പുഴയിലൂടെ ലക്ഷങ്ങള്‍ ഒഴുകിയെത്തി; സ്വന്തമാക്കാന്‍ നാട്ടുകാരുടെ തിക്കും തിരക്കും
ജഹനാബാദ്: പുഴയില്‍ കുളിക്കുന്നതിനിടെ അവിചാരിതമായി ഒഴുകിയെത്തിയ കറന്‍സി നോട്ടുകള്‍ സ്വന്തമാക്കാന്‍ നീന്തല്‍ വിദഗ്ധരുടെ തിക്കും തിരക്കും. ബിഹാറിലെ ജഹനാബാദില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ദാര്‍ധ പുഴയിലൂടെ ഒഴുകിയെത്തിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെ നോട്ടുകളാണ് നീന്തലറിയാവുന്ന പ്രദേശവാസികള്‍ സ്വന്തമാക്കിയത്.
തകുര്‍ബാരി, അംബേദ്കര്‍ ഘട്ട് എന്നിവിടങ്ങളില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നോട്ടുകള്‍ ഒഴുകിയെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വാര്‍ത്ത പരന്നതോടെ സ്ഥലത്ത് കൂടുതല്‍പേര്‍ എത്തി നോട്ടുകള്‍ സ്വന്തമാക്കാന്‍ തുടങ്ങി. ആരാണ് പണമൊഴുക്കിയതെന്ന നാട്ടുകാരുടെ അന്വേണത്തിനിടെ ഘട്ടിന് സമീപത്തുണ്ടായിരുന്ന ഒരാള്‍ തന്റെ ബാഗില്‍ നിന്നും നോട്ടുകള്‍ പുഴയിലെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടു.

സ്ഥലവാസികളില്‍ ആരോ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നോട്ടുകള്‍ പുഴയിലെറിഞ്ഞയാളെ കസ്റ്റഡിയിലെടുത്തു. രാധേശ്യാം ഗുപ്ത എന്നയാളാണ് കറന്‍സികള്‍ പുഴയില്‍ ഒഴുക്കിയതെന്ന് പോലീസ് പിന്നീട് പറഞ്ഞു. മാനസിക അസ്വാസ്ഥ്യം ഉടലെടുക്കുന്ന പ്രത്യേക രോഗമുള്ളയാളാണ് രാധേശ്യാം.
ജനറല്‍ സ്‌റ്റോര്‍ നടത്തിവരികയായിരുന്ന രാധേശ്യാം ഒരു സ്ഥലം വാങ്ങാനായി സൂക്ഷിച്ചതായിരുന്നു പണം. സംഭവദിവസം രാവിലെ പണവുമായി വീട്ടില്‍ നിന്നും പുറത്തിറങ്ങി നദിക്കരയിലെത്തുകയും പണം ഒഴുക്കുകയുമായിരുന്നു. മാനസികമായ അസ്വാസ്ഥ്യം വരുമ്പോള്‍ മകന്‍ ഇത്തരം അസ്വാഭാവിക പ്രവര്‍ത്തികള്‍ ചെയ്യാറുണ്ടെന്ന് ഇദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പ്രാഥമിക അന്വേഷണം നടത്തി.












Click it and Unblock the Notifications