ഒന്നുകിൽ ഉന്നതിയിൽ, അല്ലെങ്കിൽ തകർന്ന് തരിപ്പണം; പ്രശാന്ത് കിഷോർ അന്നേ പ്രവചിച്ചു..! ഒടുവിൽ സംപൂജ്യം
പാറ്റ്ന: ബിഹാറിൽ അന്തിമ വിധി വന്നപ്പോൾ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ പ്രവചിച്ചതുപോലെ സംഭവിച്ചു. അദ്ദേഹത്തിന്റെ ജൻ സുരാജ് പാർട്ടി ഒന്നുകിൽ ഉന്നതിയിൽ അല്ലെങ്കിൽ തകർന്ന് തരിപ്പണമാകും എന്നായിരുന്നു മാസങ്ങൾക്ക് മുൻപ് നടത്തിയ പ്രവചനം. അതിന്റെ ഇടയിൽ ഒരു സ്ഥാനം അദ്ദേഹത്തിന്റെ പാർട്ടിക്കുണ്ടായിരുന്നില്ല. ഇപ്പോൾ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ, ജൻ സുരാജിന് ഒരു സീറ്റ് പോലും നേടാനായിട്ടില്ല.
ബിഹാറിൽ വേരൂന്നിയ ജാതി രാഷ്ട്രീയത്തിന് ബദലായി തന്റെ ജൻ സുരാജ് പാർട്ടിയെ ഉയർത്തിക്കാട്ടിക്കൊണ്ട് പ്രശാന്ത് കിഷോർ മൂന്ന് വർഷത്തോളം സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ്, തന്റെ ഏറ്റവും വലിയ നേട്ടം രാഷ്ട്രീയ വ്യവഹാരങ്ങളിൽ മാറ്റം വരുത്തി എന്നതാണ്, ആർജെഡിയും ബിജെപിയും തൊഴിലുകൾ, കുടിയേറ്റം, ഭരണം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ നിർബന്ധിതരായി എന്നതാണെന്ന് പ്രശാന്ത് തന്നെ സാക്ഷ്യപ്പെടുത്തുന്നു.

പതിറ്റാണ്ടുകൾക്ക് മുമ്പ്, ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളിലൊരാളും ബഹുജൻ സമാജ് പാർട്ടിയുടെ സ്ഥാപകനുമായ കാൻഷി റാം, പ്രശാന്ത് കിഷോറിനെപ്പോലുള്ള തുടക്കക്കാർക്ക് വലിയൊരു ഉപദേശം നൽകിയിരുന്നു. ആദ്യ തിരഞ്ഞെടുപ്പ് തോൽക്കാനുള്ളതാണ്, രണ്ടാമത്തേത് തോൽവികൾക്ക് കാരണമാകാനുള്ളതാണ്, മൂന്നാമത്തേത് വിജയിക്കാനുള്ളതാണെന്നായിരുന്നു കാൻഷി റാം അന്ന് നൽകിയ ഉപദേശം.
അത് ഏറ്റെടുത്ത് കൊണ്ട് ഇനിയും അദ്ദേഹം മുന്നോട്ട് നീങ്ങുമോ എന്നത് കണ്ട് തന്നെ അറിയണം. കഴിഞ്ഞ മൂന്ന് വർഷമായി പ്രശാന്ത് കിഷോർ ബീഹാറിൽ സജീവമാണ്. 2022 ഒക്ടോബർ 2ന് ചമ്പാരനിൽ നിന്ന് അദ്ദേഹം 3000 കിലോമീറ്റർ ദൈർഘ്യമുള്ള ജൻ സുരാജ് പദയാത്ര ആരംഭിച്ചു. അദ്ദേഹത്തിന്റെ ആരാധ്യനായ മഹാത്മാ ഗാന്ധി 1917-ൽ സത്യാഗ്രഹം ആരംഭിച്ച അതേ ഇടത്തിൽ നിന്ന് തന്നെ.
തന്റെ പാർട്ടി ഒന്നുകിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുകയോ പരാജയത്തിൽ കലാശിക്കുകയോ ചെയ്യുമെന്ന് കിഷോർ പ്രവചിച്ചിരുന്നു. അത് ശരിവച്ചുകൊണ്ട് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ട് ഷെയർ ഗ്രാഫിൽ പോലും പാർട്ടി ഇടം നേടിയിട്ടില്ല. ജൻ സുരാജ് സംസ്ഥാനത്ത് കോളിളക്കം സൃഷ്‌ടിച്ചു. പ്രശാന്ത് കിഷോറിന്റെ റോഡ് ഷോകളിലും റാലികളിലും വൻ ജനക്കൂട്ടം പങ്കെടുത്തു. എന്നിട്ടും വോട്ട് മാത്രം അകന്ന് നിന്നു.
പ്രശാന്ത് കിഷോറിനും ജൻ സുരാജ് പാർട്ടിക്കും സംഭവിച്ചത് എന്ത്?
ജെഎസ്‌പി പ്രചാരണം വലിയ കോളിളക്കം സൃഷ്‌ടിച്ചെങ്കിലും ബിഹാറിലെ മറ്റ് പ്രമുഖ പാർട്ടികളെപ്പോലെ ശക്തമായ ഒരു ബൂത്ത് തല ഘടന വികസിപ്പിച്ചെടുക്കാൻ അതിന് കഴിഞ്ഞില്ല. മാത്രമല്ല ജൻ സുരാജിന് ഒരു നേതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, പ്രശാന്ത് കിഷോർ. പാർട്ടിയുടെ പ്രചാരണം ഉന്നത നിലവാരത്തിൽ തുടർന്നു, മധ്യനിര നേതാക്കളുടെ അഭാവം കൃത്യമായി പ്രചാരണത്തിൽ ഉൾപ്പെടെ പ്രകടമായിരുന്നു.
അടിസ്ഥാനപരമായി, ആളുകൾക്ക് ഒപ്രശാന്ത് കിഷോറിന്റെ പേര് മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ. പ്രശാന്ത് കിഷോറിന്റെ ആവർത്തിച്ചുള്ള സന്ദേശം, ബിഹാറിന് ഒരു പുതിയ രാഷ്ട്രീയ ബദൽ ആവശ്യമാണ് എന്നതായിരുന്നു. എന്നാൽ ഇതാവട്ടെ കേട്ടുകേട്ട മടുത്ത ഒന്നായി തുടങ്ങിയിരുന്നു. ഇതും വോട്ടർമാരെ പിന്നിലേക്ക് വലിച്ച ഘടകമായിരിക്കാം.












Click it and Unblock the Notifications