കോൺഗ്രസിന് വീണ്ടും തിരിച്ചടി; പാർട്ടി വക്താവ് ജയ് വീർ ഷെർഗിൽ രാജിവച്ചു, നേതൃത്വത്തിന് കടുത്ത വിമര്‍ശനം
ദില്ലി: കോൺഗ്രസിന് കനത്ത തിരിച്ചടിയായി മറ്റൊരു രാജി. പഞ്ചാബിലെ കോണ്‍ഗ്രസ് വക്താവ് ജയ് വീർ ഷെർഗിൽ ആണ് രാജിവെച്ചത്. പാർട്ടിയിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് പൊതുതാത്പര്യങ്ങൾക്ക് വേണ്ടിയല്ല മറിച്ച് വ്യക്തിതാത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച രാജിക്കത്തിൽ ഷെർഗിൽ കുറ്റപ്പെടുത്തി. യാഥാർഥ്യം തിരിച്ചറിയാൻ പാർട്ടി ശ്രമിക്കുന്നില്ലെന്നും ഷെർഗിൽ കത്തിൽ പറഞ്ഞു.

കോൺഗ്രസിന്റെ നിലവിലെ തീരുമാനങ്ങൾ എടുക്കുന്നവരുടെ പ്രത്യയശാസ്ത്രവും കാഴ്ചപ്പാടും യുവാക്കളുടെയും ആധുനിക ഇന്ത്യയുടെയും അഭിലാഷങ്ങളുമായി യോജിച്ച് പോകുന്നതല്ലെന്ന് ഷെർഗിൽ ആരോപിച്ചു. തീരുമാനങ്ങൾ എടുക്കുന്നത് പൊതുസമൂഹത്തിന്റെയും രാജ്യത്തിന്റെയും താൽപ്പര്യങ്ങൾക്ക് വേണ്ടിയല്ല,മറിച്ച് അത് വ്യക്തികളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ്', ഷെർഗിൽ ആരോപിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി വാർത്താസമ്മേളനം വിളിച്ച് ചേർക്കാൻ പോലും ഷെർഗിലിനെ അനുവദിച്ചിരുന്നില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
പഞ്ചാബിൽ നിന്നുള്ള അഭിഭാഷകനാണ് ഷെർഗിൽ, യുവാക്കൾക്കിടയിലെ പ്രമുഖ നേതാവും കൂടിയാണ് അദ്ദേഹം.പാര്‍ട്ടിയുടെ ദേശിയ മീഡിയ പാനല്‍ ലിസ്റ്റിലും അംഗമായിരുന്നു. ഷെർഗിൽ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുമോയെന്ന കാര്യം വ്യക്തമല്ല.
അതേസമയം കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് രാജി സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നേതാക്കൾ പാർട്ടി സ്ഥാനം രാജിവെച്ച മൂന്നാമത്തെ സംഭവമാണിത്. നേരത്തേ മുതിർന്ന നേതാക്കളായ ആനന്ദ് ശർമ്മ, ഗുലാം നബി ആസാദ് എന്നീ നേതാക്കളായിരുന്നു രാജിവെച്ചത്. ഹിമാചൽ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനമാണ് ആനന്ദ് ശർമ്മ രാജിവെച്ചത്. ആത്മാഭിമാനം പണയപ്പെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. കോൺഗ്രസിന്റെ സുപ്രധാന തിരഞ്ഞെടുപ്പ് യോഗങ്ങളെ കുറിച്ച് പോലും തന്നെ പാർട്ടി നേതൃത്വം അറിയിക്കുന്നില്ലെന്ന് സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ ആനന്ദ് ശർമ ആരോപിച്ചിരുന്നു. രാജിവെച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ താൻ പങ്കെടുക്കുമെന്നും ആനന്ദ് ശർമ്മ പറഞ്ഞിരുന്നു.
പാർട്ടി നേതൃത്വത്തിനെതിരെ കത്തെഴുതിയ ജി-23 നേതാക്കളിൽ പ്രധാനിയാണ് ആനന്ദ് ശർമ. നേരത്തേ ജി-23 കൂട്ടായ്മയിലെ മറ്റൊരു നേതാവായ ഗുലാം നബി ആസാദും രാജിവെച്ചിരുന്നു. ജമ്മു കാശ്മീരിലെ പ്രചരണ സമിതി അധ്യക്ഷ സ്ഥാനമായിരുന്നു അദ്ദേഹം രാജിവെച്ചത്.












Click it and Unblock the Notifications