മുന്‍ഗണന ബീഹാര്‍ തിരഞ്ഞെടുപ്പിന്; ആസിയാന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുക്കില്ല: ട്രംപുമായി കൂടിക്കാഴ്ച്ചയുമില്ല
ക്വാലാലംപൂര്‍: മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കുന്ന 47-ാമത് ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്) ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടു നിന്നേക്കുമെന്ന് സൂചന. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുന്ന ഉച്ചകോടിയില്‍ മോദി പങ്കെടുക്കില്ലെന്ന വിവരം മലേഷ്യന്‍ പ്രധാനമന്ത്രിയാണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.
ഇന്ത്യയിലെ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പരിപാടികളുമായി തിരക്കായതിനാല്‍ ഉച്ചകോടിയില്‍ ഓണ്‍ലൈനായാണ് പങ്കെടുക്കുന്നതെന്ന് മോദി ഫോണില്‍ വിളിച്ച് തന്നെ അറിയിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. പ്രധാനമന്ത്രി മോദിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായും അദ്ദേഹത്തിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും ദീപാവലി ആശംസകള്‍ അര്‍പ്പിക്കുന്നുവെന്നും അന്‍വര്‍ ഇബ്രാഹിം ഫേസ്ബുക്കിലൂടെ അറിയിച്ചു.

മോദിയുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ മലേഷ്യന്‍ പ്രധാനമന്ത്രി വെളിപ്പെടുത്തി. മലേഷ്യ-ഇന്ത്യ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് തനിക്ക് ഒരു ടെലിഫോണ്‍ കോള്‍ ലഭിച്ചതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, പ്രാദേശിക സുരക്ഷ എന്നിവയിലെ അടുത്ത സഹകരണത്തിന് പുറമേ, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലും ഇന്ത്യ മലേഷ്യയ്ക്ക് സുപ്രധാന പങ്കാളിയായി തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നരേന്ദ്ര മോദിക്ക് പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഉച്ചകോടിയില്‍ നിന്ന് മോദി വിട്ടുനില്‍ക്കുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ആസിയാന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതോടെ ട്രംപുമായി നേരിട്ടുള്ള കൂടിക്കാഴ്ചയും നടക്കില്ലെന്ന് ഉറപ്പായി. ഇതോടെ ഈ വര്‍ഷം ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ഒക്ടോബര്‍ 26 മുതല്‍ 28 വരെയാണ് ആസിയാന്‍ ഉച്ചകോടി ക്വാലാലംപൂരില്‍ നടക്കുന്നത്. ട്രംപ് ഉള്‍പ്പടെ നിരവധി ആഗോള നേതാക്കളാണ് ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
മലേഷ്യയ്ക്ക് പുറമേ കമ്പോഡിയയും പ്രധാനമന്ത്രി മോദി സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മലേഷ്യയിലേക്ക് പോകാത്തതിനാല്‍ കമ്പോഡിയയിലേക്കുള്ള സന്ദര്‍ശനവും റദ്ദാക്കിയിരിക്കുകയാണ്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ചുമത്തിയ അധിക തീരുവയാണ് ഇന്ത്യ-യുഎസ് ബന്ധത്തില്‍ വലിയ ഭിന്നത ഉടലെടുക്കാന്‍ കാരണം. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കാമെന്ന് മോദി ഉറപ്പു നല്‍കിയതായി ട്രംപ് അവകാശപ്പട്ടതും അമേരിക്ക-ഇന്ത്യ ബന്ധം വീണ്ടും ഉലയാന്‍ കാരണമായി. ഈ പശ്ചാത്തലത്തിലാണ് മോദി ട്രംപുമായുള്ള കൂടിക്കാഴ്ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. അതേസമയം ഈ ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കില്ല. ഈ വര്‍ഷം അവസാനം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയുടെ ഷെഡ്യൂള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്ലന്‍ഡ്, ബ്രൂണൈ, വിയറ്റ്‌നാം, ലാവോസ്, മ്യാന്‍മര്‍, കംബോഡിയ എന്നീ 10 രാജ്യങ്ങളാണ് ആസിയാനില്‍ ഉള്‍പ്പെടുന്നത്.












Click it and Unblock the Notifications