ഒരു കുടുംബം പിണങ്ങിയാല്‍ വിജയം കൈവിടും: ശ്രദ്ധേയമായി ബിഹാറിലെ ഈ 6 മണ്ഡലങ്ങള്‍
ബിഹാർ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന്‍റെ ഭാഗമായി 121 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതുകയാണ്. പ്രമുഖർ മത്സരിക്കുന്നത് ഉള്‍പ്പെടെ ശ്രദ്ധേയമായ മണ്ഡലങ്ങള്‍ ഏറെയുണ്ടെങ്കിലും ഭരണ-പ്രതിപക്ഷ സഖ്യങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് വിജയം നിശ്ചയിച്ച ഏതാനും മണ്ഡലങ്ങളിലാണ്.
2020-ലെ തിരഞ്ഞെടുപ്പിൽ 5000 വോട്ടിന് താഴെ മാർജിൻ മാത്രമുണ്ടായിരുന്ന 52 സീറ്റുകളിൽ ലാലു യാദവിന്റെ ആർ ജെ ഡി 15-ഉം, നിതീഷ് കുമാറിന്റെ ജെ ഡി യു 13-ഉം, ബി ജെ പി 9-ഉം നേടിയിരുന്നു. ഇതിൽ 12 സീറ്റുകളിളെ ഭൂരിപക്ഷം മൂന്നക്കം പോലും കടന്നിട്ടില്ലായിരുന്നു. നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച മറ്റ് മണ്ഡലങ്ങള്‍ ഇതാ..

ഹിൽസാല്‍
ഏറ്റവും ചെറിയ ഭൂരിപക്ഷം നളന്ദ ജില്ലയിലെ ഹിൽസാല്‍ മണ്ഡലത്തിലായിരുന്നു. വെറും 12 വോട്ടുകൾ മാത്രമായിരുന്നു ജെ ഡി യുവിന്‍റെ വിജയം. ജെ ഡി യുവിന്റെ കൃഷ്ണമൂർത്തി ശരൺ (61,848 വോട്ട്) ആർ ജെ ഡിയുടെ ശക്തി സിംഗ് യാദവിനെയാണ് (61,836) പരാജയപ്പെടുത്തിയത്. 2015-ല്‍ എൽ ജെ പിയുടെ ദീപിക കുമാരിയെ 26000-ത്തിലധികം വോട്ടിന് തോൽപ്പിച്ച് ശക്തി സിംഗ് ആയിരുന്നു വിജയി.
ബർബിഘ
ജെഡിയുവിന്റെ സുദർശൻ കുമാർ സ്വതന്ത്രനായ ചന്ദൻ കുമാറിനെ 113 വോട്ടിനാണ് ഇവിടെ പരാജയപ്പെടുത്തിയത്. കോൺഗ്രസിൽ നിന്ന് ജെഡിയുവിലേക്ക് മാറിയ സിറ്റിംഗ് എംഎൽഎ സുദർശൻ കുമാറിന്‍റെ പ്രധാന എതിരാളി സ്വതന്ത്ര സ്ഥാനാർത്ഥി ചന്ദൻ കുമാറായിരുന്നു. ജെ ഡി യു സീറ്റ് നിഷേധിച്ചതോടെ സുദർശൻ കുമാർ ഇത്തവണ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ജെഡിയു അദ്ദേഹത്തിനെതിരെ ഡോ. കുമാർ പുഷ്പഞ്ജയെയാണ് മത്സരിപ്പിക്കുന്നത്.
മതിഹാനി
ബെഗുസാരായി ജില്ലയിലെ മതിഹാനി നിയമസഭാ മണ്ഡലത്തിലും ലോക് ജനശക്തി പാർട്ടിയുടെ രാജ്കുമാർ സിംഗും ജെഡിയുവിന്റെ നരേന്ദ്ര കുമാർ സിംഗും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം നടന്നു. മത്സരത്തില്‍ രാജ്കുമാർ സിംഗ് 333 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും പിന്നീട് ജെ ഡി യുവിലേക്ക് മാറുകയും ചെയ്തു.
ബച്വാര
ബെഗുസാരായി ജില്ലയിലെ ബച്വാരയില്‍ സിപിഐയുടെ അവധേഷ് കുമാർ റായിയെ 484 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബി ജെ പിയുടെ സുരേന്ദ്ര മഹാത മണ്ഡലം പിടിക്കുന്നത്. ഇത്തവണ രണ്ട് സ്ഥാനാർത്ഥികളും വീണ്ടും മത്സരരംഗത്തുണ്ട്. മഹാസഖ്യത്തിന്‍റെ ഭാഗമാണെങ്കിലും 2020 ലെ മത്സരത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയ ശിവ് പ്രകാശ് ഗരീബ് ദാസിനെ കോൺഗ്രസ് ഇത്തവണയും രംഗത്തിറക്കിയിട്ടുണ്ട്.
കുർഹാനി
2020 ലെ തിരഞ്ഞെടുപ്പില്‍ 1000-ൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സീറ്റുകളിൽ മുസാഫർനഗർ ജില്ലയിലെ കുർഹാനിയും ഉൾപ്പെടുന്നു. രാഷ്ട്രീയ ജനതാദളിന്റെ അനിൽ കുമാർ സാഹ്നി ബിജെപിയുടെ കേദാർ പ്രസാദ് ഗുപ്തയെ 712 വോട്ടുകള്‍ക്കാണ് മറികടന്നത്. എന്നിരുന്നാലും, 2022-ലെ ഉപതെരഞ്ഞെടുപ്പിൽ നിർണായക വിജയത്തോടെ ഗുപ്ത മണ്ഡലം പിടിച്ചെടുത്തു. നിലവില്‍ നിതീഷ് കുമാറിന്റെ സർക്കാരിൽ പഞ്ചായത്തിരാജ് മന്ത്രിയുമാണ് അദ്ദേഹം.
ബഖ്രി
പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന മണ്ഡലമാണ് ബെഗുസാരായ് ജില്ലയിലെ ബഖ്രി. 2020-ൽ സിപിഐയുടെ സൂര്യകാന്ത് പാസ്വാൻ തന്റെ അടുത്ത എതിരാളിയായ ബിജെപിയുടെ രാംശങ്കർ പാസ്വാനെ 777 വോട്ടുകൾക്ക് പരാജയപ്പെടുത്തി..












Click it and Unblock the Notifications