ബീഹാറിലെ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്തു; നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ജെപി നദ്ദയ്ക്ക് അഭിനന്ദനം
ദില്ലി: ബീഹാറില്‍ അധികാരം നിലനിര്‍ത്തിയതിന് പിന്നാലെ ദില്ലയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയെ ഒപ്പം നിര്‍ത്തിയതിനും ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുത്തതിന് പ്രധാനമന്ത്രി ബീഹാറിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചു. വികസനത്തിനാണ് ബീഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്തനെന്ന് മോദി പറഞ്ഞു. നന്ദി പറയുന്നതിനൊപ്പം കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെയും പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. വിശദാംശങ്ങളിലേക്ക്...

നദ്ദയുടെ കഠിനാധ്വാനം
കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പ് വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നിട്ടും കൂടെ നിന്ന ജനങ്ങള്‍ക്ക് നന്ദി. ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ തികഞ്ഞ വിശ്വാസമുണ്ടെന്നും മോദി വ്യക്തമാക്കി. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കഠിനാധ്വാനം വിജയം കണ്ടെന്ന് പറഞ്ഞ മോദി അദ്ദേഹത്തെ അഭിനന്ദിച്ചു.

ഉപതിരഞ്ഞെടുപ്പുകള്‍
ഇത്തവണ സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പാണ് നടന്നത്. മണിപ്പൂരിലും ഉത്തര്‍പ്രദേശിലും ഗുജറാത്തിലും, തെലങ്കാനയിലും ബിജെപി വലിയ വിജയമാണ് ഉപതിരഞ്ഞെടുപ്പില്‍ നോടിയത്. രാജ്യത്ത് എല്ലായിടത്തും സ്വാധീനമുള്ള പാര്‍ട്ടിയായി ബിജെപി മാറിയെന്നും മോദി പറഞ്ഞു.

ലക്ഷ്യം വികസനം
ബീഹാറില്‍ ഉടന്‍ തന്നെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ തുടരും. കാട്ടുഭരണം തള്ളിയ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്തു. ബിജെപിക്കും എന്‍ഡിഎയ്ക്കും ഒരേ ഒരു അജണ്ട മാത്രമാണുള്ളതെന്നും അത് വികസനം മാത്രമാണെന്നും നിശബ്ദ വോട്ടര്‍മാരാണ് ബിജെപിയുടെ കരുത്തെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കോണ്‍ഗ്രസിന് പരിഹാസം
കോണ്‍ഗ്രസിനെതിരെ വിമര്‍ശനവും പരിഹാസവും മോദി ഉന്നയിച്ചു. കുടുംബ രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കുടുംബ രാഷ്ട്രീയത്തിന്റെ ചങ്ങലകളുണ്ട്. അവരാണ് ഇന്ന് ജനാധിപത്യത്തിന് ഭീഷണി. രാജ്യം ഭരിച്ച ഒരു ദേശീയ പാര്‍ട്ടി കുടുംബ രാഷ്ട്രീയത്തില്‍പ്പെട്ട് കിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കള്‍ക്ക് സ്വാഗതം
രാജ്യത്തെ യുവാക്കളെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അവര്‍ മുന്നോട്ട് വന്ന് ബിജെപിയിലൂടെ രാജ്യസേവയ്ക്കായി ഇറങ്ങണം. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍, നിങ്ങളുടെ തീരുമാനങ്ങള്‍ തെളിയിക്കാന്‍, നിങ്ങളുടെ കൈയില്‍ ഒരു താമര എടുക്കുക- മോദി പറഞ്ഞു.


Click it and Unblock the Notifications