93 ശതമാനം ജനങ്ങളും പിന്തുണച്ചു; പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി
അമൃത്സര്‍: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ഭാഗവന്ത് മന്നായിരിക്കും ആം ആദ്മിയുടെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. ജനങ്ങള്‍ രേഖപ്പെടുത്തിയ ടെലിവോട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ഫോണിലൂടേയും വാട്‌സാപ്പിലൂടേയും വന്ന മെസേജുകള്‍ വഴി ഭാഗവന്ത് മന്നിന് 93 ശതമാനം വോട്ട് ലഭിച്ചെന്ന് അരവിന്ദ് കെജ്രിവാള്‍ അവകാശപ്പെട്ടു. മൂന്ന് ശതമാനം പേര് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന്റെ പേരാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരിലും കുറച്ച് വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ അതില്‍ കാര്യമില്ലെന്നും അപ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാഗവത് മന്നിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേര്‍ പിന്തുണച്ചത് വഴി സംസ്ഥാനത്ത് ആം ആദ്മി അധികാരത്തിലേറുമെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയ്ക്ക് പുറത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള സംസ്ഥാനമാണ് പഞ്ചാബ്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റ് നേടി മുഖ്യ പ്രതിപക്ഷമായത് ആം ആദ്മിയായിരുന്നു. 23.7 ശതമാനം വോട്ടായിരുന്നു ആം ആദ്മി നേടിയത്. അതേസമയം 2019 ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഈ പ്രകടനം കാഴ്ച വെയ്ക്കാന്‍ ആം ആദ്മിക്ക് കഴിഞ്ഞിരുന്നില്ല. 1 സീറ്റ് മാത്രമായിരുന്നു ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിരുന്നത്.

എന്നാല്‍ അടുത്തിടെ പുറത്തുവന്ന ജന്‍ കി ബാത്ത്- ഇന്ത്യ ന്യൂസ് സര്‍വ്വേ പ്രകാരം സംസ്ഥാനത്ത് ആം ആദ്മി അധികാരത്തിലേറുമെന്നാണ് പ്രവചനം. 117 അംഗ നിയമസഭയില്‍ 58 മുതല്‍ 65 സീറ്റുകള്‍ വരെ ആം ആദ്മിക്ക് ലഭിക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. എല്ലാ മേഖലകളിലും വ്യക്തമായ ആധിപത്യം സര്‍വേ ആം ആദ്മിക്ക് പ്രവചിക്കുന്നുണ്ട്. 13 മുതല്‍ 15 സീറ്റ് വര മാന്‍ജ മേഖലയിലും 36 മുതല്‍ 43 സീറ്റ് വരെ മാല്‍വ മേഘലയിലും 7-9 സീറ്റ് വരെ ദോബ് മേഖലയിലും ആം ആദ്മിയ്ക്ക് ലഭിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. ഇത് പ്രകാരം സംസ്ഥാനത്താകെ 38-39 വരെ വോട്ട് വിഹിതവും പാര്‍ട്ടിക്ക് പ്രവചിക്കുന്നുണ്ട്.

സര്‍വ്വേയില്‍ പങ്കെടുത്ത 48 ശതമാനം സ്ത്രീകളുടേയും പിന്തുണ ആം ആദ്മിക്കായിരുന്നു. ദളിത്, ജാട്ട് സമുദായങ്ങള്‍ക്കിടയിലും പാര്‍ട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രവചനം. അതേസമയം ഭരണകക്ഷിയായ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് സര്‍വ്വേയില്‍ പ്രവചിച്ചത്. 32 മുതല്‍ 40 സീറ്റുകള്‍ വരെയാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 77 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്.

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പക്ഷേ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അപ്പാടെ മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഉള്‍പ്പാര്‍ട്ടി പോരിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു. നിലവില്‍ ബി ജെ പിയുമായി സഖ്യത്തിലാണ് അമരീന്ദര്‍. ബി ജെ പി സഖ്യത്തിലായിരുന്ന ശിരോമണി അകാലിദളാകട്ടെ ഇപ്പോള്‍ ബി എസ് പി- ഇടത് പാര്‍ട്ടികളുമായിട്ടാണ് സഖ്യത്തിലുള്ളത്. കാര്‍ഷിക നിയമത്തെ ചൊല്ലിയാണ് ബി ജെ പി സഖ്യം ശിരോമണി അകാലിദള്‍ വിട്ടത്. കാര്‍ഷിക നിയമം ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന സംസ്ഥാന തെരഞ്ഞെടുപ്പായിരിക്കും പഞ്ചാബില്‍ നടക്കാന്‍ പോകുന്നത്.

അതേസമയം നേരത്തെ ഫെബ്രുവരി 14 ന് നടത്താന്‍ തീരുമാനിച്ചിരുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 20 ലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികളും സംസ്ഥാന സര്‍ക്കാരും ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തിരുമാനം. മാര്‍ച്ച് 10 നാണ് ഫലമറിയുക.












Click it and Unblock the Notifications