരണങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്യുന്നതായാണ് വ്യാപാരി സംഘടനകളുടെ ആരോപണം.
നിരവധി മലയാളികളെ സമരം ബാധിക്കും
ബേക്കറികളിലും അവയോട് അനുബന്ധിച്ചുള്ള പെട്ടിക്കടകളിലും പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള സർക്കാർ നയത്തിലെ അവ്യക്തതയാണ് മറ്റൊരു പ്രതിസന്ധി. ഇത്തരം ഉൽപ്പന്നങ്ങൾ കടകളിൽ സൂക്ഷിക്കാനും വിൽക്കാനും വ്യാപാരികൾക്ക് നിയമപരമായ അനുമതിയുണ്ടോ എന്നതിൽ യാതൊരു വ്യക്തതയുമില്ല. ഇത്തരം വ്യക്തതക്കുറവ് കാരണം പരിശോധന നടത്താൻ എത്തുന്ന പല ഉദ്യോഗസ്ഥരും വ്യാപാരികളിൽ നിന്ന് വൻ തുക പിഴ ഈടാക്കുകയും സാധനങ്ങൾ കണ്ടുകെട്ടുകയും ചെയ്യുന്നു.
ഈ വിഷയത്തിൽ സർക്കാർ എത്രയും വേഗം വ്യക്തമായ ഒരു നയം പുറപ്പെടുവിക്കണം. ഒന്നെങ്കിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപനയ്ക്കായി കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, അല്ലെങ്കിൽ സംസ്ഥാനത്തുടനീളം ഇതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി ഈ ആശയക്കുഴപ്പം അവസാനിപ്പിക്കുക എന്നതാണ് കടയുടമകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെയുള്ള മലബാർ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് മലയാളി വ്യാപാരികളാണ് ബെംഗളൂരു നഗരത്തിലെ ബേക്കറികളും ചായക്കടകളും നടത്തുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിലുണ്ടാകുന്ന ഏതൊരു സമരവും നൂറുകണക്കിന് മലയാളി കുടുംബങ്ങളുടെ ഉപജീവനത്തെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. കടകൾ അടച്ചിടേണ്ടി വരുന്നത് ഇവർക്ക് കനത്ത സാമ്പത്തിക ആഘാതമുണ്ടാക്കും.
ഇതേസമയം തന്നെ നഗരത്തിലെ പ്രധാന വിപണിയായ കെ.ആർ മാർക്കറ്റിലും കർഷകരും ചെറുകിട വ്യാപാരികളും കനത്ത പ്രതിഷേധത്തിലാണ്. മാർക്കറ്റിൽ ഏർപ്പെടുത്തിയ പുതിയ പാർക്കിംഗ് സംവിധാനം മൂലം കർഷകരുടെ ഉൽപ്പന്നങ്ങൾ കയറ്റിവരുന്ന വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെയാണ് ഇവിടെ സമരം.















Click it and Unblock the Notifications