കാര്‍ഷിക ബില്ലിനെതിരെ ഭാരത് ബന്ദ്; കര്‍ഷകര്‍ തെരുവില്‍;10 ലധികം സംസ്ഥാനങ്ങളില്‍ ബഹുജന പ്രക്ഷോഭം
ദില്ലി: കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ദേശിയ പ്രക്ഷോഭം. പ്രതിപക്ഷത്തിന്റേയും കാര്‍ഷിക സംഘടനകളുടേയും എതിര്‍പ്പ് മറികടന്ന് പാര്‍ലമെന്റില്‍ പാസാക്കിയ വിവാദ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ചാണ് കര്‍ഷക സംഘടനകള്‍ സംയുക്തമായി ദേശിയ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വിവാദ ബില്ലിനെതിരെ തെരുവിലിറങ്ങിയ കര്‍ഷകര്‍ ശക്തമായി തന്നെ പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്. ഇന്ന് റോഡുകളും ഹൈവേയും റെയില്‍വേയും കര്‍ഷകര്‍ ഉപരോധിച്ചേക്കും. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ദില്ലി അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്.

ദേശീയ പ്രക്ഷോഭം
ഓള്‍ ഇന്ത്യാ കിസാന്‍ സംഘ് കോര്‍ഡിനേഷന്‍ കമ്മിറ്റി, ആള്‍ ഇന്ത്യാ കിസാന്‍ മഹാസംഘ്, ഭാരത് കിസാന്‍ യൂണിയന്‍ എന്നീ കര്‍ഷക സംഘടനകളാണ് ഇന്ന് ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് പുറമേ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ സംഘടനകളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

റെയില്‍ ഉപരോധം
സിഐടിയു, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ ഉള്‍പ്പെടെയുള്ള വ്യാപാര സംഘടനകളും ദേശീയ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. പഞ്ചാബില്‍ കിസാന്‍ മസ്ദൂര്‍ സംഘടര്‍ഷ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ട്രെയിന്‍ തടയല്‍ സമരം രണ്ടാം ദിവസവും തുടരുകയാണ്. സെപ്തംബര്‍ 24-26 വരെ മൂന്ന് ദിവസത്തെ റെയില്‍ ഉപരോധമാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ നടക്കുന്നത്.

കര്‍ഷക സമരം
എന്നാല്‍ കര്‍ഷക സമരം ആളി കത്തുന്ന പഞ്ചാബില്‍ പ്രതിഷേധക്കാര്‍ ക്രമസമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നിര്‍ദേശിച്ചു. കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് മുന്നറിയിപ്പ്. എന്നാല്‍ 144 ലംഘിച്ചതിന്റെ പേരില്‍ കേസ് എടുക്കില്ല. എന്‍ഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലി ദളും പഞ്ചാബില്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വ്യപാര സംഘടനകളും
ദില്ലിയില്‍ ആംആദ്മിപാര്‍ട്ടിയും കോണ്‍ഗ്രസും കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ദേശിയ പാതതടയുന്നതുള്‍പ്പെടെയുള്ള പ്രതിഷേധ നീക്കങ്ങള്‍ക്കാണ് ബികെയു ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രാദേശിക വ്യപാര സംഘടനകളും കര്‍ഷകരെ പിന്തുണക്കുന്നുണ്ട്.

ബഹുജന പ്രതിഷേധം
പശ്ചിമ ബംഗാളിലും ബഹുജന പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കും. ഇടതുപക്ഷ സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് സമരം. കര്‍ഷക തൊഴിലാളികള്‍, ഷെയര്‍ക്രോപ്പേര്‍സ്, തോട്ടം തൊഴിലാളികള്‍ എന്നിവരുടെ സ്വതന്ത്ര സംഘടനയായ പശ്ചിം ബംഗാ ഖേത് മസ്ദൂര്‍ സമിതിയും പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചു. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ കര്‍ഷക സംഘടനയായ എകെഎസ് 21 ജില്ലകളിലായി പ്രതിഷേധം നടത്തും.

കേരളത്തില്‍
കേരളത്തില്‍ സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറത്ത് പ്രതിഷേധം നടത്തും. സംഘടനകളുടെ നേതൃത്വത്തില്‍ 250 കേന്ദ്രങ്ങളിലായാണ് പ്രതിഷേധം. തമിഴ്‌നാട്ടിലും കര്‍ണാടകയിലും സംഘടനകള്‍ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.