അഖിലേഷിന്റെ തട്ടകത്തില്‍ നാളെ വോട്ടെടുപ്പ്; മൂന്നാം ഘട്ടത്തില്‍ അന്ന് ബിജെപിക്ക് 49 സീറ്റുകള്‍
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ഞായറാഴ്ച. 16 ജില്ലകളിലെ 59 മണ്ഡലങ്ങളിലല്‍ രാവിലെ ഏഴ് മുതല്‍ വൈകീട്് ആറ് വരെയാണ് പോളിങ്. എസ്പി നേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെ 627 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. 2.15 കോടി വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും.
ഹത്രാസ്, ഫിറോസാബാദ്, ഇറ്റ, കസ്ഗഞ്ച്, മെയിന്‍പുരി, ഫാറൂഖാബാദ്, കന്നൗജ്, ഇറ്റാവ, ഔറാരിയ, കാണ്‍പൂര്‍ ദേഹത്, കാണ്‍പൂര്‍ നഗര്‍, ജലാവുന്‍, ജാന്‍സി, ലളിത്പൂര്‍, ഹമിര്‍പൂര്‍, മഹോബ ജില്ലികളിലാണ് നാളെ വോട്ടെടുപ്പ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ 59 മണ്ഡലങ്ങള്‍ ബിജെപി തൂത്തുവാരിയിരുന്നു. 49 സീറ്റുകളിലാണ് അന്ന് ബിജെപി സ്ഥാനാര്‍ഥികള്‍ ജയിച്ചത്. 9 മണ്ഡലത്തില്‍ എസ്പിയും ജയിച്ചു. കോണ്‍ഗ്രസ് ഒരു സീറ്റില്‍ തൃപ്തിപ്പെട്ടെങ്കിലും ബിഎസ്പിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല.

അഖിലേഷ് യാദവ് കര്‍ഹാല്‍ മണ്ഡലത്തിലാണ് ജനവിധി തേടുന്നത്. അദ്ദേഹത്തിന്റെ എതിരാളി കേന്ദ്രമന്ത്രി സത്യപാല്‍ സിങ് ബാഗേല്‍ ആണ്. അഖിലേഷിന്റെ അമ്മാവന്‍ ശിവപാല്‍ സിങ് യാദവ് ജസ്വന്ത് നഗര്‍ സീറ്റില്‍ മല്‍സരിക്കുന്നു. എസ്പി വിട്ട് പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി (ലോഹിയ) പാര്‍ട്ടി രൂപീകരിച്ച ശിവപാല്‍ അടുത്തിടെ അഖിലേഷുമായുള്ള ഭിന്നതകള്‍ അവസാനിപ്പിച്ചിരുന്നു. ഹത്രാസിലെ സദാബാദിലാണ് ബിജെപി സ്ഥാനാര്‍ഥി രാംവീര്‍ ഉപാധ്യായ മല്‍സരിക്കുന്നത്. നേരത്തെ ബിഎസ്പിയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ബിജെപിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലുയിസ് ഖുര്‍ഷിദ് മല്‍സരിക്കുന്നത് ഫാറൂഖാബാദ് സദറിലാണ്. എസ്പിയുടെ തട്ടകമായ കന്നൗജില്‍ ബിജെപി ഇത്തവണ ഇറക്കിയിരിക്കുന്നത് മുന്‍ പോലീസ് ഓഫീസര്‍ അസിം അരുണിനെയാണ്. കൂടാതെ യോഗി സര്‍ക്കാരിലെ മന്ത്രിമാരായ സതീഷ് മഹാന, രാം നരേഷ് അഗ്നിഹോത്രി, മനോഹര്‍ ലാല്‍ മന്നു കോരി, ലഗാന്‍ സിങ് രജ്പുത്, നീലിമ കത്യാര്‍, അജിത് സിങ് പാല്‍ എന്നിവരും മൂന്നാംഘട്ടത്തിലാണ് ജനവിധി തേടുന്നത്.
അതേസമയം, കോണ്‍ഗ്രസിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രംഗത്തുവന്നു. ഇന്ത്യയുടെ മണ്ണ് ചൈനയ്ക്കും പാകിസ്താനും നല്‍കിയത് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരാണെന്ന് അദ്ദേഹം ആരോപിച്ചു. ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. പാകിസ്താന്‍ കൈയ്യടക്കിയ ഷക്‌സ്ഗാം വാലി ചൈനയ്ക്ക് കൈമാറുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്രു ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. പാകിസ്താന്‍ പിടിച്ച കശ്മീരില്‍ കാരക്കോണം ഹൈവേ നിര്‍മിക്കുമ്പോള്‍ ഇന്ദിര ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. ചൈനയും പാകിസ്താനും സംയുക്തമായി ചരക്ക് ഇടനാഴി നിര്‍മിക്കുന്ന വേളയില്‍ മന്‍മോഹന്‍ സിങായിരുന്നു പ്രധാനമന്ത്രി, മോദിയായിരുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ബിജെപി 300ലധികം സീറ്റ് നേടി അധികാരം പിടിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.












Click it and Unblock the Notifications